മാനസികാഘാതം.. മരുന്നുകളുടെ ഉപയോഗം; കുട്ടികളുടെ ഹൃദയാഘാത സാധ്യതകൾ നേരത്തെ കണ്ടെത്താം
രാജ്യത്ത് 10 വയസിന് താഴെയുള്ള കുട്ടികൾ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബെംഗളൂരുവിലെ ചാമരാജനഗറിൽ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ 8 വയസുകാരി ഹൃദയാഘാതം മൂലം മരിച്ചെന്ന റിപ്പോർട്ട് പുറത്തുവന്നത് ജനുവരി ആറിനാണ്. ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ കുട്ടിയെ ഉടൻ തന്നെ ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡിസംബറിൽ, ഉത്തർപ്രദേശിലെ അലിഗഡിൽ നിന്നുള്ള നാലുവയസുകാരൻ സ്‌കൂളിൽ കായിക പരിശീലനത്തിനിടെ കുഴഞ്ഞുവീണുമരിച്ചു. ഹൃദയാഘാതത്തിന് പ്രായമുണ്ടോ? രാജ്യത്ത് 10 വയസിന് താഴെയുള്ള കുട്ടികൾ പോലും ഹൃദയാഘാതത്തെ തുടർന്ന് മരിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയാഘാതമോ അതേത്തുടർന്നുള്ള മരണമോ അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. 1,00,000 കുട്ടികളിൽ 1 മുതൽ 3 വരെ കേസുകൾ മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് ഫരീദാബാദിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. പ്രതീക് ചൗധരി പറയുന്നു.
ആരോഗ്യത്തോടെയിരിക്കുന്ന കുട്ടികളിലാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുന്നത്. പലപ്പോഴും ഇത് തിരിച്ചറിയാതെ പോകുന്നത് മരണത്തിലേക്ക് കൊണ്ടെത്തിക്കും. ആളുകൾ ഈ അവസ്ഥ ഉടനടി തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും. ഉടനടി CPR (കാർഡിയോപൾമണറി റീസസിറ്റേഷൻ) നൽകുന്നതിനെക്കുറിച്ചും AED (ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രില്ലേറ്റർ) ഉപയോഗിക്കുന്നതിനെക്കുറിച്ചുമുള്ള അറിവും ഉപകാരപ്പെടുമെന്ന് ഡോക്‌ടർ പറയുന്നു.
പലകാരണങ്ങൾ കൊണ്ട് കുട്ടികളിൽ ഹൃദയാഘാതം സംഭവിക്കാം.
- മയോകാർഡിറ്റിസ്: ഹൃദയപേശികളെ ബാധിക്കുന്ന അണുബാധകൾ ഹൃദയാഘാതത്തിന് കാരണമാകും.
- കാൻസർ അടക്കമുള്ള മാരകമായ രോഗങ്ങൾ ഹൃദയത്തെ നേരിട്ട് ബാധിക്കുന്നു.
- മാനസികാഘാതം, അപകടം: കുട്ടികളിൽ ഉണ്ടാകുന്ന മാനസികാഘാതമോ ഗുരുതരമായ പരിക്കുകളോ ഹൃദയസ്‌തംഭനത്തിന് കാരണമാകും.
- മയക്കുമരുന്നിന്റെ ഉപയോഗമോ അമിത അളവോ കാരണം ഹൃദയാഘാതം സംഭവിക്കാം.
കൂടാതെ, ജനിതകമോ അല്ലെങ്കിൽ ജന്മനാ ഉള്ളതോ ആയ കാരണങ്ങൾ മൂലവും ഹൃദയാഘാതം സംഭവിക്കാം.
1 മുതൽ 35 വയസ്സ് വരെ പ്രായമുള്ള വ്യക്തികളിൽ പെട്ടെന്നുള്ള ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ കാരണം ഹൃദയ താളത്തിലുണ്ടാകുന്ന വൈകല്യങ്ങളാണ്. ഇവ പലപ്പോഴും പാരമ്പര്യമാണ്. മാതാപിതാക്കളിലോ അടുത്ത ബന്ധുക്കളിലോ പെട്ടെന്നുള്ള മരണമോ ഹൃദയാഘാതമോ ഉണ്ടായിട്ടുള്ള കുടുംബ ചരിത്രമുള്ളവർക്കും പെട്ടെന്നുള്ള ഹൃദയാഘാത സാധ്യത കൂടുതലാണ്. ഈ വ്യക്തികൾ 10 വയസ്സ് ആകുമ്പോഴേക്കും ലിപ്പോപ്രോട്ടീൻ എ, ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തണമെന്നും ഡോക്‌ടർമാർ പറയുന്നു.
പല കാരണങ്ങളും അപൂർവമാണെങ്കിലും, നേരത്തെയുള്ള തിരിച്ചറിയലും ഇടപെടലും കുട്ടികളിലും ചെറുപ്പക്കാരിലും പെട്ടെന്നുള്ള ഹൃദയാഘാതം തടയാൻ സഹായിക്കുമെന്നും ഡോക്‌ടർമാർ നിർദേശിക്കുന്നു.
Adjust Story Font
16