പ്രമേഹ രോഗികളുടെ ശ്രദ്ധക്ക്.. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഫലം ഉടനടി അറിയാം
പ്രമേഹത്തെ നിയന്ത്രിക്കാനുള്ള മാർഗങ്ങൾ നമ്മുടെ കൈപ്പിടിയിൽ തന്നെയുണ്ട്
ദൈനംദിന ജീവിതത്തെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ജീവിതശൈലി രോഗമായതിനാൽ നമ്മുടെ ചെറിയ ശീലങ്ങൾ പോലും ഇതിനെ സ്വാധീനിക്കാറുണ്ട്. പ്രമേഹം പിടികൂടിയാൽ പിന്നീട് രോഗത്തെ നിയന്ത്രിക്കുകയാണ് പ്രധാന മാർഗം. ഭക്ഷണമടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുകയാണെങ്കിൽ പ്രമേഹത്തെ നിയന്ത്രിക്കാവുന്നതാണ്. ഇതിനായുള്ള മാർഗങ്ങൾ നമ്മുടെ കൈപ്പിടിയിൽ തന്നെയുണ്ട്. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഔഷധങ്ങൾ ഏതൊക്കെയെന്ന് നോക്കാം...
കറുവപ്പട്ട
സുഗന്ധവ്യജ്ഞനം എന്ന നിലയിൽ കറുവപ്പട്ടയെ പരിചയം ഉണ്ടാകുമല്ലോ. ചെറിയൊരു മധുരമുള്ളതിനാൽ ടൈപ്പ് 2 പ്രമേഹ രോഗികൾ പഞ്ചസാര നിയന്ത്രിക്കുന്നതിനായി ഭക്ഷണത്തിൽ കറുവപ്പട്ട ഉപയോഗിക്കാറുണ്ട്. എന്നാൽ, ഇത് മാത്രമല്ല മറ്റ് ചില ഗുണങ്ങൾ കൂടി കറുവപ്പട്ടക്കുണ്ട്. ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് (FPG) അല്ലെങ്കിൽ ഹീമോഗ്ലോബിൻ A1c ലെവലുകൾ (HbA1c) കുറക്കാൻ കറുവപ്പട്ട സഹായിക്കുമെന്ന് 2016ലെ ഒരു പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഉലുവ
ദഹനസംബന്ധമായ പല അസുഖങ്ങൾക്കും ഉലുവ സഹായകമാണ്. അതുപോലെ തന്നെ പ്രമേഹരോഗികൾ ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുക തന്നെയാണ് ഉലുവയും ചെയ്യുന്നത്. കൂടാതെ, ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റുകളുടെയും ആഗിരണം മന്ദഗതിയിലാക്കുകയും ചെയ്യും.
ഇഞ്ചി
ആൻറി-ഡയബറ്റിക്, ആന്റി ഓക്‌സിഡേറ്റീവ്, ഹൈപ്പോലിപിഡെമിക് സ്വഭാവസവിശേഷതകൾ ഉള്ളതിനാൽ ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ ഏറെ ഫലപ്രദമാണ്. കൂടാതെ ഇത് കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഓക്സിഡേഷൻ കുറയ്ക്കുകയും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ പോലും ഇത് ഗുണം ചെയ്യും.
കറ്റാർവാഴ
പ്രമേഹം ഉൾപ്പെടെയുള്ള നിരവധി വിട്ടുമാറാത്ത ജീവിതശൈലി രോഗങ്ങൾ ശരീരത്തിലെ വീക്കം മുഖേനയാണ് ഉണ്ടാകുന്നത്. ഇത്തരത്തിലുണ്ടാകുന്ന വീക്കം സുഖപ്പെടുത്താൻ കറ്റാർവാഴ സഹായിക്കും. കൂടാതെ, പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകാനും കറ്റാർവാഴക്ക് കഴിയും.
മഞ്ഞൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു ഔഷധമാണ് മഞ്ഞൾ. പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള ഗുണങ്ങളും മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്.
Adjust Story Font
16