70കാരിയുടെ കണ്ണിൽ നിന്നും നീക്കം ചെയ്തത് 23 കോൺടാക്റ്റ് ലെൻസുകൾ!
ഇത്രയും ലെൻസുകൾ എങ്ങനെയാണ് ആ സ്ത്രീയുടെ കണ്ണിൽ കുടുങ്ങിയത് എന്നായിരുന്നു പലരും ഉന്നയിച്ച ചോദ്യം
കാലിഫോർണിയ: കണ്ണിലൊരു പൊടി പോയാൽ തന്നെ സഹിക്കാൻ കഴിയാത്തവരാണ് നമ്മൾ. കലിഫോർണിയ ഐ അസോസിയേറ്റ്സ് ഒഫ്താൽമോളജിസ്റ്റ് ഡോ. കാറ്റെറിന കുർതീവ കഴിഞ്ഞ ദിവസം ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ഒരു വയോധികയുടെ കണ്ണിൽ നിന്നും കോൺടാക്ട് ലെൻസുകൾ നീക്കം ചെയ്യുന്നതായിരുന്നു ആ വീഡിയോ..ഒന്നും രണ്ടുമല്ല, 23 കോൺടാക്ട് ലെൻസുകളാണ് രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടർ നീക്കം ചെയ്തത്!
വീഡിയോ വ്യാജമാണെന്ന രീതിയിൽ പ്രചാരണം ശക്തമായതോടെ ഡോക്ടർ തന്നെ വിശദീകരണവുമായി രംഗത്തെത്തി. കണ്ണിന് അസാധാരണ വേദനയായാണ് സ്ത്രീ ഡോക്ടറെ കാണാനെത്തുന്നത്. കണ്ണിന് മങ്ങലും വേദനയുമുള്ളതിനാൽ കുറേ കാലമായി ഒരു ജോലിയും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു രോഗി. അണുബാധയോ,കോർണിയയിലെ പോറലോ,കൺപീലികയിൽ നിന്നോ മേക്കപ്പിൽ നിന്നുള്ള അവശിഷ്ടങ്ങൾ കുടുങ്ങിയതാകാമെന്നാണ് ഡോക്ടറും ആദ്യം കരുതിയത്. എന്നാൽ ആദ്യപരിശോധനയിൽ അതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല .വിശദ പരിശോധനയിലാണ് മറ്റെന്തോ വസ്തു കണ്ണിൽ കുടുങ്ങിയത് മനസിലായത്. ഡോക്ടര് വെളിപ്പെടുത്തി. തുടർന്ന് നടത്തിയ വിശദപരിശോധനയിലാണ് കോൺടാക്ട് ലെൻസുകൾ നീക്കം ചെയ്തത്. എല്ലാം നീക്കം ചെയ്തശേഷം അണുവിമുക്തമായ വെള്ളം ഉപയോഗിച്ച് കണ്ണുകഴുകി.ആന്റി-ഇൻഫ്‌ലമേറ്ററി തുള്ളികൾ ഇറ്റിച്ച് രോഗിയെ വീട്ടിലേക്ക് പറഞ്ഞയച്ചു.
കോൺടാക്ട് ലെൻസുകൾ നീക്കം ചെയ്യുന്ന വീഡിയോ ഡോക്ടർ പകർത്തുകയും അത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. അത് നിമിഷനേരം കൊണ്ട് വൈറലായി. എന്നാൽ ഇത്രയും ലെൻസുകൾ എങ്ങനെയാണ് ആ സ്ത്രീയുടെ കണ്ണിൽ കുടുങ്ങിയത് എന്നായിരുന്നു പലരും ഉയർത്തിയ ചോദ്യം. അതിനും ഡോക്ടർ മറുപടി നൽകിയിരിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി ആ സ്ത്രീ കോൺടാക്ട് ലെൻസുകൾ തുടർച്ചയായി ഉപയോഗിക്കാറുണ്ട്. ചില ദിവസങ്ങളിൽ രാത്രി കിടക്കുന്ന നേരത്ത് ലെൻസുകൾ അഴിച്ചുമാറ്റാൻ മറന്നുപോയിരിക്കാം എന്നാണ് കരുതുന്നത്. എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ രോഗിക്ക് കഴിഞ്ഞിട്ടില്ലെന്നും ഡോക്ടർ കാറ്റെറിന കുർതീവ 'ബിസിനസ് ഇൻസൈഡറിനോട്' പറഞ്ഞു.
ഒരു വ്യക്തി ദീർഘനാളുകളായി കോൺടാക്റ്റ് ലെൻസുകൾ ധരിക്കുമ്പോൾ അത് കോർണിയ നാഡിയുടെ അറ്റങ്ങളിൽ ചേർന്നിരിക്കാൻ ഇടയുണ്ട്. അതുകൊണ്ട് തന്നെ ലെൻസുകൾ കണ്ണിന് വലിയ പ്രശ്‌നമുണ്ടാക്കിയിരിക്കില്ലെന്നും അതായിരിക്കാം കാരണമെന്നും ഡോക്ടർ പറയുന്നു. ലെൻസ് നീക്കം ചെയ്യുന്ന വീഡിയോ ചിത്രീകരിച്ചത് വലിയ ഗുണമുണ്ടാക്കിയെന്നും ഇവർ പറയുന്നു. പലരും അശ്രദ്ധമായാണ് ലെൻസ് വെക്കാറുള്ളത്. കോൺടാക്ട് ലെൻസ് വെക്കുന്നവർ രാത്രി അത് അഴിച്ചുവെക്കാൻ മറക്കരുതെന്നും ഡോക്ടർ പറയുന്നു. പല രാജ്യത്തുള്ള കണ്ണുഡോക്ടർമാരും ഈ വീഡിയോ രോഗികൾക്ക് ബോധവത്കരണത്തിനായി കാണിച്ചുകൊടുക്കുന്നുണ്ടെന്നും ഡോ. കാറ്റെറിന കുർതീവ പറയുന്നു.
Adjust Story Font
16