ഡാർക്ക് ചോക്ലേറ്റ് പ്രമേഹ സാധ്യത കുറയ്ക്കുമോ? പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ മൂന്ന് ഘട്ടമായി നടത്തിയ പഠനത്തിലാണ് ഡാർക്ക് ചോക്ലേറ്റും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്
സാധാരണ ചോക്ലേറ്റ് വിഭവങ്ങളെ അപേക്ഷിച്ച് അൽപ്പം കയ്പുള്ള ഒന്നാണ് ഡാർക്ക് ചോക്ലേറ്റ്. അതിനാൽ തന്നെ മിക്കവർക്കും അത്ര പ്രിയമില്ലാത്ത ഡെസേർട്ട് കൂടിയാണിത്. എന്നാൽ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഹൃദയാരോഗ്യം മുതൽ രക്തസമ്മർദ്ദം കുറക്കുന്നത് വരെ ഡാർക്ക് ചോക്ലേറ്റിന്റെ ആരോഗ്യ ഗുണങ്ങളിൽ ഉൾപ്പെടുന്നു. ഇപ്പോഴിതാ ഡാർക്ക് ചോക്ലേറ്റ് ഉപഭോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്.
ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകർ മൂന്ന് ഘട്ടമായി നടത്തിയ പഠനത്തിലാണ് ഡാർക്ക് ചോക്ലേറ്റും ടൈപ്പ് 2 പ്രമേഹവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. അമേരിക്കയിലെ രണ്ട് ലക്ഷത്തിലധികം മുതിർന്നവരാണ് 34 വർഷം നീണ്ട പഠനത്തിന്റെ ഭാഗമായത്. പതിവായി ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്ന വ്യക്തികൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 21 ശതമാനം കുറവാണെന്നാണ് പഠനം പറയുന്നു. ആഴ്ചയിൽ അഞ്ചോ അതിലധികമോ തവണ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നവരെയാണ് പതിവായി കഴിക്കുന്നവരെന്ന് കണക്കാക്കുന്നത്. ബ്രിട്ടീഷ് മെഡിക്കൽ ജേണലിലാണ് (ബിഎംജെ) പഠനം പ്രസിദ്ധീകരിച്ചത്.
മിൽക്ക് ചോക്ലേറ്റുകളും പഠനത്തിന്റെ ഭാഗമായെങ്കിലും, ഡാർക്ക് ചോക്ലേറ്റിന്റെ ഗുണം മറ്റു ചോക്ലേറ്റുകൾക്ക് ഇല്ലെന്നാണ് പഠനത്തിലെ കണ്ടെത്തൽ. മിൽക്ക് ചോക്ലേറ്റുകൾ ധാരാളം കഴിക്കുന്നത് ഭാവിയിൽ ശരീരം ഭാരം കൂടാനുള്ള കാരണമാകുമെന്നും പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയിട്ടുണ്ട്.
"ചോക്ലേറ്റ് ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഇതൊരു ഓർമപ്പെടുത്തലാണ്. മിൽക്ക് ചോക്ലേറ്റിന് പകരം ഡാർക്ക് ചോക്ലേറ്റ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കുന്നു," പഠനത്തിലെ മുഖ്യ ഗവേഷകനും, ഹാർവാർഡ് സർവകലാശാല പോഷകാഹാര വിഭാഗത്തിലെ ഡോക്ടറൽ വിദ്യാർത്ഥിയുമായ ബിങ്കായ് ലിയു പറഞ്ഞു.
1990 മുതൽ ലോകത്താകമാനമുള്ള പ്രമേഹ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി അടുത്തിടെ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കിയിരുന്നു. 1990 മുതൽ 2022 വരെയുള്ള കാലയളവിൽ ഏകദേശം 83 കോടി പേർ പ്രമേഹബാധിതരായി എന്നാണ് കണക്കുകൾ. ഇതിൽ ഭൂരിഭാഗം പേരും ടൈപ്പ് 2 പ്രമേഹ ബാധിതനാണ്.
Adjust Story Font
16