നിങ്ങളുടെ കേൾവിശക്തി നശിപ്പിക്കും ഈ മോശം ശീലങ്ങൾ
കേൾവിക്കുറവ് അല്ലെങ്കിൽ ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും
നമ്മുടെ ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്ന് മോശമാവുകയോ ദുർബലമാവുകയോ ചെയ്താൽ, അത് നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കും.കേൾവിക്കുറവ് അല്ലെങ്കിൽ ശ്രവണ പ്രശ്നങ്ങൾ സംഭവിക്കുകയാണെങ്കിൽ, അത് നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും. അത്തരമൊരു സാഹചര്യത്തിൽ, ചെവികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. പലപ്പോഴും ആളുകൾ ചെവി പരിചരണത്തിന്റെ ആവശ്യകത മറക്കുകയും ഇത് കാരണം അവരുടെ കേൾവിയെ ബാധിക്കുകയും ചെയ്യുന്നു. ശ്രവണശേഷിയെ ദോഷകരമായി ബാധിക്കുന്ന ചില കാര്യങ്ങളും ശീലങ്ങളും എന്തൊക്കെയാണെന്ന് നോക്കാം...
വ്യായാമത്തിന്റെ അഭാവം
പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾക്ക് ആളുകളെ അപകടത്തിലാക്കുന്ന,പൊണ്ണത്തടി വർധിച്ചുവരുന്ന പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഈ രണ്ട് പ്രശ്നങ്ങളും രക്തചംക്രമണവ്യൂഹത്തെയും രക്തപ്രവാഹത്തെയും ബാധിക്കുന്നു, ഇത് നിങ്ങളുടെ കേൾവിയെ തകരാറിലാക്കും. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുക, വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് പതിവായി വ്യായാമം ചെയ്യുക.
ഹെഡ്ഫോൺ ഉപയോഗം
ഹെഡ്‌ഫോണുകളിലൂടെയോ ഇയർബഡുകളിലൂടെയോ ഉച്ചത്തിലുള്ള ശബ്ദങ്ങൾ എക്സ്പോഷർ ചെയ്യുന്നതാണ് കേൾവി നശിക്കാൻ പ്രധാന കാരണങ്ങളിലൊന്ന്. ഉച്ചത്തിലുള്ള ശബ്ദങ്ങൾ, പ്രത്യേകിച്ച് ദിവസേനയുള്ള ഇയർഫോൺ സമ്പർക്കം, നിങ്ങളുടെ ആന്തരിക ചെവിയിലെ ചെറിയ രോമകോശങ്ങളെ നശിപ്പിക്കാം. ഈ കോശങ്ങളാണ് മസ്തിഷ്‌കത്തിന് വ്യാഖ്യാനിക്കാൻ കഴിയുന്ന തരത്തിൽ ശബ്ദ തരംഗങ്ങളെ പരിവർത്തനം ചെയ്യുന്നത്. അതിനാൽ നിങ്ങൾ ഇയർഫോൺ ഉപയോഗിക്കുന്ന സമയം പരിമിതപ്പെടുത്തുക.
പുകവലി
പ്രായമാകുമ്പോൾ കേൾക്കാനുള്ള നിങ്ങളുടെ കഴിവ് ഉൾപ്പെടെ പുകവലി നിങ്ങളുടെ ആരോഗ്യത്തെ പല തരത്തിൽ ബാധിക്കുന്നു. അമേരിക്കൻ ലംഗ് അസോസിയേഷൻ പറയുന്നതനുസരിച്ച്, കത്തുന്ന ഒരു സിഗരറ്റ് നിങ്ങളെ 7,000-ത്തിലധികം രാസവസ്തുക്കൾക്ക് ഇരയാക്കുന്നു എന്നാണ്. അവയിൽ ചിലത് ചെവിയുടെ ചെറിയ സംവിധാനങ്ങളെയോ ശബ്ദത്തെ വ്യാഖ്യാനിക്കുന്ന ഞരമ്പുകളെയോ നശിപ്പിക്കാൻ കഴിവുള്ളവയാണ്.
ചെവി നനവോടെ വയ്ക്കുന്നത്
നിങ്ങളുടെ ചെവി നനഞ്ഞാൽ അത് ഫംഗസ് അണുബാധയ്ക്ക് കാരണമാകും. നീന്തുന്നവരിൽ ഈ പ്രശ്നം കാണുമെങ്കിലും സാധാരണക്കാരും കുളിക്കുമ്പോൾ ഈ തെറ്റ് ആവർത്തിക്കുന്നു. ഇക്കാരണത്താൽ, ചെവിയിൽ അണുബാധ പടരുകയും പിന്നീട് മരുന്നുകളിലൂടെ മാറ്റേണ്ടതായും വരുന്നു.
അമിതമായ മദ്യപാനം
അമിതമായ മദ്യപാനം നിങ്ങളുടെ തലച്ചോറിന്റെ ശബ്ദങ്ങളെ വ്യാഖ്യാനിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് ചില പഠനങ്ങൾ പറയുന്നു. നിങ്ങൾ അമിതമായി മദ്യപിക്കുന്ന ആളാണെങ്കിൽ അല്ലെങ്കിൽ ദിവസവും മൂന്നോ നാലോ ഗ്ലാസ് കുടിക്കുകയാണെങ്കിൽ, മദ്യം നിങ്ങളുടെ തലച്ചോറിനെ ബാധിക്കും. കാലക്രമേണ, തലച്ചോറിലെ മാറ്റങ്ങൾ അകത്തെ ചെവിക്കും കേടുവരുത്തും.
Adjust Story Font
16