എന്നും ആറുമണിക്കൂറിൽ താഴെയാണോ ഉറങ്ങാറുള്ളത്?; ഹൃദയത്തെ എങ്ങനെ ബാധിക്കുന്നത് ഇങ്ങനെയാണ്...
സ്ഥിരമായി കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നവരിൽ രക്തസമ്മർദത്തിന്റെ അളവ് വർധിക്കും
ഹൃദയാരോഗ്യത്തിന് പലപ്പോഴും വില്ലനായി എത്തുന്നത് ഉറക്കക്കുറവാണ്. ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഒരു നിര തന്നെ ഉറക്കക്കുറവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
2021-ൽ നടത്തിയ ഒരു പഠനത്തിൽ, ഉറക്കമില്ലായ്മ ഹൃദയത്തെ ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇത് സമ്മർദത്തിനും ക്ഷീണത്തിനും കാരണമാകും. ദിവസവും ആറ് മണിക്കൂറിൽ താഴെ ഉറങ്ങുന്ന മുതിർന്ന ആളുകളിൽ ഹൃദയാഘാതം, വിഷാദം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മാത്രവുമല്ല, ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
കൂടാതെ, സ്ഥിരമായി കുറഞ്ഞ സമയം മാത്രം ഉറങ്ങുന്നവരിൽ രക്തസമ്മർദത്തിന്റെ അളവ് വർധിക്കും. ഇത് ഹാർട്ട് അറ്റാക്കിന് പുറമെ വൃക്കരോഗത്തിനും ഇടയാക്കും.വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ, ശരീരം കൂടുതൽ സ്‌ട്രെസ് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു, ഇതാണ് പലപ്പോഴും രക്തസമ്മർദം വർധിക്കാൻ കാരണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. മുതിർന്നവർ എന്നും കുറഞ്ഞത് ഏഴുമുതൽ ഒമ്പതുമണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കണമെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പറയുന്നത്.
നല്ല ഉറക്കം എങ്ങനെ സാധ്യമാക്കാം...
- എന്നും ഒരേസമയത്ത് ഉറങ്ങാൻ ശ്രമിക്കുക. അവധി ദിവസങ്ങളിൽ പോലും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക.
- ഉറങ്ങാൻ പോകുന്നതിന് മുമ്പ് കഫീൻ, ആൽക്കഹോൾ, നിക്കോട്ടിൻ, ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണം എന്നിവ ഒഴിവാക്കുക.
- ഉറങ്ങാൻ സുഖകരവും സന്തോഷവും നൽകുന്ന അന്തരീക്ഷം ഒരുക്കുക. കിടപ്പുമുറിയിൽ ഉറങ്ങാൻ സഹായിക്കുന്ന രീതിയിലുള്ള വെളിച്ചവും കാറ്റും ഉറപ്പ് വരുത്തുക.
- ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീൻ സമയം കുറക്കുക. മൊബൈൽ ഫോണുകൾ കാണുന്നത് പ്രത്യേകിച്ച് ഒഴിവാക്കുക. ടിവികൾ, കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾ പുറപ്പെടുവിക്കുന്ന നീലവെളിച്ചം ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉൽപാദനത്തെ കുറക്കാൻ സാധിക്കും.
- പതിവായി വ്യായാമം ചെയ്യുക
- പകൽ ഉറക്കം പരിമിതപ്പെടുത്തുക. ചില ആളുകൾക്ക്, പ്രത്യേകിച്ച് രാത്രിയിൽ വേണ്ടത്ര ഉറക്കം ലഭിക്കാത്തവർക്ക്, പകലുറങ്ങുന്നത് പ്രയോജനം ചെയ്യും.എന്നാൽ അമിതമായി പകൽ ഉറങ്ങുന്നത് രാത്രിയിലെ നിങ്ങളുടെ ഉറക്കത്തെ ബാധിക്കും.
- സ്ഥിരമായി ഉറക്കക്കുറവോ, ഉറങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിലോ ഡോക്ടറുടെ സഹായം തേടുക.
Adjust Story Font
16