ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൈഗ്രേനെ പടിക്കു പുറത്താക്കാം
മൈഗ്രേൻ ഉണ്ടെന്നു സംശയം വന്നാൽ തുടക്കത്തിൽ തന്നെ മരുന്ന് കൊടുത്ത് ശീലിപ്പിക്കാതെ, ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി നോക്കുക
തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ. ഡോക്ടറെ കാണാതെ ഭൂരിഭാഗം പേരും ഇതിന് സ്വയംചികിത്സ തേടുകയാണ് പതിവ്. എന്നാല്‍ ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും.
മൈഗ്രേൻ എങ്ങനെ വരാതെ നോക്കാം?
മൈഗ്രേൻ ഉണ്ടെന്നു സംശയം വന്നാൽ തുടക്കത്തിൽ തന്നെ മരുന്ന് കൊടുത്ത് ശീലിപ്പിക്കാതെ, ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി നോക്കുക. മൈഗ്രേൻ വരാനുള്ള ട്രിഗറുകൾ പലർക്കും പലതാണ്. അവ സ്വയം കണ്ടുപിടിച്ച് ഒഴിവാക്കുക എന്നതാണ് ഏറ്റവും നല്ല ചികിത്സ
1∙ വളരെ പിരിമുറുക്കമുള്ള സാഹചര്യത്തിൽ ജോലി ചെയ്യുന്നവർ മനസ്സ് ശാന്തമാക്കി വയ്ക്കാനുള്ള എന്തെങ്കിലും മാർഗങ്ങൾ സ്ഥിരമായി ചെയ്തു ശീലിക്കുക. മെഡിറ്റേഷൻ, പാട്ട് കേൾക്കൽ, നടത്തം, മനസ്സിനു സുഖം തരുന്ന ഹോബികൾ അങ്ങനെ എന്തെങ്കിലും ശീലിക്കാം.
2∙ മാനസിക പിരിമുറുക്കം തരുന്ന ജോലികളിൽ നിന്നും താൽക്കാലികമായി മാറി നിൽക്കണം. ടെൻഷനും ഉൽകണ്ഠയും രോഗം വർധിപ്പിക്കും.
3∙ വെയിൽ കൊള്ളുന്നത് നന്നല്ല. പുറത്തു ഇറങ്ങുമ്പോൾ, കുറച്ച് സമയത്തേക്കാണെങ്കിൽ കൂടി കുട പിടിക്കാൻ മറക്കരുത്.
4∙ പരീക്ഷയുള്ളവരും സ്ഥിരമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരും ആവശ്യത്തിന് ബ്രേക്ക് എടുക്കുക. അൽപനേരം പച്ചപ്പിലേക്ക് നോക്കിയിരിക്കുക, പുറത്തിറങ്ങി നടക്കുക തുടങ്ങിയവ ടെൻഷനും സ്ട്രെസ്സും കുറയ്ക്കും.
5∙ മൈഗ്രേൻ ഉള്ളവർ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ഇരുന്ന് വായിക്കുക, ടിവി കാണുക, മൊബൈൽ/ ലാപ്ടോപ്പ് നോക്കുക എന്നിവ നോക്കരുത്.
6∙ കഴിവതും എട്ട് മണിക്കൂർ ഇടതടവില്ലാതെ ഉറങ്ങാൻ ശ്രദ്ധിക്കണം. കൃത്യസമയം നിശ്ചയിച്ചിട്ട് അതിനപ്പുറം ഒരുകാരണവശാലും ഉറക്കമിളച്ചിരിക്കില്ലെന്ന് തീരുമാനമെടുക്കണം.
7∙ തലവേദനയുണ്ടാക്കുന്ന ഗന്ധത്തിനു കാരണമായ പെർഫ്യൂമുകൾ, ചന്ദനത്തിരികൾ, പൂക്കൾ തുടങ്ങിയവയിൽ നിന്ന് അകലം പാലിക്കണം.
8∙ ചിലർക്ക് ഗർഭനിരോധന ഗുളികകൾ തലവേദനയുണ്ടാക്കുമെന്നതിനാൽ കോപ്പർ ടി, കോൺടോം പോലുള്ള മറ്റു മാർഗങ്ങൾ സ്വീകരിക്കുക.
9∙ നിർജലീകരണം അഥവാ ഡീഹൈഡ്രേഷൻ മൈഗ്രേൻ രൂക്ഷമാക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. വീട്ടിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും ദിവസവും ഒന്നര – രണ്ടു ലീറ്റർ വരെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
10∙ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമത്തിനായി സമയം കണ്ടെത്തണം. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിൻ (endorphin) കൂടുതലായി ഉൽപാദിക്കപ്പെടും അവ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും.
11∙ മറ്റെന്തിങ്കിലും കാരണമാണോ എന്നറിയാൻ കണ്ണു പരിശോധനയും നടത്തണം.
12∙ ലളിതമായ യോഗ കൃത്യമായി പരിശീലിക്കുന്നതും മൈഗ്രേനിനെ തടയാന്‍ നല്ലതാണ്.
13∙ വിശന്നിരിക്കാതെ ഭക്ഷണം കൃത്യസമയത്തു കഴിക്കണം. രക്തത്തിലെ ഗ്ലൂക്കോസ് നിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ശരീരത്തിലെ പ്രവർത്തനങ്ങളുടെ ബാലൻസ് തെറ്റിക്കുകയും മൈഗ്രേൻ ഉള്ളവരിൽ തലവേദന വരുന്നതിന് കാരണമാകുകയും ചെയ്യാം. ചായ, കാപ്പി എന്നിവ കുടിച്ച് ശീലിച്ചവർ അതും സമയത്തു തന്നെ കുടിക്കുക.
14∙ മൈഗ്രേൻ തലവേദന കൂടിയാൽ, അത്യാവശ്യഘട്ടത്തിൽ കഴിക്കാവുന്ന മരുന്നാണ് പാരസെറ്റമോൾ ടാബ്‌ലെറ്റാണ്. സാധാരണ മൈഗ്രേൻ വന്നാൽ ഒരു ഗുളിക (ഒരു ഗ്രാം) കഴിച്ചാൽ മതിയാകും. തലവേദനയുടെ തുടക്കത്തിൽ തന്നെ കഴിക്കാൻ ശ്രദ്ധിക്കണം.
15∙ മൈഗ്രേന് പുതിയ മരുന്നുകൾ ധാരാളമുണ്ട്. വേദനയെ പെട്ടെന്നു ശമിപ്പിക്കുന്ന ഗുളിക രൂപത്തിലും ഇൻജെക്‌ഷനായും സ്പ്രേയായും ഒക്കെ ഇവ ലഭ്യമാണ്. ഈ മരുന്നുകൾ ഡോക്ടറുടെ നിർദേശമനുസരിച്ച് മാത്രം ഉപയോഗിക്കുക.
ട്രിഗറുകൾ (Trigger) കണ്ടുപിടിക്കുക, ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തി നോക്കുക, പലർക്കും മൈഗ്രേൻ പൂർണമായി മാറിയിട്ടുണ്ട്
കടപ്പാട്: ഡോ.ഡാനിഷ് സലിം
Adjust Story Font
16