കുട്ടികളിൽ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍!
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക
മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ച വാർത്ത നമ്മൾ എല്ലാവരും അറിഞ്ഞതാണ്. തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർഥി നിവേദിത ആണ് മരിച്ചത്. ഓട്ടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത. കുഞ്ഞ് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ അവസരങ്ങൾ ഒഴിവാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങളോ അല്ലെങ്കിൽ വായിലിടുന്ന കളിപ്പാട്ടങ്ങളോ കൊടുക്കാതിരിക്കുക. കുട്ടികൾ ചെറിയ കളിപ്പാട്ടങ്ങൾ വച്ച് കളിക്കുന്നുണ്ടെങ്കിൽ നമ്മളും കൂടെയിരിക്കാൻ ശ്രമിക്കുക. ചെറിയ കുട്ടികൾക്ക് പോപ്പ്കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. കപ്പലണ്ടി, ചിപ്സ് പോലുള്ള ഭക്ഷണങ്ങൾ ചെറുതായി പൊട്ടിച്ച് മാത്രം കൊടുക്കുക. അല്ലാതെ വരുമ്പോഴാണ് ഇത്തരം സംഭവം ഉണ്ടാകുന്നത്. മാത്രമല്ല ബട്ടൺ, ബാറ്ററി പോലുള്ള സാധനങ്ങൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ മരണം സംഭവിക്കാം.
4 വയസിനു താഴെയുള്ള കുട്ടികളിൽ ഇത്തരത്തിലുള്ള മരണങ്ങൾ ഒഴിവാക്കാനായി ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കുക
1.ചെറിയ ആഹാരങ്ങൾ കഴിക്കാൻ കൊടുക്കാതിരിക്കുക eg: പോപ്പ് കോൺ, കടല, പീസ്.
2.കട്ടിയുള്ള ആഹാരങ്ങൾ ഒഴിവാക്കുക: കാരറ്റ്, ലോലിപോപ്, നട്സ്, സീഡ്‌സ്, ചിപ്സ്, മുള്ളോട് കൂടിയ മീൻ..
3.വായിൽ തെന്നിപ്പോകുന്ന ആഹാരങ്ങൾ കൊടുക്കാതിരിക്കുക..eg: മുന്തിരി, ചെറിയ ടൊമാറ്റോ, ബ്ലൂ ബെറി. ഇത്തരം ആഹാരം കൊടുക്കുവാണെങ്കിൽ ഉടച്ചു അല്ലെങ്കിൽ വേവിച്ചു കൊടുക്കുക.. മുന്തിരിങ്ങ, കാരറ്റ്, വെള്ളരിക്ക പോലുള്ള ആഹാരങ്ങൾ കൊടുക്കുമ്പോൾ ചെറിയ കഷണമായി മുറിച്ചു കൊടുക്കുക.
4.വായിൽ ഒട്ടിപ്പിടിക്കുന്ന ആഹാരങ്ങൾ ചെറിയ കുട്ടികൾക്ക് കൊടുക്കാതിരിക്കുക.
Eg: ചൂയിങ് ഗം, കാരമെൽ, കാൻഡികൾ.
മീൽ നിബന്ധനങ്ങൾ (Meal rules) കുട്ടികളെ പഠിപ്പിക്കുക
5.സ്വസ്ഥമായിരുന്ന് സാവധാനം ചവച്ചരച്ചുവേണം ഭക്ഷണം കഴിക്കാൻ.
6.സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒഴിവാക്കുക.
7.കളിക്കുന്ന കുട്ടികളുടെ പുറകെനടന്ന് ഭക്ഷണം വാരിക്കൊടുക്കുന്നത് നല്ലതല്ല.
8.കിടന്നു കൊണ്ടും ഒരിക്കലും ആഹാരം കഴിക്കരുത്.
9.കുട്ടികൾ എടുക്കുന്ന രീതിയിൽ ചെറിയ സാധനങ്ങൾ അലക്ഷ്യമായി ഇടാതിരിക്കുക. കട്ടിലിന്‍റെ അടിയിലും സോഫയുടെ അടിയിലുമൊക്കെ നോക്കണം..Eg: കോയിൻ, ബാറ്ററി, ബട്ടൺ, പിൻ, മാഗ്നെറ്റ്, പേനയുടെ അടപ്പ്, പേപ്പർ ക്ലിപ്പ്, ചെറിയ ആഭരണങ്ങൾ, അണികൾ, സ്‌ക്രൂകൾ, കുപ്പിയുടെ അടപ്പുകൾ, എറേസർ, റബർ ബാൻഡുകൾ തുടങ്ങിയവ..
10.ചെറിയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക..eg: 4 cm പോലും വലിപ്പമില്ലാത്ത കളിപ്പാട്ടങ്ങൾ, കിൻഡർ ജോയ്, ചെറിയ ബോളുകൾ, ബലൂണുകൾ, വിസിൽ തുടങ്ങിയവ..
ചെറിയ കളിപ്പാട്ടങ്ങൾ എന്ന് പറയുമ്പോൾ എല്ലാം നിങ്ങൾക്ക് ഓർമ്മ വരണമെന്നില്ല അതുകൊണ്ടാണ് ഇത്രയും വിശദമായി പറഞ്ഞത്..കുട്ടികളുടെ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുള്ള എല്ലാ സാധനങ്ങളും കുട്ടികൾ എടുക്കാൻ പറ്റാത്ത രീതിയിൽ വയ്ക്കുക..
2 വയസിനു താഴെയുള്ള കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്താണ് ഉടൻ ചെയ്യേണ്ടത്?
ആദ്യം നമ്മുടെ ഒരു കൈ നമ്മുടെ തുടയുടെ മുകളിൽ നീട്ടിവെക്കണം. കൈയിൽ കുഞ്ഞിനെ കമഴ്ത്തിക്കിടത്തുക. കുഞ്ഞിന്റെ തല കൈത്തലത്തിൽ പെരുവിരലിനും ചൂണ്ടുവിലിനും ഇടയിലായി വരണം. കാലുകൾ കൈമുട്ടിനുമുകളിലുള്ള ഭാഗത്ത് ഇരുവശത്തേക്കുമായി വിടർത്തിയിടുക. മറ്റേ കൈകൊണ്ട് കുട്ടിയുടെ തോളെല്ലുകൾക്ക് നടുവിൽ, പുറത്ത്, ശക്തിയായി അഞ്ചുതവണ അടിക്കുക. കുരുങ്ങിയവസ്തു തെറിച്ചുപോകും.
2 വയസിനു മുകളിലുള്ള കുട്ടികളുടെ തൊണ്ടയിൽ എന്തെങ്കിലും കുടുങ്ങിയാൽ എന്താണ് ഉടൻ ചെയ്യേണ്ടത്?
കുഞ്ഞിനെ നിർത്തി, നമ്മൾ പുറകിൽ മുട്ടുകുത്തി ഇരുന്ന് വലതുമുഷ്ടി ചുരുട്ടി കുട്ടിയുടെ പൊക്കിളിൽ വയ്ക്കുക. ഒപ്പം ഇടത് കൈപ്പത്തി മറുവശത്തുകൂടെ എടുത്ത് വലതുമുഷ്ടിയുടെ മുകളിലായി വെക്കുക. അതിശക്തമായി മുന്നോട്ടും മുകളിലോട്ടും തള്ളണം. ഇത് പല തവണ വേഗത്തിലും ശക്തിയിലും, ഭക്ഷണം തെറിച്ചുപോവുംവരെ ചെയ്യുക.
കുഞ്ഞ് അബോധാവസ്ഥയിലായാൽ CPR ചെയ്യുക (നെഞ്ചിൽ അമർത്തുക) രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. ഈ മുന്‍കരുതല്‍ എടുക്കുക.തൊണ്ടയില്‍ വസ്തുക്കള്‍ കുടുങ്ങി ഇനി കുട്ടികൾ മരിക്കാതിരിക്കട്ടെ.
കടപ്പാട്: ഡോ.ഡാനിഷ് സലിം
Adjust Story Font
16