Quantcast

ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മനോജ് വെള്ളനാട്

ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കിൽ അയാൾ വെറും തോൽവിയാണ്

MediaOne Logo

Web Desk

  • Published:

    23 July 2021 5:14 AM GMT

ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മനോജ് വെള്ളനാട്
X

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്‍റെ ആത്മഹത്യ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ശസ്ത്രക്രിയ പിഴവ് ആരോപിച്ച് പരസ്യമായി രംഗത്ത് വന്നതിന് ശേഷമായിരുന്നു അനന്യയുടെ ആത്മഹത്യ. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് പൊലീസിന്‍റെ തീരുമാനം. അനന്യയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണ,പ്രത്യാരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മനോജ് വെള്ളനാട്.

മനോജിന്‍റെ കുറിപ്പ്

1. ആദ്യം വേണ്ടത് Sex എന്താണ്, Gender എന്താണ് എന്നൊക്കെ വ്യക്തമായി, ശാസ്ത്രീയമായി MBBS കരിക്കുലത്തിൽ ഉൾപ്പെടുത്തുക. LGBTIQ+ ആൾക്കാരെല്ലാം തന്നെ സാധാരണ മനുഷ്യരാണെന്നു ഡോക്ടർമാരെ ഒന്നാം വർഷം ഫിസിയോളജി പഠിപ്പിക്കുമ്പോൾ മുതൽ പഠിപ്പിക്കുക. ഒരാൾ ട്രാൻസ് -ഹോമോ - ക്വിയർ ഒക്കെ ആവുന്നത് അയാളുടെ ചോയ്സ് അല്ലാന്നും മനോരോഗമോ ശരീരരോഗമോ അല്ലാന്നും അത് തലച്ചോറിന്റെ വളരെ സ്വാഭാവികമായ ഒരു വ്യതിയാനം മാത്രമാണെന്നും, എന്നാൽ ട്രാൻസ്-ഹോമോ ഫോബിയകൾ തിരുത്തേണ്ട ചികിത്സിക്കേണ്ട പ്രശ്നമാണെന്നും പഠിപ്പിക്കണം.

ഇതൊന്നും അറിയാതെ ടെസ്റ്റിസിന്റെ അനാട്ടമിയും ഫിസിയോളജിയും പത്തോളജിയും പഠിച്ച് പാളേൽ കെട്ടിയാലൊന്നും ഒരാൾ modern medicine ഡോക്ടറാവില്ല. തലച്ചോറ് കൊണ്ടു ടൈം ട്രാവൽ ചെയ്ത് നാലാം നൂറ്റാണ്ടിലെത്തിയ ശരീരം കൊണ്ടു 2021 ൽ ജീവിക്കുന്ന ഒരു well dressed homo sapien മാത്രം. ആധുനിക വൈദ്യശാസ്ത്രം പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർ ആദ്യം വേണ്ടത് ഒരു ആധുനിക മനുഷ്യനാവുകയാണ്. അല്ലെങ്കിൽ അയാൾ വെറും തോൽവിയാണ്.

2. ഈ പറഞ്ഞത് ഡോക്ടർമാർക്ക് മാത്രമല്ലാ, സകല മനുഷ്യർക്കും, അവശ്യം വേണ്ട അവബോധമാണ്. പക്ഷെ ഡോക്ടർമാർക്കു പോലും അതില്ലായെങ്കിൽ സമൂഹത്തിൽ നിന്നും 'ദൈവം തന്നത് ഓപറേഷൻ ചെയ്ത് മാറ്റിയിട്ടല്ലേ?', 'ഉള്ളതും വച്ചിരുന്നാ പോരേ?' എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നതിൽ അതിശയിക്കാനില്ല. ആർക്കാണിവരെ തിരുത്താൻ പറ്റുക? ആരാണ് സമൂഹത്തെ തിരുത്താൻ മുന്നിൽ നിൽക്കേണ്ടത്?

3. ട്രാൻസ്- ഹോമോ സെൻട്രിക് ആയിട്ടുള്ള ആരോഗ്യസേവന സൗകര്യങ്ങൾ സർക്കാർ തലത്തിൽ നിലവിൽ വരണം. ഓരോന്നിനും കൃത്യമായ മാർഗനിർദ്ദേശങ്ങൾ വേണം. ഒരു വ്യക്തി ഏതു പ്രായത്തിലാണെങ്കിലും തന്റെ gender / sexuality identify ചെയ്ത് താൻ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർക്ക് സൗഹാർദ്ദപരമായി സമീപിക്കാൻ പറ്റുന്ന ഒരു സംവിധാനം. ചികിത്സ വേണ്ടവർക്ക് അത് ലഭ്യമാക്കാനും ശരിയായ ശാസ്ത്രീയമായ ചികിത്സകൾ തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ആ സംവിധാനത്തിന് കഴിയണം.

4. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കാൻ പ്രത്യേക സ്കീമുകൾ സർക്കാർ ഏർപ്പെടുത്തേണ്ടി വരും. പിച്ചയെടുത്തും സെക്സ് വർക്ക് ചെയ്തും സ്വകാര്യതയെ പോലും പണയം വച്ച് പണം യാചിച്ചും സ്വന്തം ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തി കൂടുതൽ ദുരിതത്തിലാവുന്ന അവസ്ഥ പൂർണമായും ഒഴിവാക്കുന്ന ഒരു സംവിധാനം വരണം. കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഉൾപ്പെടെയുളള ചികിത്സ മുഴുവൻ സർക്കാർ സൗജന്യമാക്കിയതുപോലെ ഒരു സംവിധാനം.

5. കേരളത്തിൽ ചുരുങ്ങിയത് 2 സർക്കാർ മെഡിക്കൽ കോളേജുകളിലെങ്കിലും ഇവർക്കുവേണ്ട എല്ലാതരം ചികിത്സകളും ഉറപ്പുവരുത്തുക. ഈ മനുഷ്യരെ പരീക്ഷണങ്ങൾക്ക് വിട്ടുകൊടുക്കാതെ സർക്കാർ തന്നെ മുന്നോട്ടുവന്ന് ഡോക്ടർമാരെ ഇക്കാര്യത്തിന് വേണ്ടി പ്രത്യേകം ട്രെയിൻ ചെയ്യിപ്പിച്ച് experts ആക്കുക. ആ വിധം അന്താരാഷ്ട്ര നിലവാരത്തിൽ ടെയിനിംഗ് കിട്ടിയവർ ഗവൺമെന്റ് സെക്റ്ററിലും വേണം. കൂടാതെ ഇവർക്കുവേണ്ട Speciality ഓപ്പികൾ തുടങ്ങുക.

6. സ്കൂൾതലം മുതലുള്ള പാഠപുസ്തകങ്ങളിൽ sex/gender/sexuality സംബന്ധിച്ച ശാസ്ത്രീയമായ അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പുവരുത്തുക.

ഇതൊക്കെ ചെയ്താലും തലച്ചോറ് പരിണമിക്കാത്തവർ സമൂഹത്തിൽ കുറച്ചെങ്കിലും പിന്നെയും കാണുമെന്ന് നമുക്കറിയാം. ഇപ്പോഴും ഭൂമി പരന്നതാണെന്ന് വിശ്വസിക്കുന്നവരുണ്ടല്ലോ. അവരെ അവഗണിക്കാനേ പറ്റൂ.. മാറ്റം വരട്ടെ. ഇനിയൊരു രക്തസാക്ഷി ഉണ്ടാവാതിരിക്കട്ടെ..

TAGS :

Next Story