ലോകത്തിൽ 75% പേരും മരിക്കുന്നത് ഈ രോഗങ്ങൾ കൊണ്ട് ! ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
''ഓരോ രണ്ട് സെക്കന്റിലും 70 വയസിന് താഴെയുള്ള ഒരാൾ സാംക്രമികേതര രോഗങ്ങൾ ബാധിച്ച് മരിക്കുന്നു''
അസുഖങ്ങൾ ഇന്ന് നമ്മുടെ കൂടപ്പിറപ്പാണ്. പ്രധാനമായും പ്രയാമായവരിൽ പലരും പ്രമേഹമടക്കമുള്ള രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ്. എന്നാൽ ഇക്കാര്യത്തെ സംബന്ധിച്ച് ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകത്തിലെ 75% ശതമാനം ആളുകളും മരിക്കുന്നത് സാക്രമികേതര രോഗങ്ങൾ മൂലമാണ്. അതായത് പ്രമേഹം, കാൻസർ, ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം എന്നിവ മൂലമാണെന്നാണ് കണ്ടെത്തൽ. പ്രതിവർഷം 70 വയസിന് മുകളിലുള്ള 17 ദശലക്ഷം പേരും ഇക്കാരണങ്ങൾ കൊണ്ട് മരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നത്. 2025 ആകുമ്പോഴേക്കും പ്രമേഹ രോഗികൾ ഇരട്ടിക്കുമെന്നും കണ്ടെത്തലുണ്ട്.
ഇത്തരം മരണങ്ങൾ 86%വും കണ്ടുവരുന്നത് വികസ്വര, അവികസിത രാജ്യങ്ങളിലാണ്. എന്നാൽ ഈ രാജ്യങ്ങളിൽ കൃത്യമായ ചികിത്സ, പ്രതിരോധ ശേഷി, ആവശ്യമായ പരിചരണം എന്നിവയുണ്ടെങ്കിൽ രോഗങ്ങൾ മിക്കതും ഭേതമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രോഗത്തിന്റെ അപകട സാധ്യതയും രോഗപ്രതിരോധ മാർഗങ്ങളിൽ രാജ്യങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയും റിപ്പോർട്ടിൽ വിലയിരുത്തുന്നുണ്ട്.
'ഓരോ രണ്ട് സെക്കന്റിലും 70 വയസിന് താഴെയുള്ള ഒരാൾ സാംക്രമികേതര രോഗങ്ങൾ ബാധിച്ച് മരിക്കുന്നു', എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം.
അതേസമയം കാൻസർ, പ്രമേഹം പോലുള്ള അസുഖങ്ങൾ ഇന്ത്യയിൽ കുട്ടികളിൽ വർധിക്കുന്നതായ റിപ്പോർട്ടുകൾ മുൻപ് വന്നിരുന്നു. രാജ്യത്ത് ഒരു വർഷം ഒരു ലക്ഷത്തിൽ അഞ്ച് പേരിൽ ടൈപ്പ് വൺ പ്രമേഹം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ കൂടുതലും 10-14 നും ഇടയിൽ പ്രായമുള്ളവരിലാണ്. മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹം കൂടുതലായി കാണപ്പെടുന്നതെന്നും പഠനം പറയുന്നു. 14 വയസിന് താഴെയുള്ള കുട്ടികളിൽ 95,600 ടൈപ്പ് 1 പ്രമേഹ കേസുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഓരോ വർഷവും ഏകദേശം 15,900 പുതിയ കേസുകൾ ഈ പ്രായ വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും പഠനം പറയുന്നു. ഓരോ വർഷവും ഏകദേശം ഇന്ത്യയിൽ 2.5 ലക്ഷം പേർ ടൈപ്പ് 1 പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്.
കൂടാതെ 35 വയസിന് താഴെയുള്ള യുവാക്കളിൽ ഹൃദയാഘാതം വർധിച്ചുവരുന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹൃദയാഘാതം സംഭവിക്കുന്ന ഓരോ അഞ്ച് രോഗികളിലും ഒരാൾ 40 വയസിന് താഴെയുള്ളവരാണെന്നതും ആശങ്ക ഉയർത്തുന്ന കാര്യമാണ്.
Adjust Story Font
16