ഒമൈക്രോൺ ബി.ക്യു അപകടകാരിയോ? ലക്ഷണങ്ങളും മുൻകരുതലുകളും അറിയാം
ആളുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു
എല്ലാം അവസാനിച്ചു എന്ന് കരുതിയിരിക്കുമ്പോഴാണ് പുതിയ വകഭേദങ്ങളുമായി കോവിഡിന്റെ രംഗപ്രവേശനം. ലോകമെമ്പാടും ആശങ്ക ഉയർത്തിയ ഒമൈക്രോണിന്റെ പല വേരിയെന്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നിലവിൽ ഒമൈക്രോണിന്റെ ഉപവകഭേദമായ ബി.ക്യു വൈറസാണ് വില്ലനായിരിക്കുന്നത്.
യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 16.6 ശതമാനവും ഒമൈക്രോൺ ബിക്യു.1, ബിക്യു.1.1 വൈറസുകളാണെന്നാണ് പുതിയ റിപ്പോർട്ട്. ഒമിക്രോൺ ബി.എ 5ന്റെ പിൻഗാമികളായ ബി.ക്യു.1, ബി.ക്യു.1.1 രോഗബാധിതരുടെ എണ്ണം യുഎസിൽ വർധിച്ചുവരികയാണ്. ഒരാഴ്‌ചക്കുള്ളിൽ ഒമൈക്രോൺ ബി.ക്യു രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്ന് അധികൃതർ പറയുന്നു.
ഇന്ത്യയിൽ ഒമൈക്രോൺ ബി.ക്യു 1 കേസുകൾ ആദ്യമായി റിപ്പോർട്ട് ചെയ്‌തത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ബി.ക്യു വൺ രോഗി എത്തിയത് യുഎസിൽ നിന്നാണെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നിരവധി കേസുകളാണ് മഹാരാഷ്ട്രയിൽ മാത്രം റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ഇന്ത്യയിൽ പുതിയ കോവിഡ് തരംഗത്തിനുള്ള സാധ്യതയുണ്ടെന്ന സംശയം ശക്തമായി.
മാസ്‌ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും ഇളവ് നൽകിയിട്ടുണ്ടെങ്കിലും ആളുകൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
ഒമൈക്രോൺ ബി.ക്യു
ശൈത്യകാലത്ത് രോഗബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നമുക്കറിയാം. കഴിഞ്ഞ വർഷവും ഡിസംബർ-ജനുവരി മാസങ്ങളിലാണ് കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തിയത്. ഒമൈക്രോൺ ബി.ക്യു ഉപവകഭേദങ്ങൾ ആശങ്കയാകുന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണെന്ന് ദ്വാരകയിലെ എച്ച്‌സിഎംസിടി മണിപ്പാൽ ആശുപത്രിയിലെ പകർച്ചവ്യാധി കൺസൾട്ടന്റ് ഡോ അങ്കിത ബൈദ്യ വ്യക്തമാക്കി.
ലക്ഷണങ്ങൾ എന്തൊക്കെ
സാധാരണ കോവിഡ് രോഗികൾക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ തന്നെയാണ് ഒമൈക്രോൺ ബി.ക്യു രോഗികളിലും കാണപ്പെടുന്നത്. പനി, ചുമ, തൊണ്ടവേദന, തലവേദന, ക്ഷീണം, ശരീരവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
എങ്ങനെ പ്രതിരോധിക്കാം
മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് ഒമൈക്രോൺ ബി.ക്യു വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് കിറ്റും വിപണിയിൽ ലഭ്യമാണ്. ലക്ഷണങ്ങളുണ്ടെങ്കിൽ സ്വയം പരിശോധന നടത്തി ഉറപ്പ് വരുത്തണം. രോഗമുണ്ടെന്ന് തെളിഞ്ഞാൽ ഐസൊലേഷൻ ഉറപ്പാക്കുക.
മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കാൻ സ്വയം ശ്രദ്ധിക്കുക. രണ്ടുഡോസ് കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാൻ മറക്കരുത്. ഗുരുതര രോഗങ്ങളുള്ളവരെയും പ്രായമായവരെയും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും ആരോഗ്യ വിദഗ്‌ധർ നിർദ്ദേശിക്കുന്നു.
Adjust Story Font
16