വേനലെത്തി; വൈറൽ പനിയ്‌ക്കെതിരെ മുൻകരുതൽ വേണം
പകലിലെ കനത്ത ചൂടും രാത്രിയിലെ കൊടും തണുപ്പും രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു
കോവിഡിനു പുറമേ വേനൽകാല രോഗങ്ങളും ഇന്ന് പതിവായിക്കഴിഞ്ഞു. പകലിലെ കനത്ത ചൂടും രാത്രിയിലെ കൊടും തണുപ്പും രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. വൈറൽ പനിയാണ് ഇന്ന് എല്ലാവരേയും പ്രധാനമായി അലട്ടുന്ന പ്രശ്‌നം. പനിക്കു പുറമേ ജലദേഷവും ചർമരോഗങ്ങളും വേനൽകാലത്ത് വർധിക്കുന്നതായി കാണാം.
വൈറൽ പനിയെ പ്രതിരോധിക്കാനുള്ള ചില മാർഗങ്ങൾ
ശുചിത്വം പാലിക്കുക
വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പുവരുത്തലാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം. കൈകൾ സോപ്പുപയോഗിച്ച് കഴുകുന്നത് രോഗങ്ങൾ പകരുന്നത് തടയാൻ സഹായിക്കുന്നു. എട്ട് മുതൽ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കുക. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. കട്ടികുറഞ്ഞതും അയവുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒരു പരിധിവരെ ചർമരോഗങ്ങൾ തടയുന്നു. ഇളം നിറത്തിലുള്ളതും കോട്ടൻ വസ്ത്രങ്ങളുമാണ് വേനൽകാലത്തേറ്റവും അഭികാമ്യം. വിട്ടുമാറാത്ത തുമ്മൽ ഒഴിവാക്കാൻ അലർജിയുള്ള കാര്യങ്ങൾ പരമാവധി ഒഴിവാക്കുന്നത് നല്ലതായിരിക്കും.
നട്ടുച്ച സമയത്തെ വെയിൽ കൊള്ളാതിരിക്കുക
വേനൽകാലത്തെ നേരിട്ടുള്ള വെയിൽ കൊള്ളാതിരിക്കുക.അതായത് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ സൂര്യ താപമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കരിക്കിൻ വെള്ളം. ഉപ്പിട്ട നാരങ്ങ വെള്ളം എന്നിവ കഴിക്കുന്നത് നിർജലീകരണം തടയാനും ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കാനും കാരണമാവും.
ഔഷധ സസ്യങ്ങൾ ഉപയോഗിക്കാം
വൈറൽ പനിയെ പ്രതിരോധിക്കാൻ ചില ഔഷധ സസ്യങ്ങൾ ഉപയോഗപ്രദമാക്കാം. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് തുളസിയില ഉത്തമപ്രതിവിധിയാണ്. ആന്റിബാക്ടീരിയൽ, ആന്റി ബയോട്ടിക് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഇത് അണുക്കളെ ഇല്ലാതാക്കുന്നു. വൈറൽ പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു. ഇഞ്ചിയിൽ ഇതിന് സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നുണ്ട്. വൈറൽ പനിയുള്ള സമയത്ത് ഉലുവവെള്ളം കുടിക്കന്നതിലൂടെ അണുബാധയുടെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ കഴിയുന്നു.
തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക
തണുത്ത ജ്യൂസ്, ഐസ്‌ക്രീം, ചോക്ലേറ്റ് തുടങ്ങിയവ പരമാവധി ഒഴിവാക്കുക. പകരം രോഗത്തെ പ്രതിരോധിക്കുന്ന പഴങ്ങളും പച്ചക്കറികളും സാലഡുകളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. മുന്തിരി, ഓറഞ്ച്, നാരങ്ങ, സ്‌ട്രോബറി തുടങ്ങിയവ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്.
വളർത്തുമൃഗങ്ങളെ സൂക്ഷിക്കുക
നമ്മൾ വ്യക്തിശുചിത്വം പാലിക്കുന്നതിനോടൊപ്പം വളർത്തു മൃഗങ്ങളെയും വൃത്തിയായി സൂക്ഷിക്കുക. വളർത്തു മൃഗങ്ങളിൽ നിന്നും രോഗങ്ങൾ പടരാനുള്ള സാധ്ത കൂടുതലാണ്. മൃഗങ്ങൾക്ക് ക്ഷീണമോ മറ്റസുഖങ്ങളോ വന്നാൽ ചികിത്സ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.
Adjust Story Font
16