കൈ വിരലുകളുടെ ഞൊട്ട ഒടിച്ചാൽ എല്ലുകൾ തേയുമോ?
ജോയന്റുകള്‍ ചേരുന്നിടത്തുളള സൈനോവില്‍ ഫ്‌ളൂയിഡിലെ പ്രഷര്‍ കുറയുകയും ഇത് വായു കുമിളയായി മാറുകയും ചെയ്യുന്നതാണ് ഞൊട്ടയൊടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമായി കേള്‍ക്കുന്നത്.
കൈ വിരലുകളുടെ ഞൊട്ടയൊടിക്കുന്നത് നമുക്ക് പലര്‍ക്കുമുള്ള ശീലമാണ്. വെറുതേ ഇരിക്കുമ്പോഴോ അല്ലാത്തപ്പോഴോ പലരും യാദൃശ്ചികമായി ചെയ്യുന്ന ഒന്നാണ് വിരലിന്റെ ഞൊട്ടയൊടിയ്ക്കല്‍. ചിലര്‍ക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ ടെന്‍ഷന്‍ കുറഞ്ഞു കിട്ടും. മറ്റു ചിലർ ഈ ശബ്ദം കേള്‍ക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. ഇത്തരത്തില്‍ ഞൊട്ടയൊടിയ്ക്കുമ്പോള്‍ വിരല്‍ ഒടിയും എന്ന് പറയുന്നവരുണ്ട്. സത്യത്തിൽ ഞൊട്ടയൊടിയ്ക്കുമ്പോള്‍ എല്ലിനോ വിരലിനോ ദോഷം വരുമോ? അറിയാം
ശരീരത്തിലെ വിരല്‍ ഉള്‍പ്പെടെയുള്ള ജോയന്റുകള്‍ ചേരുന്നിടത്തുളള ഒരു ഫ്‌ളൂയിഡാണ് സൈനോവില്‍ ഫ്‌ളൂയിഡ്. ഇത് ജോയന്റുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഈ ഫ്‌ളൂയിഡുകളില്‍ പല വാതകങ്ങളും അടങ്ങിയിട്ടുണ്ട്. ഞൊട്ടയൊടിയ്ക്കുമ്പോള്‍ ഫ്‌ളൂയിഡിലെ പ്രഷര്‍ കുറയുകയും ഇത് വായു കുമിളയായി മാറുകയും ചെയ്യുന്നതാണ് ഞൊട്ടയൊടിയ്ക്കുമ്പോഴുണ്ടാകുന്ന ശബ്ദമായി കേള്‍ക്കുന്നത്. ഈ കുമിള വീണ്ടും ഫ്‌ളൂയിഡിലേയ്ക്ക് അലിഞ്ഞു ചേരാന്‍ ഏതാണ്ട് 20 മിനിറ്റെടുക്കും. അതുകൊണ്ടാണ് ഇത്രയും സമയം വീണ്ടും ഞൊട്ടയൊടിച്ചാല്‍ ശബ്ദമുണ്ടാകാത്തത്. ഷോള്‍ഡറിലും കഴുത്ത് തിരിക്കുമ്പോഴുമെല്ലാം ചിലപ്പോള്‍ ഈ ശബ്ദം കേള്‍ക്കുന്നതിന്റെ കാരണം ഇത്തരം ഫ്‌ളൂയിഡ് ഉള്ളിതു കൊണ്ടാണ്.
ഇത്തരത്തിലുളള ശബ്ദം എല്ലുതേയ്മാനമുണ്ടാക്കുമോയെന്ന പേടി പലര്‍ക്കുമുണ്ട്. 50 വര്‍ഷമെടുത്ത് അമേരിക്കയിലെ ഗവേഷകനായ ഡോക്ടര്‍ ഡോണാള്‍ഡ് അംഗർ ഇതേക്കുറിച്ച് പഠനം നടത്തി. പഠനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഇടതു കയ്യില്‍ തുടര്‍ച്ചയായി ഞൊട്ടയൊടിച്ചു. 365000 തവണയാണ് അദ്ദേഹം ഇതുപോലെ ഞൊട്ടയൊടിച്ചത്. അതേ സമയം വലതു കയ്യില്‍ ഇത് ചെയ്തില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം റിപ്പോര്‍ട്ടും നല്‍കി. രണ്ടു കൈകളിലേയും എല്ലുകള്‍ ഒരേ പോലെയാണ്. അതായത് ഞൊട്ടയൊടിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു മാറ്റവും എല്ലുകള്‍ക്ക് സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ സന്ധികളിലും മറ്റും തുടര്‍ച്ചയായി കേള്‍ക്കുന്ന ചില ശബ്ദങ്ങളെ കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. ഉദാഹരണത്തിന് പടികള്‍ കയറുമ്പോള്‍ കാല്‍മുട്ടിലുണ്ടാകുന്ന ചില ശബ്ദങ്ങളും മറ്റും എല്ലു തേയ്മാനം സംഭവിയ്ക്കുന്നതിന്റെ ലക്ഷണങ്ങളായി എടുക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴുത്ത് തിരിയ്ക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദം, നട്ടെല്ലില്‍ കേള്‍ക്കുന്ന ശബ്ദം, കാല്‍മുട്ടുകളില്‍ തുര്‍ച്ചയായി കേള്‍ക്കുന്ന ശബ്ദങ്ങൾ എല്ലാം സന്ധിതേയ്മാനം സംഭവിക്കുന്നതിന്റെ സാധ്യത കൂടിയാണെന്നും പറയുന്നു.
അതേ സമയം ഞൊട്ടയൊടിയ്ക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നതിന് പകരം വേദനയുണ്ടാകുന്നുവെങ്കില്‍ ഇത് റ്യുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങളുടെ സൂചന കൂടിയാകാം. അതിനാൽ ഇങ്ങനെ ചെയ്യാതിരിയ്ക്കുന്നതാണ് നല്ലത്. ഇത്തരക്കാര്‍ ഞൊട്ടയൊടിയ്ക്കുമ്പോള്‍ വീക്കം കൂടുകയും ഇത് സന്ധികള്‍ക്ക് ദോഷം വരുത്തുകയും ചെയ്യുന്നു.
Adjust Story Font
16