ഒരു ദിവസം എത്ര സമയം ഉറങ്ങണം? നിങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള ഉറക്കത്തിന്റെ കണക്കിതാ...
ശരീരത്തിന്റെയാകെ ആരോഗ്യത്തിന് അടിസ്ഥാനപരമായ ഘടകങ്ങളിലൊന്നാണ് ഉറക്കം, നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ ആ ദിവസം പോയി എന്നൊക്കെ നാം പറയാറുമുണ്ട്
ശരീരത്തിന്റെയാകെ ആരോഗ്യത്തിന് അടിസ്ഥാനപരമായ ഘടകങ്ങളിലൊന്നാണ് ഉറക്കം. നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ ആ ദിവസം പോയി എന്നൊക്കെ നാം പറയാറുമുണ്ട്. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ കരുതുന്നത്. എന്നാൽ ഓരോ ആളുകളുടെയും പ്രായത്തിനനുസരിച്ച് ഈ കണക്കിൽ വ്യത്യാസമുണ്ടാകും എന്നറിയാമോ? അങ്ങനെയൊന്നുണ്ട്.
ഓരോ പ്രായത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ അളവിൽ കാര്യമായ വ്യത്യാസമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നവജാതശിശുക്കൾ ഒഴികെ എല്ലാ പ്രായക്കാരിലും ഇത്തരത്തിൽ ഉറക്കത്തിന് കണക്കുണ്ട്. രോഗങ്ങളും ഗർഭാവസ്ഥയും വ്യക്തിഗത ശീലങ്ങളുമൊക്കെ കണക്കിലെടുത്ത് ഇവയിൽ വ്യത്യാസമുണ്ടായേക്കാമെങ്കിലും ഓരോ പ്രായക്കാരിലും പൊതുവേ പറഞ്ഞു വയ്ക്കുന്ന ഉറക്കത്തിന്റെ അളവ് എത്രത്തോളമാണെന്ന് നോക്കാം...
0-3 മാസം
14-17 മണിക്കൂർ വരെ ഉറക്കമാണ് നവജാതശിശുക്കൾ മുതൽ മൂന്ന് മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് വേണ്ടത്. ഇവരുടെ ഉറക്കം 11 മണിക്കൂറിൽ കുറയാനും പാടില്ല.
4-12 മാസം
12 മുതൽ 16 മണിക്കൂർ വരെ ഉറക്കമാണ് 1 വയസ്സു വരെയുള്ള കുഞ്ഞുങ്ങൾക്ക് ആവശ്യം. ഇതിലും കുറവുണ്ടാകാൻ പാടില്ല..
1-2 വയസ്സ്
ഈ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ 11 മുതൽ 14 മണിക്കൂർ വരെ ദിവസവും ഉറങ്ങിയിരിക്കണം. 16 മണിക്കൂറാണ് അമിത ഉറക്കമായി ഈ പ്രായക്കാരിൽ കണക്കാക്കപ്പെടുന്നത്.
3-5 വയസ്സ്
മൂന്ന് മുതൽ അഞ്ച് വയസ്സു വരെയുള്ള കുഞ്ഞുങ്ങൾ 10-13 മണിക്കൂർ വരെയാണ് ദിവസവും ഉറങ്ങേണ്ടത്. ചെറിയ മയക്കങ്ങളും ഇതിൽ ഉൾപ്പെടും.
6-13 വയസ്സ്
ഈ പ്രായത്തിലുള്ള കുട്ടികൾ സ്‌കൂൾ വിദ്യാർഥികൾ കൂടിയായതിനാൽ 9-12 മണിക്കൂർ വരെ ഇവർക്ക് ഉറക്കം ആവശ്യമാണ്. ഇവരുടെ ഉറക്കം ഒരിക്കലും 7 മണിക്കൂറിൽ കുറയാനോ 12 മണിക്കൂറിൽ കൂടാനോ പാടില്ല.
14-17 വയസ്സ്
ടീനേജ് പ്രായത്തിലുള്ള കുട്ടികൾക്കും ഉറക്കം വളരെ പ്രധാനമാണ്. 8-10 മണിക്കൂർ വരെയാണ് ഇവർക്ക് അഭികാമ്യമായ ഉറക്കം. ഇവരുടെ ഉറക്കവും 7 മണിക്കൂറിൽ കുറയാൻ പാടില്ല. 11 മണിക്കൂറിൽ കൂടുതലാണ് ഇവരുടെ അമിതമായ ഉറക്കം.
18-64 വയസ്സ്
ജീവിതത്തിലെ ഏറ്റവും ആരോഗ്യപരമായ കാലഘട്ടം ഉൾപ്പെടുന്ന ഗ്രൂപ്പ് ആണിത്. 7-9 മണിക്കൂർ വരെ ഉറക്കം ഈ പ്രായത്തിൽ നിർബന്ധമായും ലഭിക്കിച്ചിരിക്കണം. ആറു മണിക്കൂറിൽ കുറവ് ഉറക്കം ഒരിക്കലും ഈ പ്രായക്കാരുടെ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ 10-11 മണിക്കൂറിന് മുകളിലുള്ള ഉറക്കം ദോഷം ചെയ്യുകയും ചെയ്യും.
65 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ഉറക്കം കുറവായി ആണ് സാധാരണ കാണുന്നതെങ്കിലും ഇവർക്കും എട്ട് മണിക്കൂർ ഉറക്കം നിർബന്ധമാണ്. പ്രായാധിക്യമായ അസുഖങ്ങളും മറ്റും മൂലം ഇതിൽ വ്യത്യാസം വരുമെങ്കിലും അഞ്ച് മണിക്കൂറിൽ കൂടുതൽ ഉറക്കം നഷ്ടപ്പെടുന്നത് ദോഷം ചെയ്യും.
Adjust Story Font
16