Quantcast

ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിലധികവും പുകവലിക്കാത്തവർ, വില്ലനാകുന്നത് ഈ ഘടകങ്ങൾ- പഠനം

ഇന്ത്യയിലെ അർബുദ സംബന്ധമായ മരണങ്ങളിൽ ഗണ്യമായ ഒരുഭാഗം ശ്വാസകോശ അർബുദം മൂലമാണ്

MediaOne Logo

Web Desk

  • Published:

    14 July 2024 5:15 AM GMT

Lung Cancer,India ,health news,ശ്വാസകോശ അര്‍ബുദം,ഇന്ത്യയിലെ ശ്വാസകോശ അര്‍ബുദം
X

ന്യൂയോർക്ക്: ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സമീപകാല സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയിലെ അർബുദ സംബന്ധമായ മരണങ്ങളിൽ ഗണ്യമായ ഒരുഭാഗം ശ്വാസകോശ അർബുദം മൂലമാണ്. ശ്വാസകോശ സംബന്ധമായ രോഗികളിൽ ഏഷ്യയിൽ തന്നെ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ശ്വാസകോശ അർബുദമെന്നാൽ പുകവലി കൂടുന്നത് മൂലമുണ്ടാകുന്ന രോഗമെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. എന്നാൽ ഇന്ത്യയിലെ ശ്വാസകോശ അർബുദ രോഗികളിൽ ഭൂരിഭാഗവും പുകവലിക്കാത്തവരെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള ഏഷ്യയിലെ ശ്വാസകോശ അർബുദം മറ്റുഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു. എന്നിരുന്നാലും, പുകവലിക്കാത്തവരിൽ പോലും വായു മലിനീകരണം ശ്വാസകോശ അർബുദത്തിന് കാരണമാകുന്നെന്നും ഗവേഷകർ പറയുന്നു. ദി ലാൻസെറ്റ് റീജണൽ ഹെൽത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേർണലിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരടക്കമുള്ള സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്.

പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഏകദേശം പത്ത് വർഷം മുമ്പാണ് ഇന്ത്യയിൽ ശ്വാസകോശ അർബുദം പ്രത്യക്ഷപ്പെടുന്നത്.ശ്വാസകോശ അർബുദത്തിന്റെ നിരക്ക് 1990 ൽ 6.62 ശതമാനമായിരുന്നു.ഇത് 2019 ആയപ്പോഴേക്കും 7.7 ശതമാനമായി ഉയർന്നു. 2025 ഓടെ ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ രോഗികളുടെ എണ്ണം കൂടുമെന്നാണ് ഗവേഷകർ പറയുന്നത്.

2022 ലെ വേൾഡ് എയർ ക്വാളിറ്റി റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ 40 നഗരങ്ങളിൽ 37 എണ്ണവും ദക്ഷിണേഷ്യയിലാണ്. ഇതിൽ ഏറ്റവും മലിനമായ നാല് രാജ്യങ്ങളുടെ പട്ടികയിൽ ഒന്ന് ഇന്ത്യയാണെന്നും ഗവേഷകർ പറയുന്നു. 2020ൽ ഏറ്റവും കൂടുതൽ ശ്വാസകോശ അർബുദ രോഗം റിപ്പോർട്ട് ചെയ്തത് ചൈന, ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ്.ഗുരുതരമായ രീതിയിൽ വായുമലിനീകരിക്കപ്പെടുന്ന ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നാണ് ന്യൂഡൽഹി.

ആസ്‌ബെറ്റോസ്,ക്രോമിയം,കാഡ്മിയം,അർസെനിക്,കൽക്കരി,സെക്കൻഡ്ഹാൻഡ് സ്‌മോക്കിങ് തുടങ്ങിയവയെല്ലാം ശ്വാസകോശ അർബുദം വർധിപ്പിക്കുമെന്നതിന് പ്രധാനകാരണങ്ങളാണെന്നും ഗവേഷകർ പറയുന്നു. ജനിതക വ്യതിയാനത്തിന് പുറമെ ഹോർമോൺ വ്യതിയാനങ്ങളും ശ്വാസകോശ അർബുദത്തിന് കാരണമാകും. കാലാവസ്ഥാവ്യതിയാനം ഏഷ്യയിൽ ശ്വാസകോശ അർബുദം വർധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു.

പുകവലിയും ശ്വാസകോശ അര്‍ബുദവും

പുകവലിക്കുന്നവരിൽ ശ്വാസകോശ അർബുദ സാധ്യത കൂടുതലാണ്. രോഗം വരാതെ സൂക്ഷിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം പുകവലി ഉപേക്ഷിക്കുക എന്നത് തന്നെയാണ്. ശ്വാസകോശ അർബുദരോഗികളിൽ ഏറെയും പുരുഷന്മാരാണ്. 42.4 ശതമാനമാണ് പുരുഷന്മാരിലെ രോഗികളുടെ നിരക്ക്. സ്ത്രീകളിൽ ഇത് 14.2 ശതമാനമാണ്. ഇതിന് പ്രധാനകാരണം ഉയർന്ന പുകവലി ഉപയോഗമാണെന്നും പഠനത്തിൽ പറയുന്നു. നിങ്ങൾ തുടർച്ചയായി പുകവലിക്കുന്ന ശീലമുള്ളവരാണെങ്കിൽ സ്‌ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യുന്നത് എപ്പോഴും നല്ലതായിരിക്കും. ഇതുവഴി ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്താനാകും.

ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക

പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ആരോഗ്യകരമായ ഭാരം നിലനിർത്തൽ എന്നിവ ശ്വാസകോശ അർബുദം ഉൾപ്പെടെയുള്ള മൊത്തത്തിലുള്ള അർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കും.

TAGS :

Next Story