കേൾവിക്കുറവിന് മാത്രമല്ല ഡിമെൻഷ്യക്കും പരിഹാരം; ശ്രവണസഹായി ഉപയോഗിക്കുന്നവർ അറിയാൻ
ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത 42% കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്
കേൾവിക്കുറവ് പരിഹരിക്കാനായി ശ്രവണസഹായി ഉപയോഗിക്കുന്നവർ ഇന്ന് ധാരാളമാണ്. എന്നാൽ ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത 42% കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ദി ലാൻസെറ്റ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ശ്രവണസഹായികൾ ഉപയോഗിക്കാത്ത, കേൾവിക്കുറവുള്ള ആളുകൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത 1.7% ആണെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. ഇവർ ശ്രവണസഹായി ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത് ഡിമെൻഷ്യക്കുള്ള ചെലവ് കുറഞ്ഞ ചികിത്സയാണെന്നാണ് ഗവേഷകർ പറയുന്നത്.
ബ്രിട്ടനിലെ 437,702 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ ആർക്കെല്ലാം കേൾവിക്കുറവുണ്ടെന്നും കൂടാതെ ആശുപത്രികൾ കേന്ദ്രീകരിച്ച് മരണപ്പെട്ടവരുടെ രേഖകൾ ശേഖരിച്ച് ആർക്കെല്ലാം ഡിമെൻഷ്യ ഉണ്ടായിരുന്നു എന്നും പരിശോധിച്ചു. ഓരോരുത്തരുടെയും ശരാശരി 12 വർഷത്തെ ഡാറ്റയാണ് പരിശോധിച്ചത്.
പഠനത്തിലെ ആളുകളുടെ ശരാശരി പ്രായം 56 വയസ്സായിരുന്നു. ഇവരില്‍ 54% സ്ത്രീകളായിരുന്നു. പഠനം നടത്തിയവരില്‍ 4-ൽ ഒരാൾക്ക് കേൾവിക്കുറവ് ഉണ്ടെന്ന് കണ്ടെത്തി. എന്നാൽ അവരിൽ 12% പേർ മാത്രമാണ് ശ്രവണസഹായികൾ ഉപയോഗിക്കുന്നത് എന്നതാണ് പ്രധാനം. ഇത്തരത്തിൽ ശ്രവണസഹായി ഉപയോഗിക്കുന്നത് അൾഷിമേഴ്‌സ് ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കുന്നു എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
അതേസമയം അമേരിക്കയിൽ 5.8 ദശലക്ഷം ആളുകൾക്ക് ഡിമെൻഷ്യ ഉണ്ടെന്നാണ് കണക്ക്. ഇത് അവരുടെ ദൈന്യംദിന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതായും സ്വയം ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവിനെ ഇല്ലാതാക്കുന്നതായും കണ്ടെത്തി.
Adjust Story Font
16