ഗർഭാവസ്ഥയിൽ കോവിഡ് വാക്‌സിൻ സുരക്ഷിതമെന്ന് പഠനം
പഠനത്തിൽ ഉൾപ്പെടുത്തിയ സ്ത്രീകളിൽ 10,064 പേർ ഗർഭകാലത്ത് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്
ഗർഭാവസ്ഥയിൽ സ്ത്രീകൾ വാക്‌സിൻ സ്വീകരിക്കുന്നത് പ്രത്യാഘാതങ്ങൾ സൃഷ്ടിക്കില്ലെന്ന് പഠനം. 40,000ത്തിലധികം ഗർഭിണികളെ അടിസ്ഥാനമാക്കിയുള്ള യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനത്തിലാണ് സുപ്രധാന കണ്ടത്തൽ. ഗർഭാവസ്ഥയിൽ കോവിഡ് 19 വാക്‌സിൻ സ്വീകരിക്കുന്നത് മാസം തികയാതെയുള്ള ജനനത്തിനോ കുഞ്ഞുങ്ങളുടെ സാധാരണ ഭാരത്തിൽ കുറവു വരുന്നതിനോ കാരണമാകില്ലെന്ന് പഠനത്തിൽ പറയുന്നു. എന്നാൽ കോവിഡ് 19 ബാധിച്ച ഗർഭിണികൾക്ക് രോഗ തീവ്രതയ്ക്കും മരണത്തിനും സാധ്യത കൂടുതലാണെന്ന് യുഎസിലെ യേൽ യൂണിവേഴ്സിറ്റി ഗവേഷകർ അഭിപ്രായപ്പെട്ടു.
പലരിലും വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള തടസമായി വരുന്നത് വാക്‌സിന്റെ സുരക്ഷയെ കുറിച്ചുള്ള അറിവില്ലായ്മയാണെന്നും വാക്‌സിനേഷൻ ഗർഭധാരണത്തെ ബാധിക്കുമോയെന്ന ആശങ്കയാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. ഗർഭിണികളിൽ കോവിഡിനെതിരെ വാക്‌സിൻ എടുക്കുന്നത് നിർബന്ധമാണെന്ന് യേൽ സ്‌കൂൾ ഓഫ് മെഡിസിനിലെ അസോസിയേറ്റ് പ്രൊഫസർ ഹീതർ ലിപ്കിൻഡ് പറഞ്ഞു.
പഠനത്തിൽ ഉൾപ്പെടുത്തിയ സ്ത്രീകളിൽ 10,064 പേർ ഗർഭകാലത്ത് വാക്‌സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചവരാണ്. വാക്‌സിനേഷൻ എടുത്തവരിൽ ഏതാണ്ട് 96 ശതമാനം പേർക്കും ഫൈസർ അല്ലെങ്കിൽ മോഡേണ വികസിപ്പിച്ച mRNA വാക്‌സിനോ ആണ് ലഭിച്ചത്. പ്രതിരോധ വാക്‌സിൻ സ്വീകരിച്ച ഗർഭിണികളിൽ ഭൂരിപക്ഷം പേരും അവരുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ മാസത്തിൽ വാക്‌സിൻ സ്വീകരിച്ചവരാണെന്നതും പഠനത്തിൽ ശ്രദ്ധേയമായ കാര്യമാണ്.
Adjust Story Font
16