ഈ സമയങ്ങളിൽ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കാം...
ജ്യൂസുകള്‍ വെറും വയറ്റിൽ കുടിക്കുമ്പോൾ അസിഡിറ്റിക്കും മറ്റ് ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും
വേനൽക്കാലമെത്തി..ക്ഷീണം തീർക്കാനും ശരീരത്തിന് ഉന്മേഷം നൽകാനും ജ്യൂസുകൾ ഏറെ സഹായകരമാണ്. എന്നാൽ പഴങ്ങളുടെ ജ്യൂസ് കുടിക്കുന്നതിനും സമയമുണ്ട്. ചില സമയങ്ങളിൽ ജ്യൂസ് കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത്തരത്തിൽ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കേണ്ട നാല് സന്ദർഭങ്ങൾ ഇതാ...
ഉറക്കമുണർന്ന ഉടൻ
എല്ലാ ദിവസം ആരോഗ്യകരമായ രീതിയിൽ ആരംഭിക്കാനാണ് നാം ഇഷ്ടപ്പെടുന്നത്. കഫീൻ അടങ്ങിയ കാപ്പിയോ ചായയോ കുടിക്കുന്നതിനേക്കാൾ നല്ലത് ജ്യൂസായിരിക്കുമെന്ന് ചിന്തിക്കുന്നുണ്ടോ..എന്നാൽ അത് തെറ്റാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ ആമാശയത്തിൽ സ്വാഭാവികമായും അസിഡിറ്റിയുണ്ടാകും. വെറും വയറ്റിൽ ജ്യൂസ് കുടിക്കുന്നത് പാൻക്രിയാസിനെ ബാധിക്കുമെന്ന് പോഷകാഹാര വിദഗ്ധൻ ഡോ. രൂപാലി ദത്ത പറയുന്നു. ഓറഞ്ച്, മധുര നാരങ്ങ പോലുള്ള സിട്രസ് ആസിഡ് അടങ്ങിയ പഴങ്ങളുടെ ജ്യൂസുകള്‍ വെറും വയറ്റിൽ കഴിക്കുമ്പോൾ അസിഡിറ്റിക്കും മറ്റ് ദഹന പ്രശ്‌നങ്ങൾക്കും കാരണമാകും.
ജിമ്മില്‍ പോകുന്നതിന് തൊട്ടുമുമ്പും വ്യായമത്തിന് ശേഷവും
വ്യായാമത്തിന് പോകുന്നതിന് തൊട്ടുമുമ്പ് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ഇത് വയറുവേദനക്കും മറ്റ് അസ്വസ്ഥതക്കും കാരണമാകും. എപ്പോഴും വ്യായാമത്തിന് ഒരു മണിക്കൂർ മുമ്പ് ജ്യൂസ് കുടിക്കാൻ ശ്രദ്ധിക്കുക. വ്യായാമം കഴിഞ്ഞാണെങ്കിൽ 20-30 മിനിറ്റ് വിശ്രമിച്ച കുടിക്കുന്നതാണ് നല്ലത്.
വിമാനത്തിൽ കയറുന്നതിന് മുമ്പ്
വിമാനത്തിൽ യാത്ര ചെയ്യുന്നവർ ജ്യൂസ് കുടിക്കുമ്പോൾ ശ്രദ്ധിക്കണം. വിമാനം പറന്നുയരുന്നതിന് തൊട്ടമുമ്പ് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കാം. ജ്യൂസിലെ ഉയർന്ന അളവിലുള്ള പഞ്ചസാര ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകും.യാത്രയിലുടനീളം നിങ്ങളുടെ വയറിന് അസ്വസ്ഥത ഉണ്ടാക്കാനും ഇതു കാരണമാകും.
ഉറങ്ങുന്നതിന് തൊട്ടു മുമ്പ്
ജ്യൂസിൽ അടങ്ങിയ ഫ്രക്ടോസ് ഇൻസുലിൻ അളവ് ബാധിക്കുന്നു, ഇത് ശരീരഭാരം വർധിപ്പിക്കും. പതിവായി ജ്യൂസ് കുടിക്കുന്നത് 'മെറ്റബോളിക് സിൻഡ്രോം, പൊണ്ണത്തടി എന്നിവക്ക് കാരണമാകുമെന്ന് പോഷകാഹാര വിദഗ്ധൻ ലോവ്‌നീത് ബത്ര പറയുന്നു. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ജ്യൂസ് കുടിക്കുന്നത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. ചിലർക്ക് വയറു വീർക്കലും നെഞ്ചെരിച്ചിലും അനുഭവപ്പെടാം. അതുകൊണ്ട് ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കാം.
Adjust Story Font
16