ചൊറിച്ചിൽ.. കണ്ണിന് ചുറ്റും വീക്കം; കേടായ കിഡ്‌നിയുടെ ലക്ഷണങ്ങൾ മുഖത്തറിയാം
തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചിലപ്പോൾ വൃക്കരോഗ ലക്ഷണമായിരിക്കാം
പയറിനോട് സാമ്യമുള്ള ഒരു കുഞ്ഞ് അവയവമാണെങ്കിലും വൃക്കകൾ ഇല്ലെങ്കിൽ നമ്മുടെ ശരീരം തന്നെ പണിമുടക്കുമെന്ന കാര്യം അറിയാമല്ലോ! വൃക്കരോഗങ്ങൾ എന്ന് കേൾക്കുമ്പോൾ ആദ്യം മൂത്രത്തിൽ കല്ല് പോലെയുള്ള അവസ്ഥകളാകും ഓർമ വരിക. എന്നാൽ, അതിലും ഗുരുതരമായേക്കാവുന്ന ഒരുപാട് രോഗങ്ങൾ വൃക്കകളെ പിടികൂടിയേക്കാം. നമ്മുടെ ശരീരം തന്നെ അതിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ കാട്ടിത്തരുമെങ്കിലും ഭൂരിഭാഗം ആളുകളും അത് അവഗണിക്കാറാണ് പതിവ്.
രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ മൂത്രമാക്കി പുറന്തള്ളപ്പെടുകയും ചെയുന്നത് കൊണ്ട് തന്നെ ശരീരത്തിന്റെ സ്വാഭാവിക ആരോഗ്യം നിലനിർത്താൻ വൃക്കകളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചുവന്ന രക്താണുക്കളെ നിർമ്മിക്കുകയും ശരീരത്തിലെ പിഎച്ച് അളവ് നിയന്ത്രിക്കുകയും ചെയ്യുന്നതും തുടങ്ങി നിരവധി ഉത്തരവാദിത്തങ്ങളാണ് വൃക്കകൾ നിർവഹിക്കുന്നത്. അതിനാൽ, തന്നെ വൃക്കകൾക്കുണ്ടാകുന്ന ചെറിയ ബുദ്ധിമുട്ടുകൾ പോലും ശരീരത്തിന്റെ പ്രവർത്തനങ്ങളെ സങ്കീർണമാക്കിയേക്കും.
തുടക്കത്തിൽ തന്നെ രോഗനിർണയം നടത്തിയാൽ ഗുരുതരമാകുന്നതിന് മുൻപ് തന്നെ പല വൃക്കരോഗങ്ങളും ചികിൽസിച്ച് ഭേദമാക്കാൻ സാധിക്കും. അതിന് ശരീരം കാട്ടിത്തരുന്ന ലക്ഷണങ്ങൾ തിരിച്ചറിയുകയാണ് പ്രധാനം. ശരീരം തരുന്ന ഈ സിഗ്നലുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുവേണം മുന്നോട്ട് പോകാൻ. അധികം ശ്രദ്ധിക്കാതെ പോകുന്ന ആ ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം:-
മുഖത്തറിയാം മാറ്റം
ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളുക എന്നതാണല്ലോ വൃക്കകളുടെ പ്രധാന ധർമം. വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ ഈ പ്രധാന പ്രക്രിയ തടസപ്പെടും. ഇത് ശരീര കോശങ്ങളിൽ അധിക വെള്ളവും ഉപ്പും അടിഞ്ഞുകൂടുന്നതിനൊപ്പം വിഷവസ്തുക്കളും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നതിനും ഇടയാക്കും. ഇത് മുഖത്തും കാലുകളിലും നീർവീക്കമുണ്ടാക്കും. കണ്ണിന് ചുറ്റും കാണുന്ന വീക്കവും വൃക്കതകരാറിനെ ലക്ഷണമാകാം.
വിളർച്ച
ചുവന്ന രക്താണുക്കൾ വൃക്കകളും ഉണ്ടാക്കുന്നുണ്ട്. അവയുടെ അഭാവം വിളർച്ചയ്ക്ക് കാരണമാകും. തുടർന്ന് തലച്ചോറിലേക്കും പേശികളിലേക്കുമുള്ള ഓക്സിജനും പോഷകവിതരണവും തടസപ്പെടാൻ ഇടയാക്കും. ഇതുമൂലം പതിവിന് വിപരീതമായി വല്ലാത്ത ക്ഷീണം നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം.
ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നോ..!
അനാരോഗ്യകരമായ വൃക്കകളുടെ സൂചനകൾ പ്രധാനമായും മൂത്രത്തിലൂടെയാണ് അറിയുന്നത്. മാലിന്യങ്ങൾ പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയാണല്ലോ. വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ അത് മൂത്രനാളിയിൽ ക്രമക്കേടുകൾക്ക് കാരണമാകും. വെള്ളം കുടിച്ചാലും ഇല്ലെങ്കിലും ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത് വൃക്കകളുടെ തകരാറാകും സൂചിപ്പിക്കുന്നത്. ചിലരുടെ മൂത്രത്തിൽ രക്തം കണ്ടേക്കാം. നുരയും കുമിളയും നിറഞ്ഞ മൂത്രവും സൂചിപ്പിക്കുന്നത് വൃക്ക തകരാറിനെ തന്നെയാണ്.
ശ്വാസംമുട്ടൽ
ശ്വാസംമുട്ടലും വൃക്കയുടെ എന്താണ് ബന്ധമെന്നാണോ! നമ്മുടെ ശരീരത്തിലെ ദ്രാവകം (fluid) സന്തുലിതമാക്കുന്നതിന് വൃക്കകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വൃക്കസംബന്ധമായ പ്രശ്നങ്ങൾ നിങ്ങളുടെ ശ്വാസകോശത്തിൽ കൂടുതൽ ദ്രാവകം അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ഇത് ശ്വാസതടസത്തിന് കാരണമാകും. ഇതിനെ ഫ്‌ളുയിഡ് ഓവർലോഡ് അല്ലെങ്കിൽ ഹൈപ്പർവോളീമിയ എന്നും വിളിക്കുന്നു.ചില ആളുകൾക്ക് നെഞ്ചുവേദനയും അനുഭവപ്പെടാം. പലരും ഇത് മറ്റ് രോഗങ്ങളുമായി തെറ്റിദ്ധരിക്കപ്പെടുകയാണ് പതിവ്.
ഹൃദയസംബന്ധമായ അസുഖങ്ങളുമായാണ് പലപ്പോഴും ശ്വാസതടസത്തെ തെറ്റിദ്ധരിക്കപ്പെടുക. എന്നാൽ, ഒരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ചികിത്സ തുടങ്ങുക. സ്വയം ചികിത്സ ചിലപ്പോൾ വൃക്കകളുടെ അവസ്ഥ കൂടുതൽ വഷളാക്കിയേക്കാം.
ചർമത്തിലെ ചൊറിച്ചിൽ
ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലും നിസാരമായി കാണരുത്. തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പും ചൊറിച്ചിലും ചിലപ്പോൾ വൃക്കരോഗ ലക്ഷണമായി മാറിയേക്കാം. രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും അസന്തുലിതാവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. രക്തത്തിലെ ഫോസ്ഫറസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതും ചൊറിച്ചിലിനും വരണ്ട ചർമത്തിനും കാരണമായേക്കാം.
എങ്ങനെ മെച്ചപ്പെടുത്താം വൃക്കരോഗ്യം
ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുകയാണ് പ്രധാനം. ആവശ്യത്തിന് വ്യായാമം ചെയ്‌ത് ആരോഗ്യകരമായ ഭാരം നിലനിർത്തണം. നല്ല ഉറക്കം കിട്ടേണ്ടതും പ്രധാനമാണ്. മദ്യപാനം കഴിവതും ഒഴിവാക്കുക. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കണം. മാനസിക സമ്മർദ്ദം നിയന്ത്രിക്കേണ്ടതും പ്രധാനമാണ്.
സൂക്ഷിക്കേണ്ടത് ആരൊക്കെ..
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവയിൽ ഏതെങ്കിലുമുള്ളവർക്ക് വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, കുടുംബത്തിൽ ആർക്കെങ്കിലും നേരത്തെ വൃക്കരോഗങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതായത് വൃക്കരോഗ പാരമ്പര്യമുള്ളവരും സൂക്ഷിക്കേണ്ടതുണ്ട്. കൂടാതെ, പുകവലി, മദ്യപാനം, കൊക്കെയ്ൻ, ഹെറോയിൻ മറ്റ് മാരക മയക്കുമരുന്നുകൾ എന്നിവയുടെ ഉപയോഗവും വൃക്കതകരാറിനുള്ള സാധ്യത വർധിപ്പിക്കും.
Adjust Story Font
16