Quantcast

അത്ര ഭയക്കണോ ഒമിക്രോണിനെ? അറിയാം അഞ്ച് ലക്ഷണങ്ങൾ

പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Published:

    30 Nov 2021 1:38 PM GMT

അത്ര ഭയക്കണോ ഒമിക്രോണിനെ? അറിയാം അഞ്ച് ലക്ഷണങ്ങൾ
X

ദക്ഷിണാഫ്രിക്കയിലെ ആരോഗ്യവിദഗ്ധരാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആദ്യമായി കണ്ടെത്തുന്നത്. ഇതിനു പിന്നാലെ ലോകരാഷ്ട്രങ്ങളെല്ലാം അതീവ ജാഗ്രതയിലാണുള്ളത്. ഇന്ത്യയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പുതിയ വകഭേദത്തിന് അതിവ്യാപനശേഷിയുണ്ടെന്ന് കഴിഞ്ഞ ദിവസം ഡബ്ല്യുഎച്ച്ഒയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒമിക്രോണ്‍ കണ്ടെത്തിയതിനു പിറകെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ. ഡെൽറ്റ വകഭേദത്തിന്റെ അത്രയും ഭീകരമല്ല കാര്യങ്ങളെന്നാണ് അസോസിയേഷന്‍ ചെയര്‍പേഴ്സന്‍ ആംഗെലിക് ക്വാട്‌സീ സൂചിപ്പിക്കുന്നത്. ആരോഗ്യവിദഗ്ധര്‍ പറയുന്ന ഒമിക്രോണിന്റെ അഞ്ച് ലക്ഷണങ്ങൾ അറിയാം.

1. ഒമിക്രോൺ ബാധിച്ചവരിൽ ശക്തമായ ക്ഷീണമുണ്ടാകും. ഇക്കാര്യത്തിൽ പ്രായവ്യത്യാസമില്ല. യുവാക്കള്‍ക്കും നല്ല രീതിയില്‍ ക്ഷീണമുണ്ടാകും.

2. ഇന്ത്യയിൽ കോവിഡിന്റെ രണ്ടാം തരംഗത്തിൽ വൈറസ് ബാധിതരിൽ വലിയ തോതിലുള്ള ശ്വാസപ്രശ്‌നങ്ങൾ നേരിട്ടിരുന്നു. ഓക്‌സിജൻ ലഭ്യതക്കുറവ് നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്തു. എന്നാൽ, പുതിയ വകഭേദം ബാധിച്ചവരിൽ കാര്യമായ ശ്വസനപ്രശ്നങ്ങളൊന്നുമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

3. കോവിഡിന്റെ തുടക്കംമുതലുള്ള പ്രധാന ലക്ഷണങ്ങളിലൊന്നായിരുന്നു ഭക്ഷണത്തിന്റെ രുചിയും മണവും നഷ്ടപ്പെടുന്നത്. എന്നാൽ, ഒമിക്രോൺ ബാധിച്ചവരിൽ ഇങ്ങനെയൊരു ലക്ഷണം കാണുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു.

4. സാധാരണ കോവിഡ് രോഗിയെപ്പോലെ തൊണ്ടവേദനയും തൊണ്ടയിലെ അസ്വസ്ഥതകളും പുതിയ വകഭേദത്തിലും കാണപ്പെടുന്നുണ്ട്.

5. ഒമിക്രോൺ ബാധിച്ചവരിൽ വൈറസ് ബാധ അധികം നീണ്ടുനില്‍ക്കില്ല. പുതിയ വകഭേദം ബാധിച്ചവരില്‍ ഭൂരിഭാഗം പേരും ആശുപത്രിവാസമില്ലാതെത്തന്നെ രോഗമുക്തരായിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

Summary: New coronavirus variant, 'Omicron', has been found by doctors in South Africa and they have now made certain observations. The World Health Organization (WHO) have earlier warned the variant carries a "very high" risk of infection.

TAGS :

Next Story