Quantcast

രാത്രി ഷിഫ്റ്റിൽ ജോലിക്കിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം

ഓരോ നാല് മണിക്കൂറിലും ചെറിയ രീതിയിലെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രമിക്കണം

MediaOne Logo

Web Desk

  • Updated:

    2022-10-04 15:25:06.0

Published:

4 Oct 2022 2:59 PM GMT

രാത്രി ഷിഫ്റ്റിൽ ജോലിക്കിരിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം
X

രാത്രി ഷിഫ്റ്റിൽ ജോലിക്കിരിക്കുക എന്നത് ഏറെ സമ്മർദമുണ്ടാക്കുന്ന ഒന്നാണ്. പകൽ ജോലിക്കിരിക്കുന്ന അതേ സമ്മർദവും ഉറക്കമില്ലായ്മ മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുമെല്ലാം മാനസികവും ശാരീരികവുമായി ആരോഗ്യത്തെ ബാധിക്കും. രാത്രി ഷിഫ്റ്റ് കൂടുതലായി ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിവയ്ക്കുമെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി പറയുന്നു. ഒരുപാട് നാളുകളായി രാത്രി ഷിഫ്റ്റിൽ തന്നെ ഇരിക്കുന്നവരിൽ അമിത വണ്ണവും ഈറ്റിംഗ് ഡിസോർഡറുകളും കണ്ടു വരുന്നുണ്ട്. ഇതൊഴിവാക്കാൻ ആദ്യം മുതലേ ഭക്ഷണശീലത്തിലും മറ്റും ശ്രദ്ധ വയ്ക്കണം.

ഉറക്കത്തിന്റെ പ്രശ്‌നമാണ് രാത്രി ഷിഫ്റ്റിലിരിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്ലീപ് സൈക്കിൾ ആകെ തെറ്റിക്കുന്ന ഇത്തരം ഷിഫ്റ്റുകൾ ഭാവിയിൽ ഉറക്കമില്ലായ്മയ്ക്കും കാരണമായേക്കാം. രാത്രി ഷിഫ്റ്റിൽ കയറുന്നതിന് മുമ്പ് നന്നായി ഉറങ്ങുക എന്നതാണ് ഇതിനൊരു പരിഹാരമുള്ളത്.

ഭക്ഷണക്കാര്യത്തിലാണ് നൈറ്റ് ഷിഫ്റ്റിന്റെ അടുത്ത വെല്ലുവിളി. രാത്രിയേറെ വൈകി കഴിക്കുന്നതും രാത്രി ഭക്ഷണത്തിന് ഫാസ്റ്റ് ഫൂഡ് പോലെ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും ശരീരത്തിൽ കാർബോഹൈഡ്രേറ്റ്‌സിന്റെ ദഹനത്തിന് തടസ്സമാകുന്നു. ഇത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ഭാവിയിൽ വഴി വച്ചേക്കാം.

എന്നാൽ ഇത് പ്രതിവിധിയില്ലാത്ത കാര്യമല്ല. ഓരോ നാല് മണിക്കൂറിലും ചെറിയ രീതിയിലെങ്കിലും ഭക്ഷണം കഴിക്കുന്നത് ശരീരം ആരോഗ്യകരമായി സൂക്ഷിക്കും. ഇതിനായി പഴങ്ങളോ നട്‌സോ ഒക്കെ ഓഫീസിൽ കൊണ്ടുപോകാം. ഭക്ഷണത്തിൽ പച്ചക്കറികളും,ബ്രൗൺ റൈസും പനീറുമൊക്കെ ഉൾപ്പെടുത്തുന്നതാണ് ആരോഗ്യകരമായ ഭക്ഷണശീലത്തിന് സഹായിക്കുക.

നൈറ്റ് ഷിഫ്റ്റിലിരിക്കുമ്പോൾ മറ്റൊരു കാര്യത്തിൽ ശ്രദ്ധ വയ്‌ക്കേണ്ടത് കഫീന്റെ അമിത ഉപയോഗത്തിലാണ്. ഉണർന്നിരിക്കാൻ ധാരാളമായി കാപ്പി കുടിക്കുന്നത് ശീലമാക്കിയവർ ഇത് പതിയെ ഇല്ലാതാക്കുന്നതാണ് നല്ലത്. താല്ക്കാലിക ഉന്മേഷം മാത്രമാണ് കാപ്പിയും അമിത അളവിൽ കഫീനും പഞ്ചസാരയും അടങ്ങിയ എനർജി ഡ്രിങ്കുകളും നൽകുക. എന്നാലിവ നിരന്തരം ശരീരത്തിലെത്തുന്നത് അമിത രക്തസമ്മദത്തിനും മറ്റ് പല രോഗാവസ്ഥകൾക്കും കാരണമാകും.

ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരം ശുദ്ധീകരിക്കുകയും ഉണർന്നിരിക്കാൻ സഹായിക്കുകയും ചെയ്യും. കഫീനടങ്ങിയ പാനീയങ്ങൾക്ക് പകരം വെള്ളം കുടിച്ച് ശീലിക്കുന്നതാണ് ഏറ്റവും നല്ലത്. സ്ഥിരമായി നൈറ്റ് ഷിഫ്റ്റിലിരിക്കേണ്ടി വരുന്നവരാണെങ്കിൽ പകൽ സമയം വ്യായാമത്തിനായി സമയം മാറ്റി വയ്ക്കണം. കാർഡിയോ,സ്‌ട്രെങ്ത്,ഫ്‌ളെക്‌സിബിലിറ്റി ട്രെയിനിംഗുകളാണ് ഉത്തമം. ഇതും ഭാവിയിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും.

രാത്രി ഉറക്കമിളച്ച് ജോലി ചെയ്യുന്നത് ഒരർഥത്തിൽ ശരീരത്തിന് നമ്മൾ നൽകുന്ന വെല്ലുവിളിയാണ്. ശരീരത്തിനും മനസ്സിനും വിശ്രമം ആവശ്യമാകുമ്പോൾ അതിനെതിരെ നമ്മൾ നടത്തുന്ന പോരാട്ടമായാണ് ശരീരമതിനെ കണക്കാക്കുക. ഇത് ശ്രദ്ധക്കുറവിനും പ്രൊഡക്ടിവിറ്റി ഇല്ലാതാകുന്നതിനും കാരണമാകും. ഇതിനായി ആവശ്യത്തിന് വിശ്രമിച്ച ശേഷം മാത്രം ഷിഫ്റ്റിൽ കയറുന്നതാണ് ഉചിതം.

ഏത് ഷിഫ്റ്റിലായാലും ഒരേ ഇരിപ്പിൽ ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് ചെറുതായൊന്ന് നടക്കുന്നതൊക്കെ ഭാവിയിൽ നടുവേദന പോലുള്ളവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.

TAGS :

Next Story