ഒന്നേയുള്ളെങ്കിലും ഉലക്കക്കടിക്കാൻ നിൽക്കേണ്ട! കുട്ടിക്കാലത്ത് മനസിലുണ്ടാകുന്ന മുറിവുകൾ മാറാൻ സമയമെടുക്കും
കുട്ടികളുടെ മാനസികാരോഗ്യത്തിൽ മാതാപിതാക്കൾ മാത്രമല്ല അധ്യാപകരും സ്വാധീനം ചെലുത്തുണ്ട്.
കുട്ടികളുടെ മുന്നിലൊരു ചാക്കോ മാഷാണോ നിങ്ങൾ! അച്ചടക്കത്തോടെ വളർത്തേണ്ടത് അത്യാവശ്യമാണെങ്കിലും അതിനായി തൊട്ടതിനൊക്കെ കുട്ടിയെ ശിക്ഷിക്കാറുണ്ടോ. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിൽ കൂടി പരുക്കൻ രീതിയിൽ കുട്ടികളെ വഴക്കു പറയുന്നുണ്ടെങ്കിൽ ഇനിയൊരല്പം നിയന്ത്രിക്കാം. മാതാപിതാക്കളിൽ നിന്ന് കഠിനമായ ശിക്ഷണം പതിവായി അനുഭവിക്കുന്ന കൊച്ചുകുട്ടികൾക്ക് ദീർഘകാല മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ ഗവേഷണം.
കേംബ്രിഡ്ജ്, ഡബ്ലിൻ സർവ്വകലാശാലകളിൽ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനം നടത്തിയത്. കണിശമായ രക്ഷാകർതൃത്വത്തിന് വിധേയരായ മൂന്നുവയസുള്ള കുട്ടികൾ അവരുടെ സഹപാഠികളേക്കാൾ 1.5 മടങ്ങ് കൂടുതൽ മാനസികാരോഗ്യ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. ഏകദേശം ഒൻപത് വയസാകുന്നതോടെ ഈ കുട്ടികളുടെ മാനസികാരോഗ്യം അപകടകരമായ നിലയിലേക്ക് മാറുന്നതാണ് പഠനത്തിൽ കണ്ടെത്തി. 7,500-ലധികം കുട്ടികളെ ഉൾപ്പെടുത്തിയാണ് പഠനം നടത്തിയത്
എല്ലാ സമയത്തും കുട്ടികളോട് ആക്രോശിക്കുക, അവരെ വഴക്കുപറയുക, അനുസരണക്കേട് കാണിക്കുമ്പോൾ അവരോട് സംസാരിക്കാതെയിരുന്ന് ഒറ്റപ്പെടുത്തുക അല്ലെങ്കിൽ നിങ്ങളുടെ മാനസികാവസ്ഥയോ അപ്പോഴത്തെ മൂഡ് അനുസരിച്ചോ കുട്ടികളോട് പെരുമാറുക തുടങ്ങിയവയാണ് കുട്ടികളെ സാരമായി ബാധിക്കുക. ഇത്തരം പെരുമാറ്റരീതികൾ കുട്ടികളുടെ സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. അവരുടെ ആത്മവിശ്വാസം പോലും നഷ്ടപ്പെട്ടേക്കാം.
ഉത്കണ്ഠ, സാമൂഹിക വിവേചനം, അക്രമാസക്തമായ പെരുമാറ്റം, ഹൈപ്പർ ആക്ടിവിറ്റി തുടങ്ങിയവ ഇതിന്റെ പരിണിതഫലങ്ങളിൽ ചിലത് മാത്രമാണ്. കുട്ടികളുടെ മാനസികാരോഗ്യത്തെ മാതാപിതാക്കൾ മാത്രമല്ല അധ്യാപകരും സ്വാധീനം ചെലുത്തുണ്ട്. അതിനാൽ, കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ വലിയ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്. കഴിവതും കാര്യങ്ങൾ സൗമ്യമായ രീതിയിൽ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം.
സ്വന്തം വീടുകളിൽ നിന്നാണ് കുട്ടിയുടെ സ്വഭാവം രൂപപ്പെടുന്നത്. അവരുടെ സ്വഭാവത്തിന്റെ അടിത്തറ മാതാപിതാക്കൾ നൽകുന്ന പരിചരണം തന്നെയാണ്. പുറമെയുള്ള കാര്യങ്ങളാൽ സ്വാധീനിക്കപ്പെടുമ്പോൾ അത് മനസിലാക്കി അവരെ തിരുത്തുക എന്നത് പ്രധാനമാണ്. എന്നാൽ, അത് കുട്ടികൾ പൂർണമായി സ്വീകരിക്കുന്ന രീതിയിൽ കൂടിയാകണം. മാതാപിതാക്കൾ ആദ്യം സ്വയം നിയന്ത്രിക്കുകയാണ് വേണ്ടത്.
Adjust Story Font
16