ഒമിക്രോണിനെ തടയാൻ തുണി മാസ്‌കുകൾക്കാവില്ലെന്ന് ആരോഗ്യ വിദഗ്ധർ
ഗുണമേന്മയേറിയ മാസ്‌കുകൾ കൊറോണ വൈറസിൽ നിന്ന് മാത്രമല്ല, വായുമലിനീകരണത്തിൽ നിന്നു കൂടി സംരക്ഷണം നൽകുന്നതാണ്
ഒമിക്രോൺ പോലെ അതിവ്യാപന ശേഷിയുള്ള വൈറസിനെ തടുക്കാൻ തുണി മാസ്‌കുകൾക്ക് സാധിക്കില്ലെന്ന് പകർച്ചവ്യാധി വിദഗ്ധർ. കോവിഡിന്റെ വകഭേദമായ ഒമിക്രോൺ രാജ്യത്താകമാനം പിടി മുറുക്കിയ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. കോവിഡ് കേസുകൾ കുതിച്ചുയർന്നുകൊണ്ടിരിക്കുമ്പോഴും ഒരുകൂട്ടമാളുകൾ മാസ്‌ക് കൃത്യമായി ധരിക്കുകയോ മറ്റ് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നതാണ് സത്യം. ഒമിക്രോണിനെ തടുക്കാൻ എൻ 95 മാസ്‌കുകളോ മൂന്ന് പാളികളുള്ള സർജിക്കൽ മാസ്‌കുകളോ ധരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പൊതുജനങ്ങളോട് ആവശ്യപ്പെടുന്നത്.
വായുവിൽ പടരുന്ന പൊടി പടലങ്ങളെയും മറ്റു കണികകളെയും എൻ 95 റെസ്പിറേറ്റർ മാസ്‌കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു. പലപ്പോഴും ആരോഗ്യ വിദഗ്ധരും മറ്റു ആരോഗ്യ പ്രവർത്തകരുമാണ് ഇത്തരം മാസ്‌ക്ക് ധരിക്കാറുള്ളത്. എൻ 95 മാസ്‌കുകളെ അപേക്ഷിച്ച് സർജിക്കൽ മാസ്‌ക് അൽപ്പം അയഞ്ഞതാണെങ്കിലും അവ തുണി് മാസ്‌കുകളേക്കാൾ മെച്ചപ്പെട്ട രീതിയിൽ അണുവാഹകരായ കണികകളെ തടയും.
വായുവിൽ തങ്ങി നിൽക്കുന്ന കൊറോണ വൈറസ് കണികകളൈ തടുക്കാൻ തുണി മാസ്‌കുകൾക്കാവില്ലെന്ന പ്രസ്താവന നടത്തിയത് ജോർജ് വാഷിംഗ്ടൺ സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് പ്രഫസറായ ലിയാന വെന്നാണ്. സർജിക്കൽ മാസ്‌കിനു മീതെ ഒരു തുണി മാസ്‌ക് കൂടി ധരിക്കുന്ന രീതി അധിക സംരക്ഷണം നൽകുമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നവർ എൻ 95, കെഎൻ 95 കെഎഫ് 95, കെഎഫ് 94 പോലുള്ള മാസ്‌കുകൾ കരുതുന്നത് ഉചിതമാണെന്നും അവർ അഭിപ്രായപ്പെട്ടു. ഗുണമേന്മയേറിയ മാസ്‌കുകൾ കൊറോണ വൈറസിൽ നിന്ന് മാത്രമല്ല, വായുമലിനീകരണത്തിൽ നിന്നു കൂടി സംരക്ഷണം നൽകുന്നതാണ്.
Adjust Story Font
16