'അധികം ചിരിക്കേണ്ട നാളെ ചിലപ്പോൾ കരയും' ഇങ്ങനെ ചിന്തിക്കുന്നവരാണോ? അറിയാം ചെറോഫോബിയ
ഗ്രീക്ക് വാക്കായ ചെയ്‌റോയില്‍ നിന്നാണ് ചെറോഫോബിയയുടെ ഉത്ഭവം
പ്രതീകാത്മക ചിത്രം
'അധികം ചിരിക്കേണ്ട നാളെ ചിലപ്പോൾ കരയേണ്ടി വരും' എന്ന് പലരും ഇടയ്ക്ക് പറയുന്നത് കേൾക്കാറില്ലേ. അങ്ങനെ പറയുന്ന ഈ വാക്കുകള്‍ക്ക് പിന്നില്‍ ഒരു മനശാസ്ത്രമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സന്തോഷത്തെ ഭയക്കുക അഥവാ ചെറോഫോബിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇത്തരക്കാര്‍ ജീവിതത്തിൽ സന്തോഷമുണ്ടാകുന്ന നിമിഷങ്ങളെ ഭയത്തോടെയാകും സമീപിക്കുക.
ഗ്രീക്ക് വാക്കായ ചെയ്‌റോയില്‍ നിന്നാണ് ചെറോഫോബിയയുടെ ഉത്ഭവം. 'ഞാന്‍ സന്തോഷിക്കുന്നു' എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇത്തരക്കാര്‍ക്ക് ജീവിതത്തില്‍ എന്തെങ്കിലും തരത്തിൽ സന്തോഷമുണ്ടാകുമ്പോള്‍ പിന്നാലെ ഒരു മോശമായ കാര്യം സംഭവിക്കുമെന്ന അനാവശ്യ ഭയവും ഉത്കണ്ഠയും ഉണ്ടായിരിക്കും. നേരത്തെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങളില്‍ നിന്നോ കുട്ടിക്കാലത്തെ എന്തെങ്കിലും സംഭവങ്ങളുമായി ബന്ധപ്പെട്ടതോ ആയിരിക്കാം ഈ പേടി. ചെറുപ്പത്തിൽ വളരെ സന്തോഷിച്ചിരിക്കുന്ന സമയത്ത് വന്ന എന്തെങ്കിലും ദുരന്തങ്ങള്‍ ചെറോഫോബിയയിലേക്ക് നയിച്ചേക്കാം. പിന്നീട് എന്തെങ്കിലും സന്തോഷിക്കാനുള്ള സമയത്ത് പഴയ ഓർമ്മകൾ വരികയും പുറകേ എന്തോ മോശം വരാനിരിക്കുന്നു എന്നും ചെറോഫോബിയക്കാര്‍ വിശ്വസിക്കും.
ചെറോഫോബിയയുടെ ലക്ഷണങ്ങള്‍
സന്തോഷിക്കാന്‍ വകയുള്ള എന്തെങ്കിലും നടന്നാല്‍ അതില്‍ പശ്ചാത്തപിക്കുകയും തനിക്ക് ഇതിനുള്ള അര്‍ഹതയില്ലെന്ന് ചിന്തിക്കുകയും ചെയ്യുക
സന്തോഷവും ആഹ്ലാദവും ഉണ്ടാവാൻ ഇടയുളള നിമിഷങ്ങളില്‍ എന്തെങ്കിലും നെഗറ്റീവായി സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുക.
സന്തോഷിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് അകന്ന് മാറി നിൽക്കുക
പോസിറ്റീവായ വികാരം പ്രകടിപ്പിച്ചാല്‍ അടുത്ത നിമിഷം സങ്കടം വരുമോ എന്ന തോന്നല്‍
സന്തോഷം പ്രകടിപ്പിച്ചാല്‍ സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുമോ എന്ന ഭയം.
സന്തോഷം നല്‍കുന്ന എന്തെങ്കിലും കാര്യം ചെയ്താല്‍ താന്‍ സ്വാര്‍ത്ഥയാണെന്ന് മറ്റുള്ളവര്‍ വിചാരിക്കുമോ അങ്ങനെ മുദ്രകുത്തുമോ എന്ന പേടി.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ അനുഭവപ്പെടുകയോ ചെയ്താല്‍ മനശാസ്ത്ര വിദഗ്ധരുമായി ബന്ധപ്പെട്ട് ആവശ്യമായ ചികിത്സ തേടണം. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി വഴി ഇത്തരം ഫോബിയകളെ ഒരു പരിധി വരെ മറികടക്കാൻ ആവും
Adjust Story Font
16