'ഉറങ്ങാൻ കിടക്കുമ്പോൾ റീൽസ് കാണുന്നവരാണോ?' 'പണി കിട്ടുമെന്ന്' പഠനം
യുവാക്കളും മധ്യവയസ്കരും ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വീഡിയോകൾ കാണുന്നതും ഹൈപ്പർടെൻഷനും തമ്മിലുള്ള പരസ്പരബന്ധം കണ്ടത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം
ബെയ്ജിങ്: സമൂഹമാധ്യമങ്ങളിൽ നിരന്തരം റീലുകളും ഷോർട്സുകളും കാണുന്നവരിൽ ഉയർന്ന രക്തസമ്മർദമെന്ന് പഠനം. ചൈനയിലെ ഹെബെയ് മെഡിക്കൽ സർവകലാശാലയുടെ കീഴിലുള്ള ദി ഫസ്റ്റ് ഹോസ്പിറ്റൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. യുവാക്കളും മധ്യവയസ്കരും ഉറങ്ങാൻ കിടക്കുമ്പോൾ ചെറിയ വിഡിയോകൾ കാണുന്നതും ഹൈപ്പർടെൻഷനും തമ്മിലുള്ള പരസ്പരബന്ധം കണ്ടത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
ഉറങ്ങേണ്ട സമയങ്ങളിൽ ഷോർട്ട്സ് വീഡിയോ കണ്ടിരുന്ന യുവാക്കളും മധ്യവയസ്‌ക്കരും ഉൾപ്പെടെ 4318 പേരെ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഉറക്കസമയങ്ങളിൽ ഷോർട്സുകളും റീലുകളും കാണുന്നതിലൂടെ കൂടുതൽ സ്‌ക്രീൻ സമയം ചെലവഴിക്കുന്നത് ഉയർന്ന ഹൈപ്പർടെൻഷൻ ഉണ്ടാകുന്നതിന് കാരണമാകുന്നുവെന്നാണ് പഠനം കണ്ടെത്തിയത്.
ഉറക്കസമയത്ത് ഷോർട്സ് വിഡിയോകൾ കാണുന്നതിന് ചെലവഴിക്കുന്ന സ്‌ക്രീൻ സമയത്തിൽ കർശന നിയന്ത്രണം കൊണ്ടുവരണമെന്നും ഗവേഷകർ ആവശ്യപ്പെട്ടു. കൂടാതെ, ശരീരഭാരം, രക്തത്തിലെ ലിപിഡുകൾ, രക്തത്തിലെ ഗ്ലൂക്കോസ്, യൂറിക് ആസിഡ് എന്നിവയുടെ അളവ് നിയന്ത്രിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.
ആഴ്ചയിൽ 30 മിനിറ്റോ അതിൽ കൂടുതലോ നീണ്ട മൊബൈൽ ഫോൺ ഉപയോഗം ഉയർന്ന രക്തസമ്മർദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് നേരത്തെ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജിയുടെ (ESC) ജേണലായ യൂറോപ്യൻ ഹാർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നത്, മൊബൈൽ ഫോണുകളിൽ നിന്ന് പുറന്തള്ളുന്ന റേഡിയോ ഫ്രീക്വൻസി എനർജിയുടെ അളവ് കുറയുന്നത് രക്തസമ്മർദത്തിൻ്റെ വർദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 30 മുതൽ 79 വയസ്സ് വരെ പ്രായമുള്ള 130 കോടി ആളുകളിൽ ഉയർന്ന രക്തസമ്മർദമുണ്ട്. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും പ്രധാന കാരണമാണ് രക്തസമ്മർദം.
Adjust Story Font
16