വേനലാണ്...ചർമ്മത്തിനും വേണം കൂടുതല്‍ കരുതൽ
ചർമ്മസംരക്ഷണത്തെ പോലെ തന്നെ ധരിക്കുന്ന വസ്ത്രത്തിലും ശ്രദ്ധകൊടുക്കണം
വേനൽക്കാലം ഇങ്ങെത്തിക്കഴിഞ്ഞു. പുറത്തേക്കിറങ്ങാൻ പോലും വയ്യാത്ത ചൂടാണ് പലപ്പോഴും..വേനൽകാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചർമ സംരക്ഷണവും. ചൂടും വെയിലും പൊടിയും അധികം ഏൽക്കുന്ന സമയമായതിനാൽ ചർമ്മത്തെയും അത് സാരമായി ബാധിക്കും. വേനൽക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങളിതാ...
സൺസ്‌ക്രീന്‍ മുഖ്യം ബിഗിലേ...
വേനൽകാലത്തെ ചർമ്മ സംരക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സൺസ്‌ക്രീൻ. കടുത്ത വെയിൽ ചർമ്മത്തിൽ പതിക്കുന്നത് കാൻസർ വരാനുള്ള സാധ്യത പോലും വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് മൂലം ചർമ്മത്തിൽ ചുളിവുകൾ വരാനും സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തു പോകുമ്പോഴെല്ലാം സൺസ്‌ക്രീൻ പുരട്ടുക. കുറഞ്ഞത് SPF 30 ഉള്ള സൺസ്‌ക്രീൻ പുരട്ടാൻ ശ്രദ്ധിക്കുക.ഇത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്ന അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം നൽകും.
ലൈറ്റ് മോയ്‌സ്ചറൈസർ ഉപയോഗിക്കുക
വേനൽക്കാലത്ത് പല കാരണങ്ങളാൽ നമ്മുടെ ചർമ്മം പെട്ടന്ന് വരണ്ടുപോകും. അതുകൊണ്ട് തന്നെ ലൈറ്റ് മോയ്സ്ചറൈസർ തെരഞ്ഞെടുക്കുന്നത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും ചർമ്മം വരളുന്നത് ഒഴിവാക്കാനും സഹായിക്കും.
ലൈറ്റ് മേക്കപ്പ് മതി
ചൂടുള്ള ദിവസങ്ങളിൽ കനത്ത മേക്കപ്പ് ഒഴിവാക്കുക. വേനൽകാലത്ത് വിയർപ്പ് കൂടുതലായിരിക്കും. വിയർപ്പ് മൂലം മേക്കപ്പ് നാശമാകാനും സാധ്യതയുണ്ട്. ലൈറ്റ് മേക്കപ്പാണ് വേനൽക്കാലത്ത് ഏറ്റവും നല്ലത്.
ഇറുകിയ വസ്ത്രങ്ങൾ വേണ്ട
ചർമ്മസംരക്ഷണത്തെ പോലെ തന്നെ ധരിക്കുന്ന വസ്ത്രത്തിലും ശ്രദ്ധകൊടുക്കണം. ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നതിൽ ധരിക്കുന്ന വസ്ത്രം വലിയ പങ്ക് വഹിക്കുന്നു. അയഞ്ഞതും ഇരുണ്ട നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഗുണം ചെയ്യും. തൊപ്പിയും സൺഗ്ലാസുകളും ധരിക്കുന്നതും നല്ലതാണ്.
മുഖം കഴുകാം,എന്നാൽ അമിതമാകരുത്
കഠിനമായ വേനൽക്കാലത്ത് മുഖത്ത് അടിഞ്ഞുകൂടിയ വിയർപ്പും അഴുക്കും വൃത്തിയാക്കണം. എന്നാൽ എപ്പോഴും മുഖം കഴുകുന്നതിനെ വിദഗ്ധർ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് നിങ്ങളുടെ ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നീക്കും. ചർമ്മത്തെ സംരക്ഷിക്കുന്ന പ്രകൃതിദത്തമായ ഈർപ്പമുള്ള ഘടകങ്ങൾ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ മുഖം കഴുകുന്നത് ചർമ്മത്തെ വരണ്ടതാക്കും.
Adjust Story Font
16