ഉറക്കം ആറ് മണിക്കൂറിൽ താഴെയാണോ? എങ്കിൽ ഹൃദയത്തിന് പണിയാണ്
സ്ഥിരമായ ഉറക്കക്കുറവ് രക്തസമ്മർദം വർധിപ്പിക്കും, ഇത് ഹൃദയസ്തംഭനത്തിലേക്കും വൃക്കരോഗത്തിലേക്കും നയിക്കും
ഹൃദയാരോഗ്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്‌നമാണ് ഉറക്കക്കുറവ്. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
2021-ൽ നടത്തിയ ഒരു പഠനത്തിൽ, ഉറക്കമില്ലായ്മ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലമാണെന്നാണ് പറയുന്നത്. ശരിയായ ഉറക്കമില്ലാത്തത് മാത്രമല്ല, മാനസിക സമ്മർദം, വ്യായാമങ്ങളിൽ ഏർപ്പെടാതിരിക്കുക, കൃത്യ സമയത്ത് നല്ല ഭക്ഷണം കഴിക്കാതിരിക്കുക എന്നിവയും ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ്. ഉറക്കക്കുറവ് ഒരു വ്യക്തിയുടെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കും. ഹൃദയാഘാതം, വിഷാദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യതയും ഇത്തരക്കാരിൽ കൂടുതലാണ്.
കൂടാതെ, സ്ഥിരമായ ഉറക്കക്കുറവ് രക്തസമ്മർദം വർധിപ്പിക്കും , ഇത് ഹൃദയസ്തംഭനത്തിലേക്കും വൃക്കരോഗത്തിലേക്കും നയിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ ശരീരം കൂടുതൽ സ്ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഇത് രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും നിങ്ങളുടെ രക്തസമ്മർദം വർധിപ്പിക്കുകയും ചെയ്യുന്നു.
ശരീരഭാരം കൂടുന്നതിനു പുറമേ, ഉറക്കക്കുറവ് നിങ്ങളുടെ ശരീരം ഗ്ലൂക്കോസ്, ഇൻസുലിൻ, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെയും ബാധിക്കും.
. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാൻ ശ്രമിക്കുക. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും പോലും ഈ സമയം പിന്തുടരുക. ഉറക്കത്തിന് മാത്രമല്ല ഉണരാനും ഈ സമയക്രമം പാലിക്കണം. ഈ ശീലം ഗുണനിലവാരമുള്ള ഉറക്കത്തിന് സഹായിക്കും.
. ഉറങ്ങാനായുള്ള സമയത്ത് കഫീൻ, ആൽക്കഹോൾ, നിക്കോട്ടിൻ എന്നിവ ഒഴിവാക്കുക. ഈ പദാർത്ഥങ്ങൾ നിങ്ങളുടെ നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം കുറക്കും.
. ഉറങ്ങാൻ എപ്പോഴും ശാന്തമായ അന്തരീക്ഷം തെരഞ്ഞെടുക്കുക. നിങ്ങളുടെ കിടപ്പുമുറി ഇരുണ്ടതും തണുപ്പുള്ളതും സൗകര്യപ്രദവുമാണെന്ന് ഉറപ്പാക്കുക. ഉറങ്ങുന്നതിന് മുമ്പ് ടി.വിയും മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഒഴിവാക്കുക . ടിവികൾ, കമ്പ്യൂട്ടറുകൾ, സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചത്തിന് നിങ്ങളുടെ ഉറക്കത്തിനെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപ്പാദനത്തെ കുറക്കാൻ കഴിയും.
. പതിവായി വ്യായാമം ചെയ്യുന്നതിലൂടെ സമ്മർദം കുറയുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ നന്നായി ഉറങ്ങാൻ സഹായിക്കും. ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. പകൽ ഉറക്കം പരിമിതപ്പെടുത്തുക. രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാത്തവർക്ക് പകൽ ഉറക്കം പ്രയോജനകരമാകുമെങ്കിലും, ഇത് നിങ്ങളുടെ രാത്രിയിലെ ഉറക്കത്തിന്റെ ഗുണനിലവാരത്തിനെയും ഉറക്ക സമയത്തെയും ബാധിക്കും .
നിങ്ങൾക്ക് ഉറക്കക്കുറവ് ഉണ്ടെങ്കിലോ സ്ഥിരമായി ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടെങ്കിലോ പ്രൊഫഷണൽ സഹായം തേടുക. പ്രത്യേകിച്ച് കൂർക്കം വലി, ശ്വാസം മുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ.
Adjust Story Font
16