വീട്ടിലെ ചെടിക്ക് ചാണകം ഉപയോഗിക്കാം; ഗുണമേറെ
ചാണകം കൈകാര്യം ചെയുമ്പോൾ കൈയിലോ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലോ പറ്റാതെ നോക്കണം.
വീട്ടുമുറ്റത്ത് ചെടി നട്ടുവളർത്താത്ത മലയാളികൾ അപൂർവ്വമാണ്. ഫ്‌ളാറ്റുകളുടെയും അപ്പാർട്‌മെന്റുകളുടെയും സ്ഥലപരിമിതികൾക്കിടയിലും നമ്മൾ ചെടികൾക്കായി ഇടം കണ്ടെത്തും. നന്നായി സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാകണം ചെടികൾക്കായി തെരഞ്ഞെടുക്കേണ്ടത്. ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും വെയിലു കൊള്ളുമ്പോഴേ ചെടികൾ ഊർജ്വസ്വലമായി വളരൂ.
സൂര്യപ്രകാശം പോലെ ചെടികൾക്ക് വെള്ളവും വളവും ഉറപ്പാക്കേണ്ടതുണ്ട്. കൃത്യമായ പരിചരണവും ആവശ്യമാണ്. വളങ്ങളിൽ ചാണകം എല്ലാറ്റിനും മുകളിൽ നിൽക്കുന്ന ഒന്നാണ്. ലോകം മുഴുവൻ അംഗീകരിച്ച ജൈവവളമാണ് ചാണകപ്പൊടി.
പച്ചച്ചാണകം ഉണങ്ങിയാൽ ചാണകപ്പൊടിയാകില്ല എന്നതു കൂടി അറിയണം. വെയിൽ കൊള്ളുന്നതോടെ ചാണകത്തിലെ ബാക്ടീരിയ പോലുള്ള ജീവാണുക്കൾ നശിച്ചുപോകുകയും ജലാംശം വറ്റി ഉപയോഗ ശൂന്യമായി മാറുകയും ചെയ്യുന്നു. വിറകിനു പകരമായി കത്തിക്കാൻ ഉണക്കച്ചാണകം ഉപയോഗിക്കാം. ഉത്തരേന്ത്യയുടെ പലഭാഗങ്ങളിൽ ചാണകം വിറകിന് പകരമായി ഉപയോഗിച്ചുവരുന്നുണ്ട്.
അപ്പോൾ ശരിക്കുള്ള ചാണകപ്പൊടി എങ്ങനെ ഉണ്ടാക്കാം? പച്ചച്ചാണകം തണലുള്ള സ്ഥലത്ത് മണ്ണിൽ കൂടിയിട്ട ശേഷം പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് പൊതിയുക. ശേഷം അതിനു മുകളിൽ മണ്ണിട്ടുമൂടുക. പച്ചച്ചാണകവുമായി ഒരുതരത്തിലുള്ള വായുസഞ്ചാരവും വെയിലും കൊള്ളാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. 45-60 ദിവസം അങ്ങനെ കിടക്കുമ്പോൾ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം പച്ചച്ചാണകം അഴുകുന്നു. അതിലുള്ള ജലാംശം മണ്ണിലേക്ക് ഉൾവലിഞ്ഞ് ഉണങ്ങുകയും ചെയ്യുന്നു. മണ്ണും കവറും നീക്കിക്കഴിഞ്ഞാൽ നിങ്ങൾക്ക് ഒറിജിനൽ ചാണകപ്പൊടി റെഡി.
ഇങ്ങനെയുള്ള ചാണകപ്പൊടിക്ക് ചെടിച്ചട്ടികളിൽ ജലാംശം പിടിച്ചുനിർത്താനുള്ള സവിശേഷ ശേഷിയുണ്ട്. ധാരാളം ധാതുക്കൾ (നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, മാഗ്നീഷ്യം) കൂടി അടങ്ങിയ ജൈവവളമാണ് ചാണകം. മീഥേൻ കൊണ്ട് സമ്പുഷ്ടമായതിനാൽ ബയോഗ്യാസ് ആയും ഉപയോഗിക്കാം.
ചാണകം കൈകാര്യം ചെയുമ്പോൾ കൈയിലോ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലോ പറ്റാതെ നോക്കണം. ഗ്ലൗസ് ധരിച്ചാണ് ചാണകം കൈകാര്യം ചെയ്യേണ്ടത്. പകർച്ച രോഗാണുക്കൾ ഉൾപ്പെടെ പല ബാക്ടീരിയകളും ശാസ്ത്രജ്ഞർ ചാണകത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയമായി ഒരു വിശുദ്ധിയും ഈ വിസർജ്യത്തിനില്ല എന്നുകൂടി അറിഞ്ഞിരിക്കേണ്ടതാണ്.
Adjust Story Font
16