ഒമിക്രോൺ വകഭേദങ്ങൾ ശരീരത്തിന്റെ പ്രതിരോധശേഷി ഇല്ലാതാക്കുന്നു; പുതിയ കണ്ടെത്തൽ
ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് പുതിയ സ്ഥിരീകരണം
ജൊഹാനസ്ബർഗ്: ഒമിക്രോണിന്റെ പുതിയ രണ്ട് വകഭേദങ്ങൾക്ക് ശരീരത്തിന്റെ പ്രതിരോധശേഷിയെ ഇല്ലാതാക്കാൻ കഴിയുന്നതായി പുതിയ പഠനം. ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് പുതിയ സ്ഥിരീകരണം. എന്നാല്‍ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ ഒമിക്രോൺ വകഭേദങ്ങൾ വളരാനുള്ള സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ച 39 പേരിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. വാക്സിൻ സ്വീകരിക്കാത്തവരിൽ വാക്‌സിൻ സ്വീകരിച്ചവരെക്കാള്‍ ആന്റിബോഡി ഉത്പാദനത്തിൽ എട്ട് മടങ്ങ് കുറവ് കണ്ടെത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ 60 ദശലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ ഏകദേശം 30% മാത്രമേ പൂർണമായി വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളൂ.
കൂടുതൽ ജാഗ്രത വേണം
അതിവ്യാപനശേഷിയുള്ള കോവിഡ് വകഭേദമായ ഒമിക്രോണിന്റെ പുതിയ പതിപ്പുകൾ കൂടുതൽ മാരകശേഷിയുള്ളതെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോണിന്റെ ആദ്യരൂപത്തിലും വേഗത്തിലാണ് പുതിയ ഉപവകഭേദമായ ബിഎ.2 പടരുന്നത്. ഒമിക്രോണോടെ കോവിഡ് മഹാമാരിക്കും അന്ത്യമാകുമെന്ന റിപ്പോർട്ടിലും വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.
സാൻഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരുടെ പഠനത്തിലാണ് പുതിയ മുന്നറിയിപ്പ്. രോഗത്തിന്റെ ഗുരുതരാവസ്ഥയ്ക്ക് അനുസരിച്ചാകും ഒമിക്രോൺ ബാധിച്ചവരിൽ ആന്റിബോഡി രൂപപ്പെടുകയെന്ന് പഠനത്തിൽ പറയുന്നു. വാക്‌സിനെടുത്തവരിലും ഒമിക്രോണിന്റെ ചെറിയ രൂപം വന്നുപോയിട്ടുണ്ടെങ്കിലും പുതിയ വകഭേദങ്ങളും ഭാവിയിൽ വരാനിരിക്കുന്ന വകഭേദങ്ങളും പടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഒമിക്രോണിൽനിന്നു ലഭിക്കുന്ന രോഗപ്രതിരോധശേഷി മറ്റ് വകഭേദങ്ങൾ തടയാൻ മാത്രം പര്യാപ്തമല്ലെന്നാണ് പഠനങ്ങളിൽനിന്ന് വ്യക്തമായതെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. രോഗപ്രതിരോധശേഷി കൂട്ടാൻ ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകേണ്ടതിന്റെ പ്രാധാന്യം ഇവർ ഊന്നിപ്പറയുന്നു.
ബിഎ.2 ചില്ലറക്കാരനല്ല
ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ബാധിച്ചവരിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി 8,541 കുടുംബങ്ങളിൽനിന്ന് ലഭിച്ച വിവരങ്ങളാണ് ഗവേഷണത്തിന് ആധാരമായത്. ബിഎ.2 ബാധിച്ചവരിൽ 39 ശതമാനം പേരിൽനിന്നും തങ്ങളുടെ വീട്ടിലുള്ളവരിലേക്ക് രോഗം പടരാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ സൂചിപ്പിക്കുന്നു. ഒമിക്രോണിന്റെ ആദ്യ രൂപത്തിൽ ഇത് 29 ശതമാനമായിരുന്നു.
ഒമിക്രോണിന്റെ ഉപവകഭേദം ആദ്യരൂപത്തെക്കാൾ അതിവ്യാപനശേഷിയുള്ളതാണെന്ന് കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് ആരോഗ്യ വൃത്തങ്ങൾ പുറത്തുവിട്ട പഠനത്തിലും വ്യക്തമാക്കിയിരുന്നു. ബൂസ്റ്റർ ഡോസ് മാത്രമാണ് ഇതിനെ ചെറുക്കാനുള്ള വഴിയെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജൻസി അറിയിച്ചത്. ഇന്ത്യയ്ക്കു പുറമെ ബ്രിട്ടൻ, ഡെന്മാർക്ക് അടക്കമുള്ള ഏതാനും രാജ്യങ്ങളിൽ മാത്രമേ ഇപ്പോൾ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.2 ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളൂ.
Adjust Story Font
16