കരുതലോടെ നോമ്പെടുക്കാം; ആരോഗ്യം കാക്കാം
നോമ്പുകാലത്തെ അശാസ്ത്രീയമായ ആഹാരരീതി പല രോഗങ്ങൾക്കും വഴിവച്ചേക്കാം
മനസ്സും കർമ്മവും ശുദ്ധിക്കരിക്കുന്നതിനൊപ്പം ശരീരം കൂടി ശുദ്ധീകരിക്കുക എന്ന രീതിയിലാണ് നോമ്പെടുക്കൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അടുത്ത കാലത്തെ സാമൂഹിക മാറ്റങ്ങൾ നോമ്പെടുക്കലിനെ കുറച്ചൊന്നുമല്ല പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. നോമ്പ് തുറക്കുമ്പോഴും തുറന്നതിന് ശേഷവുമുള്ള ആഹാരീതിയും ഭക്ഷണങ്ങളിൽ വന്ന മാറ്റവുമാണ് ഇതിൽ പ്രധാനം. വിലകൂടിയ ഭക്ഷണമാണ് നോമ്പുതുറയ്ക്ക് അനുയോജ്യമെന്ന അശാസ്ത്രീയ ചിന്താഗതി ആരോഗ്യപ്രശ്‌നങ്ങളെ ക്ഷണിച്ചുവരുത്തുന്നുണ്ട്.
ഒരു പരിധി വരെ ശരീരത്തിലെ കൊഴുപ്പ് കുറച്ചും ആരോഗ്യം വർധിപ്പിച്ചും നോമ്പ് ഒരു ഉപവാസ ചികിത്സാ രീതിയായി മാറാറുണ്ട്. എന്നാൽ നോമ്പ് തുറക്കുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്ന പുതിയ രീതി ഇതിന് വിരുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തെ ബാധിക്കുമെന്നും അതിന് പരിഹാരമായി നോമ്പ് തുറക്കുമ്പോൾ കഴിയുന്നത്ര അളവിൽ ഭക്ഷണം കഴിക്കണമെന്നുമാണ് പലരുടെയും ധാരണ. പ്രഭാതഭക്ഷണം മുതൽ വൈകീട്ടുള്ള ലഘുപാനീയം വരെ ഒറ്റയടിക്ക് അകത്താക്കുന്ന രീതിയാണിത്. അതാകട്ടെ എണ്ണയും കൊഴുപ്പും മസാലകളും മധുരവും വൻതോതിൽ അടങ്ങിയ ഭക്ഷണവുമാണ്.
പുലർകാലം മുതലുള്ള ഉപവാസ ശരീരശുദ്ധി ഒറ്റയടിക്ക് നഷ്ടപ്പെടുന്ന ആഹാരരീതിയാണിത്. ചില കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയാൽ നോമ്പുകാലം ആരോഗ്യപ്രദമാക്കാൻ സാധിക്കും.
ലഘുഭക്ഷണം കഴിച്ച് നോമ്പുതുറക്കാം
ഉണങ്ങിയ ഈന്തപഴവും നാരങ്ങവെള്ളവുമാണ് നമ്മുടെ നാട്ടിലെ സാധാരണ നോമ്പുതുറ വിഭവങ്ങൾ. ഉപവാസത്തിന് ശേഷം കഴിക്കാവുന്ന മികച്ച ഭക്ഷണങ്ങളിലൊന്നാണ് ഈന്തപഴം. ഈന്തപഴത്തിലെ പോഷകങ്ങൾ ശരീരത്തിന് വളരെ സുഖമമായി ആഗിരണം ചെയ്യാനും പെട്ടന്ന് വിശപ്പകറ്റാനും സാധിക്കും. പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം നാഡികളെ ഉണർത്തുകയും ക്ഷീണമില്ലാതാക്കുകയും ചെയ്യും. വലിയതോതിൽ സോഡിയവും മഗ്നീഷ്യവും അടങ്ങിയ ഫലമാണ് ഈന്തപഴം, ഇത് ശരീരത്തിലെ രക്തസമ്മർദം ആരോഗ്യകരമായ തോതിൽ നിലനിർത്തുന്നതിന് സഹായിക്കും.നോമ്പുകാലത്തെ മലബന്ധം ഇല്ലാതാക്കുന്നതിനും കുടലിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനും ഈന്തപഴത്തിലെ നാരുകൾ ഉപകാരപ്പെടും.
ലഘുഭക്ഷണമാണ് നോമ്പുതുറക്ക് ശേഷം കഴിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ, പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിവതും ആഹാരത്തിൽ ഉൾപ്പെടുത്തുക. തരിക്കഞ്ഞിയിൽ നെയ്യ് ചേർക്കുന്നത് ഒഴിവാക്കണം. ചപ്പാത്തിയും മറ്റും എണ്ണ കുറച്ചാണ് ചുട്ടെടുക്കേണ്ടത്. മത്സ്യവും മാംസവും പാകം ചെയ്യുമ്പോൾ മസാലകളും എണ്ണയും കുറയ്ക്കാൻ ശ്രദ്ധിക്കണം. ഇതുകൂടാതെ നല്ലവണ്ണം ചവച്ചരച്ചു മാത്രം ഭക്ഷണം കഴിക്കുക.
തലേദിവസത്തെ ഭക്ഷണം വേണ്ട
പുലർച്ചെയുള്ള അത്താഴത്തിന് തലേദിവസത്തെ നോമ്പുതുറ ഭക്ഷണം തന്നെ കഴിക്കുക എന്നത് പലരുടെയും ശീലമാണ്. പഴയ ഭക്ഷണം പല ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. അപ്പോൾ തയാറാക്കിയ കഞ്ഞി, പാൽ, പച്ചക്കറി വിഭവങ്ങൾ, സൂപ്പുകൾ എന്നീ ഊർജദായകമായ വിഭവങ്ങളാണ് അത്താഴത്തിന് ഉത്തമം.
ശരീരത്തിലെ ജലം ഇല്ലാതാവുമ്പോൾ
നിർജലീകരണമാണ് നോമ്പുകാലത്ത് ശരീരം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. വിയർപ്പിലൂടെയും നിശ്വാസത്തിലൂടെയും ശരീരത്തിൽ നിന്നും വൻതോതിൽ ജലാംശം നഷ്ടപ്പെടാം. ഇത് രക്തസമ്മർദം കുറയുന്നതിന് കാരണമാകാം. രോഗികൾക്ക് ഇത് ഗുരുതരമാകാൻ സാധ്യതയുണ്ട്. നോമ്പുതുറ മുതൽ അത്താഴം വരെ ധാരാളം ശുദ്ധജലം കുടിക്കുക. കോളകളും, ചായയും, കാപ്പിയും ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പച്ചക്കറികളും പഴവർഗങ്ങളും നേരിട്ടും സാലഡാക്കിയും കഴിക്കുന്നത് നിർജലീകരണം തടയും.
പ്രമേഹരോഗികളുടെ ശ്രദ്ധയ്ക്ക്
മുൻകരുതലോടെ മാത്രമേ പ്രമേഹരോഗികൾ നോമ്പ് അനുഷ്ഠിക്കാവു. നോമ്പുതുറക്കും ശേഷവും നിർബന്ധമായും പഞ്ചസാര, ശർക്കര, തേൻ മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കണം. പതിവായി കഴിക്കുന്ന മരുന്നുകൾ നോമ്പ് തുറക്ക് ശേഷം മുടങ്ങാതെ കഴിക്കാൻ ശ്രദ്ധിക്കണം. ഇൻസുലിൻ ഉപയോഗിക്കുന്നവർ ഡോസ് സമയക്രമം എന്നതിനേക്കുറിച്ച് ഡോക്ടറിനോട് ഉപദേശം തേടേണ്ടതായിട്ടുണ്ട്. പ്രമേഹരോഗികളിൽ ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വൻതോതിൽ കുറയുന്ന 'ഹൈപോ ഗ്‌ളൈസീമിയ' എന്ന അവസ്ഥ കണ്ടുവരാറുണ്ട്. ഇത് പെട്ടന്നുള്ള വിയർക്കൽ, തളർച്ച, ക്ഷീണം, ബോധക്ഷയം എന്നിവയ്ക്ക് വഴിവെച്ചേക്കാം. മരുന്നുകളുടെ അളവിലും കഴിക്കുന്ന സമയക്രമത്തിലും മാറ്റം വരുത്തുന്നതാണ് ഇതിന് പ്രതിവിധി. ഇതിനായി ഡോക്ടർമാരുടെ ഉപദേശം തേടുക. എന്തെങ്കിലും കാരണവശാൽ മേൽപറഞ്ഞ ബുദ്ധിമുട്ടുകൾ അഭിമുഖിക്കേണ്ടതായി വന്നാൽ ഉടൻ തന്നെ നോമ്പ് അവസാനിപ്പിക്കുക. നോമ്പ് തുറക്കുമ്പോൾ ഒന്നും കഴിക്കാതെ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് ക്രമാതീതമായി വർധിക്കുന്നതിന് കാരണമാകാം. ഇത് വൃക്കയുടെയും കണ്ണുകളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാം. ആയതിനാൽ രോഗികൾ നോമ്പെടുക്കുന്നതിന് മുമ്പ് നിർബന്ധമായും ഡോക്ടർമാരുടെ ഉപദേശം തേടുക.
നോമ്പ് തുറക്കുമ്പോൾ അമിതമായി കഴിക്കരുതേ..
നോമ്പുതുറ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ മോശമായി ബാധിക്കും. എണ്ണ, കൊഴുപ്പ്, മാംസം, മധുരം എന്നിവ ഒന്നിച്ചുകഴിക്കുമ്പോൾ അത് ദഹിപ്പിക്കുന്നതിന് ആമാശയം, കരൾ, പിത്തസഞ്ചി എന്നീ അവയവങ്ങൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടതായി വരും. നോമ്പ് ദിനങ്ങൾക്ക് ശേഷം പലരും അനുഭവിക്കുന്ന ദഹനക്കുറവ്, മലബന്ധം, വായപ്പുണ്, സന്ധിവേദന, ക്ഷീണം എന്നീ ആരോഗ്യപ്രശ്‌നങ്ങൾ നോമ്പുകാലത്തെ മോശം ഭക്ഷണരീതിയുടെ അനന്തരഫലമാണ്. മുപ്പത് ദിവസത്തെ അശാസ്ത്രീയമായ ഭക്ഷണരീതി പ്രമേഹം, കൊളസ്‌ട്രോൾ, അൾസർ പൈൽസ് പോലുള്ള ഗുരുതരമായ രോഗങ്ങൾക്ക് വഴിവച്ചേക്കാം.
Adjust Story Font
16