നോമ്പുകാലത്തെ ആരോഗ്യപരിചരണം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഭക്ഷണ കാര്യത്തിൽ കൃത്യതയും നിയന്ത്രണവും പാലിക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യത്തിന് വിശ്രമവും ഉറക്കവും വ്രതവേളയിൽ നാം ഉറപ്പാക്കിയേ തീരൂ.
ഒടുവിൽ വ്രതപുണ്യത്തിന്റെ നാളുകൾ സമാഗതമായിരിക്കുന്നു. ആത്മീയ ഉണർവ് മാത്രമല്ല, ആരോഗ്യദായക ജീവിതം സാക്ഷാത്കരിക്കാനും ഉപവാസത്തിലൂടെ സാധിക്കും. എന്നാൽ, സ്ഥിരം ജീവിതക്രമത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം പ്രായമായവരെയും രോഗികളെയും സ്ഥിരമായി മരുന്നുകൾ ഉപയോഗിക്കുന്നവരെയും ആശങ്കാകുലരാക്കുന്നുണ്ട്. ഇക്കൂട്ടർ ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. ആവശ്യത്തിന് വിശ്രമവും ഉറക്കവും വ്രതവേളയിൽ നാം ഉറപ്പാക്കിയേ തീരൂ.
രോഗികൾ ശ്രദ്ധിക്കേണ്ടത്
ആരോഗ്യ പ്രശ്നങ്ങളുള്ള വയോജനങ്ങളും മരുന്ന് കഴിക്കുന്നവരും നോമ്പിന് മുമ്പായിത്തന്നെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെട്ട് നോമ്പനുഷ്ഠിക്കാനുള്ള ആരോഗ്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവരും ഹൃദയ സംബന്ധമോ വൃക്ക സംബന്ധമോ ആയ ഗൗരവമുള്ള രോഗങ്ങളുള്ളവരും. നോമ്പെടുക്കുമ്പോൾ മരുന്നുകൾ കഴിക്കേണ്ട രീതിയെക്കുറിച്ചും വ്യക്തത വരുത്തണം. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ നിർത്തിവെക്കുകയോ, അളവുകളിലും കഴിക്കുന്ന സമയങ്ങളിലും മാറ്റങ്ങൾ വരുത്തുകയോ അരുത്.
രക്തസമ്മർദം, പ്രമേഹം ഉൾപ്പെടെ ജീവിത ശൈലീ രോഗങ്ങൾ മൂലം വലയുന്നവർ പകൽ ഭക്ഷണം കഴിക്കാത്തതുപോലെ മരുന്ന് ഉപയോഗവും വർജിക്കുന്നുണ്ട്. ഇത് ദോഷം ചെയ്യും. പകൽ മുഴുവൻ ഉപവാസവും നോമ്പുതുറക്കുശേഷം ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹ രോഗികളിൽ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് പെട്ടെന്ന് വർധിക്കാനോ ക്രമാതീതമായി കുറഞ്ഞുപോകാനോ സാധ്യതയുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയാലും കുറഞ്ഞാലും കടുത്ത ക്ഷീണം അനുഭവപ്പെടും. അതിനാൽ, നോമ്പുകാലത്തുണ്ടാവുന്ന സാധാരണ ക്ഷീണത്തിൽ കവിഞ്ഞുള്ള ലക്ഷണങ്ങളെ അവഗണിക്കരുത്. അപകടകരമാംവണ്ണം രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോയാൽ (ഹൈപ്പോഗ്ലൈസീമിയ) വിറയല്‍, അമിതമായ വിയർപ്പ്, കാഴ്ച മങ്ങൽ, ഹൃദയമിടിപ്പ് വർധിക്കൽ, ബോധക്ഷയം എന്നിവക്ക് സാധ്യതയുണ്ട്. ചിലരിൽ അപസ്മാര സാധ്യതയുമുണ്ടാവാം. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയാൽ ഹൈപ്പര്‍ ഗ്ലൈസീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകും. തലവേദന, അമിതമായ ദാഹം, അമിത ക്ഷീണം, ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ തോന്നൽ എന്നിവയാണ് ലക്ഷണം.
ഭക്ഷണ കാര്യത്തിൽ പാലിക്കേണ്ടവ
നോമ്പുകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യതയും നിയന്ത്രണവും പാലിക്കേണ്ടത് അത്യാവശ്യമാണ്. എന്തും ഏതും ഭക്ഷിക്കുക എന്ന രീതി ഗുണം ചെയ്യില്ല. ഈത്തപ്പഴവും വെള്ളവും പഴവർഗങ്ങളും നോമ്പുതുറ വേളയിൽ മുഖ്യം. എളുപ്പം ദഹിക്കാനും മികച്ച ധാതുലവണങ്ങൾ നൽകി ശരീരത്തെ ഉത്തേജിപ്പിക്കാനും ഇവക്ക് കഴിയും. വ്രതാനുഷ്ഠാനത്തിനിടയിൽ സൂര്യോദയത്തിനു മുമ്പുള്ള അത്താഴം ഒഴിവാക്കരുത്. അത്താഴത്തിന് അന്നജമടങ്ങിയ ഭക്ഷണമാണ് നല്ലത്. ഇത് പകൽ സമയത്ത് ശരീരത്തിന്റെ ഊർജം നിലനിർത്താൻ സഹായിക്കും.
നോമ്പുതുറ സമയത്ത് തവിടോടുകൂടിയ അരി, ഗോതമ്പ്, മുത്താറി എന്നിവയിൽ പാകം ചെയ്ത എണ്ണകുറഞ്ഞ ഭക്ഷണം ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഭക്ഷണത്തിൽ ഉപ്പിന്റെ അളവും പരമാവധി കുറക്കാൻ ശ്രമിക്കണം. മീൻ, മുട്ട, കോഴിയിറച്ചി എന്നിവ മിതമായ തോതിൽ കഴിക്കുന്നതോടൊപ്പം പ്രോട്ടീൻ ധാരാളം അടങ്ങിയ പയർ, കടല, ഗ്രീൻപീസ് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പഴവർഗങ്ങളിൽ മധുരം കുറവുള്ള ആപ്പിൾ, പേരക്ക, മുസമ്പി, ഓറഞ്ച്, പപ്പായ എന്നിവ ഉൾപ്പെടുത്തുന്നതാണ് നല്ലത്. നോമ്പുതുറക്കുമ്പോൾ ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം. ഭക്ഷണം ഒറ്റയിരിപ്പിന് വേഗത്തിൽ കഴിക്കാതെ സാവധാനം ചവച്ചരച്ച് ഇടവിട്ട് കഴിക്കുകയാണ് നല്ലത്. ഇതിലൂടെ അമിതഭക്ഷണം ഒഴിവാക്കാം.
ഉറക്കം പ്രധാനം
ആരോഗ്യപരിചരണത്തിൽ നല്ല ഉറക്കത്തിനുള്ള സ്ഥാനം വളരെ വലുതാണ്. റമദാനിലെ ജീവിതക്രമ മാറ്റങ്ങളും അനുഷ്ഠാനങ്ങളും മുൻനിർത്തി ശരിയായ ഉറക്കം ഉറപ്പാക്കാൻ നമുക്ക് കഴിയണം. രോഗികളും വയോജനങ്ങളും ആറു മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അനിവാര്യമാണ്. നോമ്പുതുറക്ക് ശേഷമുള്ള പ്രാർഥനകൾ കഴിഞ്ഞാൽ നേരത്തേ ഉറങ്ങുകയും അത്താഴത്തോടനുബന്ധിച്ച് എഴുന്നേൽക്കുകയും ചെയ്താൽ ഇത് സാധ്യമാവും.
ചൂടുകാലവും നോമ്പും
നോമ്പുതുറ സമയത്തും അത്താഴംവരെയുള്ള ഇടവേളകളിലും വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. കുറഞ്ഞത് 10 ഗ്ലാസെങ്കിലും ശുദ്ധജലം കുടിക്കുകയും ശരീരത്തിൽ തുടർന്നും ജലാംശം നിലനിർത്താൻ തണ്ണിമത്തൻ, കക്കിരി, തക്കാളി, തൈര്, ഇളനീർ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്യണം. കഫീൻ അടങ്ങിയ ചായ, കാപ്പി, കോളകൾ എന്നിവ പരമാവധി ഒഴിവാക്കണം. കാർബണേറ്റഡ് പാനീയങ്ങളും നിർജലീകരണത്തിന് കാരണമാവും.
പകൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തണം. ഇഫ്ത്താറിനു ശേഷം കുറച്ച് സമയം നടക്കുകയോ സാധ്യമായ വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് നന്നാകും. യാത്രകളും പരമാവധി ഒഴിവാക്കാം.
Adjust Story Font
16