Quantcast

മേലാകെ ചൊറിച്ചിൽ, കണ്ണിനുള്ളിൽ മഞ്ഞനിറം; കരൾ രോഗത്തിന്റെ ലക്ഷണങ്ങള്‍

കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ പലരും ശ്രദ്ധിക്കാറില്ല

MediaOne Logo

Web Desk

  • Updated:

    2023-03-22 14:43:56.0

Published:

22 March 2023 2:29 PM GMT

Liver Problems, health
X

കരൾ രോഗങ്ങൾ പലവിധത്തിലുണ്ട്. അവക്കെല്ലാം വ്യത്യസ്ത കാരണങ്ങളുമുണ്ട്. അണുബാധ, മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, വിഷ വസ്തുക്കളുടെ സാന്നിധ്യം, അമിതവണ്ണം, കാൻസർ മുതലായവ കൊണ്ടെല്ലാം കരൾ രോഗം പിടിപെടാം. കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ പലരും ശ്രദ്ധിക്കാറില്ല. പലപ്പോഴും ലക്ഷണങ്ങൾ അവ്യക്തമാണ് എന്നതാണ് ഇതിന് കാരണം. പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ നോക്കാം.

കണ്ണിലും തൊലിപ്പുറത്തും മഞ്ഞനിറം

കരളിന്റെ പ്രവർത്തനം മോശമാകുമ്പോൾ കണ്ണിലും തൊലിപ്പുറത്തും അതിന്റെ ലക്ഷണങ്ങൾ കാണാൻ സാധിക്കും. രക്തത്തിൽ മഞ്ഞ നിറം വർധിക്കുമ്പോഴാണ് ശരീരത്തിലും നിറ വ്യത്യാസം അനുഭവപ്പെടുന്നത്. മഞ്ഞപ്പിത്തം മൂർച്ഛിക്കുമ്പോഴും ഈ അവസ്ഥയുണ്ടാകാറുണ്ട്. കരൾവീക്കം അഥവ സിറോസിസ് എന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നത്.

ചർമത്തിലുണ്ടാകുന്ന ചൊറിച്ചിൽ

കരൾ രോഗമുള്ള ഒരാളുടെ ചർമത്തിൽ ചൊറിച്ചിൽ അനുഭവപ്പെടാം. ചർമ്മത്തിൽ ചുണങ്ങോ മറ്റോ ഇല്ലെങ്കിലും ചൊറിച്ചിൽ അനുഭവപ്പെടുന്നത് ശ്രദ്ധിക്കണം. നമ്മുടെ ഉറക്കം കെടുത്തുന്ന തരത്തിൽ ചൊറിച്ചിലുണ്ടാവാറുണ്ട്. അത്തരത്തിൽ ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുക.

വീർത്ത വയറ്

കരളിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചാൽ കരളിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്നു. ഇത് ചുറ്റുമുള്ള രക്തക്കുഴലുകളിൽ സമ്മർദമുണ്ടാവാൻ കാരണമാവുന്നു. തുടർന്ന് അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടി വയറുവേദനയ്ക്ക് കാരണമാകുന്നു. ഇത് നമ്മുടെ വയറ് വീർക്കാനും പൊക്കിൾ പുറത്തേക്ക് തള്ളി നിൽക്കാനും കാരണമാകുന്നു.

കാലിലെ നീര്

കാലിലെ നീര് ചിലരിലെ കരൾരോഗത്തിന്റെ ലക്ഷണമാകാം. ഈ ലക്ഷണം കണ്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.

ഇരുണ്ട നിറത്തിലുള്ള മൂത്രവും തവിട്ടു നിറത്തിലുള്ള മലവും

ഇരുണ്ട നിറത്തിലുള്ള മൂത്രവും തവിട്ടു നിറത്തിലുള്ള മലവും ശ്രദ്ധിക്കണം. കരൾ നിർമ്മിച്ച പിത്തരസ ലവണങ്ങളിൽ നിന്നാണ് തവിട്ട് നിറം വരുന്നത്. കരൾ സാധാരണയായി പിത്തരസം ഉണ്ടാക്കുന്നില്ലെങ്കിലോ കരളിൽ നിന്നുള്ള ഒഴുക്ക് തടസ്സപ്പെട്ടാലോ മലം കളിമണ്ണിന്റെ നിറം പോലെ വിളറിയതായി കാണപ്പെടുന്നു.

ശ്രദ്ധക്കുറവ്, ക്ഷീണം

കരൾ രോഗമുള്ളവർക്ക് നീണ്ടുനിൽക്കുന്ന ക്ഷീണം അനുഭവപ്പെടാറുണ്ട്. വിഷാംശങ്ങളെ ഇല്ലാതാക്കാൻ കഴിയാതെ വരികയും അത് അടിഞ്ഞുകൂടുകയും ചെയ്യുന്നു. ശരീരത്തിലും രക്തത്തിലും വിഷാംശം അടിഞ്ഞുകൂടുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നു. ഇത് ശ്രദ്ധക്കുറവിന് കാരണമാകുന്നു

ഓക്കാനം, ഛർദ്ദി

നീണ്ടുനിൽക്കുന്ന ഓക്കാനം അല്ലെങ്കിൽ ഛർദ്ദി എന്നിവ കരൾ രോഗത്തിന്‍റെ ലക്ഷണമാണ്. നമ്മുടെ കരൾ തകരാറിലാണെങ്കിൽ ഛർദ്ദിയിലോ മലത്തിലോ രക്തം ഉണ്ടാകാം.

ചതവ് അല്ലെങ്കിൽ രക്തസ്രാവം

ഏതെങ്കിലും കാരണത്താല്‍ ശരീരത്തിൽ പെട്ടന്ന്തന്നെ ചതവ് ഉണ്ടാകുന്നത് ശ്രദ്ധിക്കണം. ഇത് കരള്‍ രോഗത്തിന്‍റെ ലക്ഷണമാകാം. മുറിവോ മൂക്കിൽ നിന്ന് രക്തസ്രാവമോ ഉണ്ടായാൽ അത് കൂടുതൽ നേരം നിലനിൽക്കുന്നു. കൂടാതെ രക്തം കട്ടപിടാക്കാനുള്ള സാധ്യതയും കൂടുതലാണ്.

TAGS :

Next Story