Quantcast

ഇലയിട്ട് ഉണ്ണുന്നതിന് പിന്നിൽ രുചി മാത്രമല്ല; വാഴയിലയിൽ വിളമ്പുന്നതിന്റെ ഗുണങ്ങൾ അറിയാം

ഒരു നൊസ്റ്റാൾജിയ ഫീലിനപ്പുറം എന്തിനാണ് വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ

MediaOne Logo

Web Desk

  • Published:

    22 Dec 2023 3:49 PM GMT

banana leaf
X

തിരക്കുപിടിച്ച ജീവിതത്തിൽ സമയത്ത് കഴിക്കുന്നത് തന്നെ വലിയ കാര്യമാണ്. ജോലിക്ക് പോകാനും സ്‌കൂളിലും കോളേജിലും പോകാനുമുള്ള തിരക്കിനിടെ പ്രഭാത ഭക്ഷണത്തോട് ബൈ ബൈ പറഞ്ഞിരിക്കും. ഇതിനിടെ കഴിക്കുന്നത് ഏത് പാത്രത്തിലായിരിക്കുമെന്നത് ആരെങ്കിലും ശ്രദ്ധിക്കുമോ? വൃത്തിയായി കഴുകിയാൽ മതി ധാരാളം. സ്റ്റീലോ പിച്ചളയോ എന്തിന് ചട്ടിയാണെങ്കിലും കുഴപ്പമില്ല. സമയം ലാഭിക്കുകയാണ് പ്രധാനം.

ഇതിനിടെ വാഴയിലയിലൊക്കെ ഭക്ഷണം കഴിക്കുന്നത് ഓർമയിൽ വന്നാൽ എങ്ങനെയുണ്ടാവും. സാധാരണ കല്യാണത്തിനോ മറ്റ് ചടങ്ങുകൾക്കോ പോകുമ്പോഴായിരിക്കും വാഴയിലയിൽ സദ്യ കഴിച്ചിട്ടുണ്ടാവുക. മലയാളികൾ മാത്രമല്ല പല സ്ഥലങ്ങളിലും വാഴയിലയിൽ ഭക്ഷണം കഴിക്കുന്നത് കാണാം. രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ വാഴയിലയുടെ ഉപയോഗം വളരെ പവിത്രമായാണ് കണക്കാക്കപ്പെടുന്നത്. പൂജകൾക്കും ആചാരങ്ങൾക്കുമാണ് ഇവിടങ്ങളിൽ വാഴയില തിരഞ്ഞെടുക്കുന്നത്.

എന്നാൽ, നമുക്ക് ഒന്നിച്ചിരുന്ന് ഭക്ഷണമുണ്ടതിന്റെ ഒരു ഓർമയായിരിക്കും കൂടുതൽ. ഒരു നൊസ്റ്റാൾജിയ ഫീലിനപ്പുറം എന്തിനാണ് വാഴയിലയിൽ ഭക്ഷണം വിളമ്പുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. പൊതിച്ചോറിന്റെ രുചി നാവിലേക്ക് വന്നിട്ടുണ്ടാകും അല്ലേ. എന്നാൽ, പൊതിഞ്ഞെടുക്കുന്ന രുചി മാത്രമല്ല വാഴയിലയിൽ വിളമ്പുന്നതിന് ചില ഗുണങ്ങളും കൂടിയുണ്ട്.

വാഴയില ഉപയോഗിക്കുന്നതിന് പിന്നിലെ ശാസ്ത്രീയ വശം അവയിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു എന്നതിനാലാണ്. പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളായ പോളിഫെനോൾ അടങ്ങിയ വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ നഷ്ടമായേക്കാവുന്ന നിരവധി പോഷകങ്ങളാൽ സമ്പുഷ്ടമാകും. വാഴയിലയിൽ പോളിഫിനോൾ ഓക്സിഡേസും ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ആഹാരത്തിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കും.

ഇലകളിൽ വെള്ളം പിടിക്കാത്തതിനാൽ വിളമ്പുന്ന കറിയോ വിഭവമോ കുതിർന്നുപോകാതെ രുചി അതേപോലെ കാത്തുസംരക്ഷിക്കുന്നു. ഇലയിലെ തിളങ്ങുന്ന ആവരണം വാഴയിലയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മമായ രുചി കൂട്ടുകയും വിളമ്പുന്ന ഭക്ഷണം ചൂടോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ഉപയോഗിച്ചുകഴിഞ്ഞാൽ പിന്നെ കഴുകിവെക്കേണ്ടതോ നശിപ്പിക്കേണ്ട ആവശ്യമോ ഇല്ല. പരിസ്ഥിതി സൗഹൃദവും ജൈവ നശീകരണവും ആയതിനാൽ ഒരിക്കൽ ഉപയോഗിച്ചാൽ മലിനീകരണം ഭയക്കാതെ വലിച്ചെറിയാവുന്നതാണ്. ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരേ പോലെ ഹാനികരമല്ലാത്ത വസ്തുവാണിത്. വാഴയില കഴിക്കാൻ മാത്രമല്ല, പാചകത്തിനും ഉപയോഗിക്കുന്നു എന്നതും വസ്തുതയാണ്.

TAGS :

Next Story