Quantcast

ഒരുപാട് നേരമെടുത്ത് കുളിക്കാറുണ്ടോ? ഈ ചർമരോഗത്തിന് അതത്ര നല്ലതല്ല !

കുളിയുടെ സമയം കുറയുമ്പോൾ വെള്ളവും ചർമവുമായുള്ള സമ്പർക്കത്തിലും കുറവുണ്ടാകും എന്നതിനാലാണ് കുളിയുടെ സമയം ചുരുക്കണം എന്ന് പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2024-06-01 15:04:23.0

Published:

1 Jun 2024 1:43 PM GMT

Long showers might trigger eczema
X

ദൈനംദിന ജീവിതത്തിൽ ഒരുപാട് പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കുളി. ഏറെ സമയമെടുത്ത് വിസ്തരിച്ച് കുളിക്കുന്നവരും ഞൊടിയിടയിൽ കുളിച്ചിറങ്ങുന്നവരുമൊക്കെ നമ്മുടെ ഇടയിലുണ്ടാകും. ഇതിൽ കുളിച്ചിറങ്ങാൻ ഏറെ നേരമെടുക്കുന്നവരാണ് നിങ്ങളെങ്കിൽ ഇക്കാര്യം നിങ്ങളറിഞ്ഞിരിക്കണം.

ചർമരോഗങ്ങളിൽ സാധാരണമായി കാണപ്പെടുന്നതും തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുന്നതുമായ ഒന്നാണ് എക്‌സിമ. ചർമത്തിൽ ചൊറിച്ചിലും ചുവപ്പും വീക്കവുമൊക്കെ ഉണ്ടാകുന്ന ഒരവസ്ഥയാണിത്. ജനിതകകാരണങ്ങളും, അലർജിയും ഹോർമോൺ വ്യതിയാനങ്ങളുമൊക്കെ എക്‌സിമയ്ക്ക് കാരണമാകും. ചെറിയ കുട്ടികളിലാണ് ഇത് സാധാരണ കണ്ടു വരുന്നതെങ്കിലും മുതിർന്നവരിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അറ്റോമിക് ഡെർമറ്റൈറ്റിസ് എന്നാണ് എക്‌സിമയുടെ ശാസ്ത്രീയ നാമം. ചർമം വിണ്ടുകീറുക, തൊലിയടരുക, ചൊറിച്ചിൽ, തടിപ്പ്, അരിമ്പാറ, ചർമം പൊട്ടിയൊലിക്കുക, വലിഞ്ഞു മുറുകുക, കണ്ണിന് താഴെ കറുപ്പ് എന്നിവയൊക്കെ എക്‌സിമയുടെ ലക്ഷണമാകാം. ചെറുപ്രായത്തിൽ തുടങ്ങി, ചിലപ്പോൾ കൗമാരത്തിലുനീളം എക്‌സിമ കുട്ടികളിൽ കണ്ടുവരാറുണ്ട്.

ഇനി കുളിയും എക്‌സിമയും തമ്മിലെന്താണ് ബന്ധം എന്നല്ലേ...

ചർമത്തിൽ തടിപ്പും ചൊറിച്ചിലുമൊക്കെ ഉണ്ടാകുന്നത് ബാക്ടീരിയയുടെ പ്രവർത്തനമായതിനാൽ തന്നെ ബാക്ടീരിയയെ അകറ്റാൻ കുളി നിർബന്ധമാക്കിയേ മതിയാകൂ.

നീണ്ട കുളി എക്‌സിമ കൂടുതൽ ഗുരുതരമാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരുപാട് സമയം വെള്ളവുമായി ചർമത്തിന് സമ്പർക്കമുണ്ടാകും എന്നതിനാൽ ശരീരത്തിലെ നാച്ചുറൽ ഓയിലുകളും സെബവും പുറന്തള്ളപ്പെടും എന്നതാണ് കാരണം.

കുളിയുടെ സമയം കുറയുമ്പോൾ വെള്ളവുമായുള്ള സമ്പർക്കത്തിലും കുറവുണ്ടാകും എന്നതിനാലാണ് കുളിയുടെ സമയം ചുരുക്കണം എന്ന് പറയുന്നത്. ദീർഘനേരം ഷവറിന് കീഴിൽ നിന്ന് കുളിക്കുന്നതിനേക്കാൾ കുറച്ച് വെള്ളമെടുത്ത് ബക്കറ്റിലുള്ള കുളിയാണ് എക്‌സിമയ്ക്ക് അഭികാമ്യമത്രേ. ഇത് കൂടാതെ സോപ്പുകളുടെ അമിതോപയോഗം കുറയ്ക്കുകയും വേണം. എക്‌സിമയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ ഒരു എത്രയും പെട്ടെന്ന് തന്നെ ചർമരോഗവിദഗ്ധനെ കണ്ട് മരുന്നുകളും ലേപനങ്ങളും വാങ്ങി ഉപയോഗം തുടങ്ങണം.

TAGS :

Next Story