പെട്ടെന്നുള്ള ഹൃദയാഘാതം; കാരണങ്ങൾ? തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
നിശബ്ദമായി പടരുന്ന പകർച്ചവ്യാധി എന്നാണ് ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ ഹൃദയാഘാതത്തെ കുറിച്ച് നൽകുന്ന മുന്നറിയിപ്പ്
ഇന്ന് ലോകഹൃദയദിനം. ഹൃദയാരോഗ്യത്തിന്റ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കരിക്കാനും ഹൃദ്രോഗം തടയാനും 2000 മുതലാണ് ഹൃദയദിനം ആചരിച്ചു തുടങ്ങിയത്. നിലവിൽ ഏറ്റവും കൂടുതൽ ആശങ്കയാകുന്നത് പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതമാണ്. നിശബ്ദമായി പടരുന്ന പകർച്ചവ്യാധി എന്നാണ് ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ ഹൃദയാഘാതത്തെ കുറിച്ച് നൽകുന്ന മുന്നറിയിപ്പ്.
കൂടുതലും യുവാക്കളിലാണ് ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്. കോവിഡിന് പിന്നാലെ വർധിച്ചുവരുന്ന ഹൃദയാഘാതവും ആശങ്കയാവുകയാണ്. കോവിഡ് കാലത്ത് ഹൃദ്രോഗ സാധ്യത എഴുപത് ശതമാനത്തോളം കൂടിയെന്നും റിപ്പോർട്ടുകളുണ്ട്.
ഹൃദ്രോഗ സാധ്യത കൂടാനുള്ള കാരണമായി ആരോഗ്യ വിദഗ്‌ധർ പ്രധാനമായും ചൂണ്ടിക്കാട്ടുന്ന ഒരു കാരണം സമ്മർദ്ദമാണ്. മാനസിക- ശാരീരിക സമ്മർദ്ദങ്ങൾ ഹൃദ്രോഗം അടക്കമുള്ള രോഗങ്ങളെ വിളിച്ചുവരുത്തും. ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ശുചിത്വമാണ് പ്രധാനം. ദന്തശുചിത്വം അടക്കമുള്ളവക്ക് ഹൃദ്രോഗവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകുമോ! എന്നാൽ, മോണരോഗങ്ങൾ ഹൃദ്രോഗ സാധ്യത അൻപത് ശതമാനം കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമിതവ്യായാമമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. എല്ലാ ആഴ്ചയിലും 150 മിനിറ്റ് വ്യായാമം, ഇതാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. അമിതമാവുകയാണെങ്കിൽ അപകടസാധ്യത കൂടും. കൃത്യമായ, പതിവായ വ്യായാമം ഹൃദയമിടിപ്പ് മെച്ചപ്പെടുത്തുകയും ഹൃദയ പേശികൾക്ക് ബലമേകുകയും, ശ്വാസകോശത്തിന്റെ ത്രാണി കൂട്ടുകയും ചെയ്യും. അതേസമയം തുടർച്ചയായുള്ള അമിത വ്യായാമം ഹൃദയ വൈകല്യങ്ങളുടെ സാധ്യത കൂട്ടുകയും ചെയ്യും.
ആഹാരമാണെങ്കിലും വ്യായാമമാണെങ്കിലും അമിതമായാൽ രോഗം വിളിച്ചുവരുത്തും. അതിനാൽ, കൃത്യമായ ജീവിതശൈലി പിന്തുടരുക. ആറുമാസം കൂടുമ്പോഴെങ്കിലും ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് ഉറപ്പുവരുത്തുന്നത് നല്ലതാണ്.
Adjust Story Font
16