ചെളിവെള്ളത്തിൽ ചവിട്ടിയാലോ, മഴവെള്ളത്തിൽ ഇറങ്ങിയാലോ ശ്രദ്ധിക്കണം; ഡോക്‌സിസൈക്ലിന്‍ കഴിക്കാൻ മറക്കരുത്
ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്. അവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ചപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്തേണ്ടതാണ്. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ഉറപ്പാക്കണം.
ക്യാമ്പുകളില്‍ ആരോഗ്യ സേവനം ഉറപ്പാക്കാന്‍ പി.എച്ച്.സി./ എഫ്.എച്ച്.സി./ സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാള്‍ക്ക് ചുമതല കൊടുക്കണം. അവരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കണം. എല്ലാവരും ഡ്യൂട്ടിയിലുണ്ടെന്ന് ഉറപ്പാക്കണം. വെള്ളം കയറുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണം ഒരുക്കണം. മതിയായ ചികിത്സ ലഭ്യമാക്കാനും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും എല്ലാ ആശുപത്രികളും ജാഗ്രത പുലര്‍ത്താനും മന്ത്രി നിര്‍ദേശം നല്‍കി.
ദുരിതാശ്വാസ ക്യാമ്പുകളില്‍ പനി ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്. അവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പിലുള്ളവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ വിവരം അറിയിക്കേണ്ടതാണ്. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളം കലര്‍ന്ന കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം.
മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ക്ക് മുടക്കം വരുത്തരുത്. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പ് കൈയ്യില്‍ കരുതണം. ക്യാമ്പുകളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് സേവനം ഉറപ്പാക്കണം. മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണം. ഇന്‍ഫ്‌ളുവന്‍സ പടരാതിരിക്കാന്‍ ക്യാമ്പിനകത്ത് മറ്റ് രോഗങ്ങളുള്ളവര്‍, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കേണ്ടതാണ്. കാന്‍സര്‍ രോഗികള്‍, ഡയാലിസിസ് ചെയ്യുന്നവര്‍, ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
എലിപ്പനി പ്രതിരോധം വളരെ പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ക്യാമ്പിലുള്ള എല്ലാവര്‍ക്കും ഡോക്‌സിസൈക്ലിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്‌സിസൈക്ലിന്‍ വാങ്ങി കൈയ്യില്‍ വയ്ക്കാതെ എല്ലാവരും കഴിക്കണം. ദുരിതാശ്വാസ ക്യാമ്പുകളില്‍ സേവനം ചെയ്യുന്നവരും രക്ഷാപ്രവര്‍ത്തകരും മുന്‍കരുതല്‍ ഉറപ്പാക്കണം. ഇവര്‍ നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്.
Adjust Story Font
16