വിഷാദരോഗമുള്ള യുവാക്കളിൽ ഹൃദ്രോഗ സാധ്യത കൂടുതൽ-പഠനം
മാസത്തിൽ 13 ദിവസം വരെ മോശം മാനസിക സ്ഥിതിയാണെന്ന് വെളിപ്പെടുത്തിയവർക്ക് ഹൃദ്രോഗ സാധ്യത 1.5 മടങ്ങ് കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു
വിഷാദരോഗം അനുഭവിക്കുന്ന യുവാക്കൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. ജോൺസ് ഹോപ്കിൻസ് മെഡിസിൻ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്. പഠനത്തിനായി 18 നും 49 നും ഇടയിൽ പ്രായമുള്ള അര ദശലക്ഷത്തിലധികം ആളുകളുടെ വിവരങ്ങൾ ഗവേഷകർ വിശകലനം ചെയ്തു. തുടർന്നാണ് ഈ കണ്ടെത്തൽ നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പിരിമുറുക്കമോ ഉത്കണ്ഠയോ വിഷാദമോ അനുഭവപ്പെടുമ്പോൾ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും ഉയരും. പുകവലി, മദ്യപാനം, ഉറക്കം കുറയുക, വ്യായാമം ഉപേക്ഷിക്കു,എപ്പോഴും മടിപിടിച്ചിരിക്കുക തുടങ്ങിയ മോശം ജീവിതശൈലിയും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഗവേഷണത്തിന് നേതൃ്വം നൽകിയ ജോൺസ് ഹോപ്കിൻസിലെ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഗരിമ ശർമ്മ പറയുന്നു.
2017 നും 2020 നും ഇടയിലാണ് ഗവേഷകർ പഠനം നടത്തിയത്. 593,616 ഓളം ആളുകളെയാണ് ഗവേഷകർ നിരീക്ഷിച്ചത്. ഹൃദയാഘാതം, പക്ഷാഘാതം, നെഞ്ചുവേദന ഹൃദയ സംബന്ധമായ അസുഖം എന്നിവ കണ്ടെത്തിയവരിൽ നല്ലൊരു ശതമാനം പേരുടെ മാനസിക ആ കാലയളവിൽ മോശമായിരുന്നെന്നും ഗവേഷണത്തിൽ കണ്ടെത്തി.
ദിവസങ്ങളോളം വിഷാദത്തിലൂടെ കടന്നുപോയവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കൂടുതലായിരുന്നെന്നും ഗവേഷകർ കണ്ടെത്തി. മാസത്തിൽ 13 ദിവസം വരെ മോശം മാനസിക സ്ഥിതിയാണെന്ന് വെളിപ്പെടുത്തിയവർക്ക് ഹൃദ്രോഗ സാധ്യത 1.5 മടങ്ങ് കൂടുതലാണെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. ഹൃദയവും മാനസികാരോഗ്യവും ഒരുപോലെ പരിപാലിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു. വിഷാദം ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നെന്നും ഹൃദ്രോഗമുള്ളവരിൽ നല്ലൊരു ശതമാനം വിഷാദരോഗം അനുഭവിക്കുന്നവരാണെന്നും ഗവേഷകർ ഊന്നിപ്പറയുന്നു.
യുവാക്കൾക്കിടയിൽ മാനസികാരോഗ്യത്തിന് മുൻഗണന നൽകേണ്ടതും മാനസികാരോഗ്യ അവസ്ഥകളുള്ളവരിൽ ഹൃദ്രോഗ പരിശോധനയും നിരീക്ഷണവും നടത്തണമെന്നും പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16