Quantcast

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല; ഇതാണ് രഹസ്യങ്ങൾ

ചിലരുടെ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്നു പറയുന്നവരില്ലേ? അതിനു പിന്നിലെ രഹസ്യമെന്താണ്. നമ്മുടെ വീട്ടു പരിസരങ്ങളിൽ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട്

MediaOne Logo

abs

  • Updated:

    2022-01-23 06:52:55.0

Published:

23 Jan 2022 6:49 AM GMT

ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല; ഇതാണ് രഹസ്യങ്ങൾ
X

സൗന്ദര്യ-ഫാഷൻ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്കണ്ഠകളിൽ ഒന്നാണ് എയ്ജിങ് അല്ലെങ്കിൽ ശരീരത്തിൽ ചുളിവുവീഴൽ. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ വില കൂടിയ ശസ്ത്രക്രിയ മുതൽ നാട്ടുവൈദ്യം വരെ പയറ്റുന്ന സെലിബ്രിറ്റികൾ ധാരാളം. ആന്റി എയ്ജിങ് ചികിത്സകൾക്ക് മാത്രം പേരു കേട്ട ആശുപത്രികൾ വിദേശത്തുണ്ട്. വിപണിയിൽ ഉത്പന്നങ്ങളും ധാരാളം.

ഓടിപ്പോയി അത്തരം ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കണം. പ്രധാന കാരണം പാർശ്വഫലം തന്നെ. വിപരീത ഫലം ഉണ്ടാക്കുന്ന ഉത്പന്നത്തിലാണ് കൈവച്ചതെങ്കിൽ ജീവിതകാലം ദുഃഖിക്കേണ്ടി വരും. ആന്റി എയ്ജിങ് പദ്ധതികളെല്ലാം ഒരളവു വരെ മാത്രമേ ഫലപ്രദമാകൂ എന്ന് ഡെർമറ്റോളജിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

ഇങ്ങനെയൊക്കെ ആയാലും ചിലരുടെ ചർമ്മം കണ്ടാൽ പ്രായം തോന്നില്ല എന്നു പറയുന്നവരില്ലേ? അതിനു പിന്നിലെ രഹസ്യമെന്താണ്. നമ്മുടെ വീട്ടു പരിസരങ്ങളിൽ തന്നെ ഇതിനുള്ള പരിഹാരം ഉണ്ട് എന്നതാണ് കൗതുകകരം. പരിശോധിക്കാം;

കൂൺ

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒന്നാണ് മഷ്‌റൂം അല്ലെങ്കിൽ കൂൺ. ആന്റി ഓക്‌സിഡന്റുകളുടെ (ഇതര തന്മാത്രകളുടെ ഓക്‌സീകരണത്തെ തടയുന്ന തന്മാത്രകൾ) സമ്പന്ന ഉറവിടമാണ് കൂണുകൾ. പ്രോട്ടീനും അമിനോ ആസിഡുകളും ധാരാളമായി കൂണിൽ അടങ്ങിയിരിക്കുന്നു.


ചർമ്മത്തിന് പ്രായമാകുന്നത് തടയുന്നതിൽ ആന്റി ഓക്‌സിഡന്റുകൾക്ക് നിർണായക സ്ഥാനമുണ്ട്. കൊളസ്‌ട്രോൾ കുറയ്ക്കാനും പ്രമേഹം ഇല്ലാതാക്കാനും കൂൺ ഉത്തമമാണ്. കൊഴുപ്പോ കാർബോ ഹൈഡ്രൈറ്റോ ഇല്ലാത്തതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

മുന്തിരി

ആന്റി ഓക്‌സിൻഡുകളുടെ കലവറയാണ് മുന്തിരി. സൂര്യപ്രകാശം കൊണ്ട് തൊലിപ്പുറത്തുണ്ടാകുന്ന കേടുപാടുകൾക്ക് മുന്തിരിയിലൂടെ ഉത്തമപരിഹാരം സാധ്യമാണ്. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയുടെ ആന്റി ഓക്‌സൈഡ് ഘടകങ്ങൾക്ക് രക്തക്കുഴലുകളെ ആയാസരഹിതമാക്കി രക്തചംക്രമണം സുഗമമാക്കാനുള്ള കഴിവുണ്ട്. ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്ക്കാനും മുന്തിരി സഹായകരമാണ്.


ജലാംശം കൂടുതലുള്ളതു കൊണ്ടു തന്നെ ഡയറ്റിൽ ഇവ ഉൾപ്പെടുത്തുന്നത് മലബന്ധം കുറയ്ക്കാൻ സഹായിക്കും. മുഖക്കുരു കുറയ്ക്കാനും ചർമ്മം തിളങ്ങാനും ദിനംപ്രതി മുന്തിരി ശീലമാക്കാം.

ഗ്രീൻ ടീ സത്ത്

ഗ്രീൻ ടീയുടെ സത്താണ് മറ്റൊരൗഷധം. വിപണിയിൽ പൗഡറായും ദ്രവരൂപത്തിലും ക്യാപ്‌സൂളായും ഇവ ലഭ്യമാണ്. ഒരു കപ്പ് ഗ്രീൻ ടീയിലുള്ള അത്രയും ഘടകങ്ങൾ ഈ ക്യാപ്‌സൂളിൽ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീയിലെ കാറ്റെച്ചിൻ എന്ന ആന്റി ഓക്‌സിഡന്റിന് ശരീരത്തിലെ ഡിഎൻഎയുടെ നാശത്തിന് കാരണമാകുന്ന ധാതുക്കൾ ഇല്ലാതാക്കാനാകും. ഇജിസിജി, വിറ്റാമിൻ സി, വിറ്റാമിൻ ബി2, വിറ്റാമിൽ ഇ എന്നിങ്ങനെയുള്ള ആന്റി ഓക്‌സിഡന്റുകളും ഇതിലുണ്ട്.


പ്രമേഹം, പക്ഷാഘാതം, മറവിരോഗം, അർബുദം തുടങ്ങിയയെ ചെറുക്കാൻ ഗ്രീൻ ടീയിൽ അടങ്ങിയ ആന്റി ഓക്‌സിഡന്റുകൾക്കാകും. കഫീൻ കൂടുതൽ അടങ്ങിയ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാനും സഹായകരമാണ്.

ഓട്‌സ്, ഫെറുലിക് ആസിഡ്

ഓട്‌സ്, അരി, വഴുതന, ഉമി എന്നിവ കൃത്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. അൾട്രാ വയറ്റ് രശ്മിയിൽ നിന്ന് ചർമത്തെ സംരക്ഷിക്കാനുതകുന്ന ഫെറുലിക്, അലൻടോയിൻ ആസിഡുകളാൽ സമ്പന്നമാണ് അരി. ഓട്‌സിൽ വൈറ്റമിനുകളും മിനറലുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമുണ്ട്.



ഇരട്ടിമധുരം

സാധാരണഗതിയില്‍ സ്വരം നന്നാവാനാണ് മലയാളികൾ ഇരട്ടിമധുരം കഴിക്കുന്നത്. ഒച്ചടയപ്പ്, തൊണ്ടവേദന, സ്വരശുദ്ധി എന്നിവയ്‌ക്കെല്ലാം ഉത്തമമാണ് ഇരട്ടിമധുരം. ധാരാളം ആന്റി ഓക്‌സിഡന്റുകളും ഈ ഔഷധ സസ്യത്തിൽ അടങ്ങിയിട്ടുണ്ട്. ത്വക്കിലെ അധിക മെലാനിനെ ഇവ നീക്കം ചെയ്യുകയും ശരീരത്തിലെ എണ്ണയെ നിയന്ത്രിക്കുകയും ചെയ്യുന്നു.


ഇതെല്ലാം നമുക്കിഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാം എന്നു കരുതരുത്. ഒരു മെഡിക്കൽ വിദഗ്ധന്റെ നിർദേശങ്ങൾക്ക് അനുസൃതമായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്.

TAGS :
Next Story