കുട്ടിക്കാലത്ത് മനസിലുണ്ടാകുന്ന മുറിവുകൾ ശരീരത്തെ വിട്ടുമാറാത്ത വേദനകളായി മാറിയേക്കാം: പഠനം
നടുവേദന, സന്ധിവാതം, തലവേദന, മൈഗ്രെയ്ൻ തുടങ്ങിയവയെല്ലാം കുട്ടിക്കാലത്തെ മാനസികാഘാതത്തിന്റെ പരിണിതഫലങ്ങളാകാം
ചെറിയ പ്രായത്തിൽ ഉണ്ടായ എന്തെങ്കിലും സംഭവങ്ങൾ ഇപ്പോഴും മനസിനെ അലട്ടുന്നവർ നിരവധിയാണ്. വീട്ടിലോ സ്‌കൂളിലോ പുറത്തെവിടെയെങ്കിലുമോ സുഖകരമല്ലാത്ത ഇത്തരം അനുഭവങ്ങൾ നമ്മളോടൊപ്പം വളരും. ആരെങ്കിലും പറഞ്ഞ വാക്കുകൾ ആണെങ്കിൽ കൂടി കുട്ടിക്കാലത്ത് മനസ്സിൽ ആഴത്തിൽ പതിഞ്ഞതാണെങ്കിൽ പിന്നീടത് മറക്കുക അസാധ്യമാണ്. ദുരനുഭവങ്ങൾ നേരിട്ട കുട്ടികൾക്ക് പിന്നീട് മനസികാഘാതം ഉണ്ടാകുന്നതും മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. എന്നാൽ, കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ മനസിനെ മാത്രമല്ല ശരീരത്തെയും ബാധിക്കുമെന്നു പുതിയ പഠനം വ്യക്തമാക്കുന്നു.
ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയി ദുരുപയോഗം ചെയ്യപ്പെട്ട കുട്ടികളിലും അല്ലെങ്കിൽ മാതാപിതാക്കളിൽ നിന്ന് അവഗണന നേരിട്ട കുട്ടികളിലും പ്രായപൂർത്തിയാകുമ്പോൾ വിട്ടുമാറാത്ത പല ശാരീരികവേദനകൾക്കും വൈകല്യങ്ങൾക്കും ഇടയാക്കുന്നുവെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് സൈക്കോട്രോമാറ്റോളജി പിയർ-റിവ്യൂഡ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നത്. സതേൺ ഡെന്മാർക്കിലെ ഗവേഷകർ 75 വർഷം നീണ്ടുനിൽക്കുന്ന ഗവേഷണത്തിൽ നടത്തിയ പഠനത്തിനൊടുവിലാണ് കണ്ടെത്തൽ.
18 വയസിന് മുൻപ് മനസിനുണ്ടായ ഏത് തരത്തിലുള്ള ആഘാതങ്ങളും പിൽക്കാലത്ത് ശാരീരികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനം പറയുന്നു. ഗാർഹിക പീഡനം, ലഹരി ഉപയോഗം, പ്രിയപ്പെട്ട ഒരാളുടെ വിയോഗമോ നഷ്ടമോ ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മനസികാഘാതങ്ങൾ ശാരീരിക വേദനകളായി പരിണമിക്കാമെന്ന് ഗവേഷകർ കണ്ടെത്തി. 826,452 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ശാരീരികമായി ദുരുപയോഗം ചെയ്യപ്പെട്ടവരിലാണ് വിട്ടുമാറാത്ത വേദനകളുടെ സാധ്യത കൂടുതൽ.
ലോകമെമ്പാടുമുള്ള 1 ബില്ല്യണിലധികം കുട്ടികൾ ഓരോ വർഷവും പ്രതികൂല ബാല്യകാല അനുഭവങ്ങളിലൂടെ(Adverse childhood experiences ACEs) കടന്നുപോകുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ആഗോള ശിശു ജനസംഖ്യയുടെ പകുതി കുട്ടികൾ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നു എന്നത് ആശങ്കാജനകമായ കാര്യമാണെന്ന് കാനഡയിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഫിസിക്കൽ & ഒക്യുപേഷണൽ തെറാപ്പിയുടെ പ്രധാന എഴുത്തുകാരനായ ഡോ ആന്ദ്രെ ബുസിയേഴ്സ് പറയുന്നു. കുട്ടിക്കാലത്ത് മാനസികാഘാതത്തിന് വിധേയരായ വ്യക്തികൾക്ക് പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിനും ദീർഘകാല ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലുകളും പിന്തുണാ സംവിധാനങ്ങളും വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
നടുവേദന, സന്ധിവാതം, തലവേദന, മൈഗ്രെയ്ൻ തുടങ്ങിയവയെല്ലാം കുട്ടിക്കാലത്തെ മാനസികാഘാതത്തിന്റെ പരിണിതഫലങ്ങളാകാം. ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കും വിധം ഈ വേദനകൾ ശരീരത്തെ പിടികൂടും. ജോലി ചെയ്യാനോ ശരിയായി ഭക്ഷണം കഴിക്കാനോ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേർന്നേക്കാമെന്നും ഗവേഷകർ പറയുന്നു.
ഒരാൾക്ക് മാനസികാഘാതം ഉണ്ടാകുമ്പോൾ ശരീരം അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. ഇത് കുട്ടിക്കാലത്ത് മാറിയില്ലെങ്കിൽ ദീർഘകാലാടിസ്ഥാനത്തിൽ തുടർന്നേക്കാം. എന്നാൽ, ഈ മാനസിക സമ്മർദം വളരുന്നതിന് ശേഷവും തുടരുകയാണെങ്കിൽ മസ്തിഷ്ക വികാസത്തിൽ നാഡീസംബന്ധമായ തകരാറുകൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. അതിനാൽ, ബാല്യകാലത്തെ ദുരനുഭവങ്ങൾ നേരിട്ടവർക്ക് വിട്ടുമാറാത്ത വേദനകളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ അടിവരയിടുന്നു. വിഷയത്തിന്റെ ശാസ്ത്രീയവശങ്ങളെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു.
Adjust Story Font
16