കുഞ്ഞിവയറിലെ ദഹനപ്രശ്നങ്ങൾ തിരിച്ചറിയാം; കാരണങ്ങളും ലക്ഷണങ്ങളും
പാല് നൽകിയ ഉടൻ തന്നെ പുറത്തേക്ക് തുപ്പാറുണ്ട് കുഞ്ഞുങ്ങൾ.. ഇതിന് കാരണം എന്തെന്ന് മനസിലാക്കണം
ഒരു കുഞ്ഞിനെ വരവേൽക്കാൻ എന്തൊക്കെ ഒരുക്കങ്ങളാണ് വീട്ടിൽ നടത്തുക. അവർക്കായി റൂമിന്റെ രൂപം മാറ്റി, നിറങ്ങൾ നിറച്ച്, കളിപ്പാട്ടങ്ങൾ വാങ്ങി അങ്ങനെയങ്ങനെ.. ഓരോ സാധനങ്ങൾ വാങ്ങുമ്പോഴും അത്രയും കരുതലുണ്ടാകും. കുഞ്ഞിന്റെ ആരോഗ്യം തന്നെയാകും മുന്നിൽ. ഒരു ചെറിയ പനി പോലും വരാൻ പാടില്ല എന്നാകും ചിന്ത. വീട് മാത്രമല്ല, അതിനോടൊപ്പം മാതാപിതാക്കളും ചുറ്റുമുള്ളവരും മാറിത്തുടങ്ങും. എന്നാൽ, എത്രയൊക്കെ കരുതി നിന്നാലും ചില കുഞ്ഞിക്കാര്യങ്ങൾ മനസിലാക്കാൻ അമ്മമാർക്ക് പോലും ചിലപ്പോൾ കഴിയാതെ വരും.
കുഞ്ഞ് ഇടയ്ക്കിടെ കരയുന്നത് വിശന്നിട്ടാകുമെന്ന് കരുതി പാലുകൊടുത്തുകൊണ്ടേയിരിക്കും. എന്നാൽ, കുഞ്ഞുങ്ങൾ കരയുന്നത് വിശപ്പ് കൊണ്ട് മാത്രമായിരിക്കില്ല. ഉദരസംബന്ധമായ പ്രശ്നങ്ങൾ ശിശുക്കൾക്കും ഉണ്ടാകും, ഗ്യാസ് ട്രബിൾ അടക്കം. ഭക്ഷണം കഴിക്കാനും ദഹിപ്പിക്കാനുമുള്ള കുഞ്ഞിന്റെ കഴിവ് അവരുടെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്. നവജാതശിശുക്കളിൽ ഭൂരിഭാഗവും ഭക്ഷണം, പോഷകാഹാരം ആഗിരണം ചെയ്യൽ, മലവിസർജ്ജനം എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിലും, ചിലർക്ക് ദഹനപ്രശ്നങ്ങൾ അനുഭവപ്പെടാം. ഇത് സാധാരണയാണെങ്കിലും കൃത്യമായി നിരീക്ഷിക്കേണ്ടതും വേണ്ട ചികിത്സ നൽകേണ്ടതും പ്രധാനമാണ്.
ഛർദി
പാല് നൽകിയ ഉടൻ തന്നെ പുറത്തേക്ക് തുപ്പാറുണ്ട് കുഞ്ഞുങ്ങൾ. ഇത് ആമാശയത്തിനും അന്നനാളത്തിനും ഇടയിലുള്ള സ്ഫിൻക്റ്റർ പേശി പൂർണ വളർച്ചയെത്താത് കൊണ്ടുണ്ടാകുന്ന വളരെ സാധാരണയായി പ്രശ്നമാണ്. എന്നാൽ, കുഞ്ഞ് ശക്തിയായി ഛർദിക്കുന്നുണ്ടെങ്കിൽ ഗുരുതരമായ ഉദരപ്രശ്നത്തിന്റെ സൂചനയാകാം. പ്രത്യേകിച്ച് ഛർദ്ദിക്ക് പച്ച നിറമോ മറ്റെന്തെങ്കിലും നിറവ്യത്യാസമോ ഉണ്ടെങ്കിൽ കുടൽ തടസം കാരണമാകാം. ഇത് ഉടനടി ചികിൽസിക്കണം.
സാധാരണയായി കുഞ്ഞുങ്ങൾ പാല് കുടിച്ചതിന് പിന്നാലെ വെള്ള നിറത്തിൽ പുറത്തേക്ക് ഛർദിക്കാറുണ്ട്. ചെറിയ അളവിൽ പല തവണ നൽകി ഈ പ്രശ്നം കൈകാര്യം ചെയ്യാവുന്നതാണ്. എന്നാൽ, ലക്ഷണങ്ങൾ വഷളാകുകയോ കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താൽ വൈദ്യസഹായം തേടേണ്ടത് വളരെ പ്രധാനമാണ്.
വയറിളക്കം
വയറിളക്കമാണ് മറ്റൊന്ന്. സാധാരണ മഞ്ഞനിറത്തിൽ നിന്ന് വ്യത്യസ്തമായി ജലമയവും ഇടയ്ക്കിടെയുള്ള മലവിസർജ്ജനവും ശ്രദ്ധിക്കേണ്ടതുണ്ട്. മലവിസർജ്ജനത്തിൽ പെട്ടെന്നുള്ള മാറ്റങ്ങളോ കുഞ്ഞ് ഭക്ഷണം കഴിക്കാൻ മടി കാണിക്കുകയോ ചെയ്യുകയാണെങ്കിൽ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
ബേബി കോളിക്
ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ബേബി കോളിക് എന്ന് പറയുന്നത്. കുഞ്ഞിന് ഏകദേശം മൂന്നാഴ്ച പ്രായമാകുമ്പോൾ തന്നെ ഇത് തുടങ്ങും. ശിശുവിന് മൂന്നോ നാലോ മാസം പ്രായമാകുന്നതിന് മുമ്പ് തന്നെ ഈ അവസ്ഥ മാറുകയും ചെയ്യും. ദഹന വ്യവസ്ഥയിലെ വായു സാന്നിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന വയറുവേദന കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ബേബി കോളിക്കിന് പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.
എങ്ങനെ കൈകാര്യം ചെയ്യാം
കുഞ്ഞിന് പാല് കൊടുക്കുന്നതിനിടെയും ശേഷവും പുറത്ത് മെല്ലെ തട്ടുക. കുടുങ്ങിക്കിടക്കുന്ന വായു പുറത്തുവിടാൻ ഇത് സഹായിക്കും. കുഞ്ഞിന്റെ തല അല്പം ഉയർത്തി നിർത്തി വേണം പാലുകൊടുക്കാൻ. വായു അകത്ത് കടക്കുന്നത് തടയാൻ പാലിന്റെ ഒഴുക്ക് ക്രമീകരിക്കുക.
Adjust Story Font
16