Quantcast

ടീനേജ് പെൺകുട്ടികളിൽ വ്യാപിക്കുന്ന ആരോഗ്യപ്രശ്നം; പിന്നിൽ ടിക് ടോക്കെന്ന് വിദഗ്ധർ

കോവിഡ് കാരണമായുണ്ടായ ഉത്കണ്ഠാ സാഹചര്യമാണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്

MediaOne Logo

Web Desk

  • Updated:

    2022-08-30 10:19:57.0

Published:

19 Oct 2021 7:57 AM GMT

ടീനേജ് പെൺകുട്ടികളിൽ വ്യാപിക്കുന്ന ആരോഗ്യപ്രശ്നം; പിന്നിൽ ടിക് ടോക്കെന്ന് വിദഗ്ധർ
X

കഴിഞ്ഞ രണ്ടു വർഷത്തിനിടെ കൗമാര പ്രായത്തിലുള്ള പെൺകുട്ടികളിൽ വ്യാപകമായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് പാശ്ചാത്യനാടുകളിലെ ഡോക്ടർമാരുടെ ചർച്ചാവിഷയം. ശരീരചലനങ്ങൾ നിയന്ത്രിക്കാൻ കഴിയാതിരിക്കുകയും അറിയാതെ സംസാരിക്കുകയും ചെയ്യുന്ന 'ടിക്‌സ്' എന്ന ചലന ക്രമക്കേടാണ് പ്രശ്‌നം. പെൺകുട്ടികളിൽ അപൂർവമായി മാത്രം കണ്ടിരുന്ന ഈ പ്രശ്‌നം കോവിഡ് മഹാമാരിക്കു പിന്നാലെയാണ് കൗമാരക്കാരികളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയത്. കോവിഡ് കാരണമായുണ്ടായ ഉത്കണ്ഠാ സാഹചര്യമാണ് ഇതിന് കാരണമെന്നാണ് ഡോക്ടർമാർ ആദ്യം കരുതിയതെങ്കിലും വിശദമായ പഠനത്തിൽ വില്ലൻ ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം ആണെന്ന് കണ്ടെത്തി: ടിക് ടോക്.



തുടർച്ചയായി കണ്ണ് ചിമ്മുക, ചുമലോ കയ്യോ അനക്കിക്കൊണ്ടിരിക്കുക, തലയാട്ടുക, മൂക്കും ചുണ്ടും വിറക്കുക, മുഖം കോട്ടുക, ഒരേവാക്ക് ആവർത്തിച്ചു കൊണ്ടിരിക്കുക, തൊണ്ട ശരിയാക്കുക, മുരളുക, മൂളിക്കൊണ്ടിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ ടീനേജ് പെൺകുട്ടികളിൽ കൂട്ടമായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയതോടെയാണ് യു.എസ്, യു.കെ, കനഡ, ആസ്‌ത്രേലിയ രാജ്യങ്ങളിലെ പീഡിയാട്രിക് ഹോസ്പിറ്റലുകളിലെ വിദഗ്ധർ ഗവേഷണം നടത്തിയത്. ഇത്തരം ആരോഗ്യപ്രശ്‌നവുമായി എത്തുന്നവരിൽ പൊതുവായുള്ള ശീലം ടിക് ടോക് അഡിക്ഷൻ ആണെന്ന കാര്യം ഡോക്ടർമാരിൽ കൗതുകമുണർത്തി.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇത്തരം പ്രശ്‌നവുമായി ചികിത്സ തേടുന്നവരുടെ എണ്ണം പത്തിരട്ടിയായി വർധിച്ചിട്ടുണ്ടെന്നാണ് അമേരിക്കയിലെ സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിലെ ന്യൂറോളജിസ്റ്റ് ഡൊണാൾഡ് ഗിൽബർട്ട് പറയുന്നത്. ഇതേപ്രവണത അമേരിക്കയിലെയും യു.കെയിലെയും ആശുപത്രികളിലുമുണ്ടായി. നേരത്തെ ഉത്കണ്ഠാ രോഗങ്ങൾക്ക് ചികിത്സ തേടിയവരിലാണ് പുതിയ പ്രശ്‌നം അധികമെന്നും ഡോക്ടർമാർ കണ്ടെത്തിയിട്ടുണ്ട്.

കാര്യങ്ങൾ ആവർത്തിച്ചും നിയന്ത്രണമില്ലാതെയും ചെയ്യുന്നതിന് കാരണമാകുന്ന 'ടൂററ്റ് സിൻഡ്രോം' എന്ന നാഡീവ്യൂഹ രോഗം സംബന്ധിച്ച് വീഡിയോകൾ ചെയ്യുന്ന ടിക് ടോക്കേഴ്‌സിനെ തുടർച്ചയായി കാണുന്നവരിലാണ് ഈ പ്രശ്‌നം കൂടുതലായും കാണുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. #Tourettes എന്ന ഹാഷ് ടാഗിലുള്ള വീഡിയോകളുടെ എണ്ണം കോവിഡിനു ശേഷം ടിക് ടോക്കിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ട്. 2019-ൽ 125 കോടി വ്യൂസാണ് ഈ ഹാഷ് ടാഗിലുള്ള വീഡിയോകൾക്ക് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 480 കോടിയാണ്.

ടൂററ്റ് സിൻഡ്രോം വീഡിയോകൾ കാണുന്നവരിൽ ടിക്‌സ് വരാൻ സാധ്യതയുണ്ടെന്നും, ഇങ്ങനെ വരുന്ന ശരീര-ശബ്ദ ചലനങ്ങൾ മറ്റേതെങ്കിലും അസുഖത്തിന്റെ ലക്ഷണമല്ലെന്നും ഡോക്ടർമാർ പറയുന്നു. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിക്ക് വിധേയമാവുകയും ടിക് ടോക്ക് ഉപയോഗം ഉപേക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇങ്ങനെ വരുന്ന ടിക്‌സിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി. കായികവിനോദങ്ങളിൽ ഏർപ്പെടുകയും യോഗ ചെയ്യുകയും ചെയ്യുന്നത് ടിക്‌സ് വരാതിരിക്കാൻ സഹായിക്കുമെന്നും ഡോക്ടർമാർ പറയുന്നു.

TAGS :

Next Story