Quantcast

മൊബൈലിൽ പാട്ടുവെക്കേണ്ട, കണ്ണുരുട്ടേണ്ട...... കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ എളുപ്പവഴികളുണ്ട്

പാത്രത്തിലെടുത്ത ചോറും കറിയും മുഴുവൻ കുട്ടികൾ കഴിക്കണം എന്ന് വാശിപിടിക്കരുത്

MediaOne Logo

Web Desk

  • Published:

    1 Nov 2022 4:31 AM GMT

മൊബൈലിൽ പാട്ടുവെക്കേണ്ട, കണ്ണുരുട്ടേണ്ട...... കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കാൻ എളുപ്പവഴികളുണ്ട്
X

കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുക എന്നത് പല മാതാപിതാക്കളുടെയും പ്രധാന ടാക്‌സുകളിലൊന്നാണ്. മൊബൈലിൽ കാർട്ടൂണോ പാട്ടോ വെക്കാതെ വാ തുറക്കാൻ സമ്മതിക്കാത്ത കുട്ടികൾ ഒരുവശത്ത്..പിന്നാലെ ഓടിയും നടന്നും കണ്ണുരുട്ടിയും വടിയെടുത്തുമെല്ലാം അൽപമെങ്കിലും ഭക്ഷണം കഴിപ്പിക്കേണ്ടിവരുന്നവർ മറ്റൊരു വശത്ത്...നാലുരുള ചോറുകൊടുക്കാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ടിവരും. പണ്ടൊക്കെ പറമ്പിലും മുറ്റത്തുമെല്ലാം കൊണ്ടുനടന്ന് ഭക്ഷണം കൊടുക്കാൻ സമയമുണ്ടായിരുന്നു. ഇന്ന് അണുകുടുംബങ്ങളിലേക്ക് ചേക്കേറിയപ്പോൾ പലർക്കും അതിനൊന്നും സമയം കിട്ടിയില്ലെന്ന് വരില്ല. കൂടാതെ മിക്ക വീടുകളിലും മാതാപിതാക്കൾ ജോലിക്കാരുമാകും. ഈ അവസരത്തിൽ കുട്ടികളെ ഭക്ഷണം കഴിപ്പിക്കാൻ പ്രയാസപ്പെടുന്നവർക്ക് ഈ വഴികളൊന്ന് പരീക്ഷിച്ചു നോക്കൂ...


ക്ഷമയോടെ കാത്തിരിക്കുക

ഓരോ പ്രായത്തിനനുസരിച്ച് പുതിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തേണ്ടിവരും..ആറ് മാസം പ്രായമുള്ളപ്പോൾ കൊടുക്കേണ്ട ഭക്ഷണമല്ല ഒരു വയസിൽ കൊടുക്കേണ്ടത്. എന്നാൽ പുതിയ ഭക്ഷണങ്ങൾ കുട്ടി പെട്ടന്ന് തന്നെ കഴിക്കാൻ താൽപര്യപ്പെടണമെന്നില്ല. പലപ്പോഴും അതിനോട് മുഖം തിരിഞ്ഞുനിന്നെന്ന് വരും. പക്ഷേ, അവരെ ഒരിക്കലും അതിന് നിർബന്ധിക്കരുത്. കുറഞ്ഞ അളവിൽ കൊടുത്ത് തുടങ്ങി അവർക്ക് ആ ഭക്ഷണം പരിചയപ്പെടുത്തുക. ഒരിക്കൽ കൊടുത്തുകഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ ദിവസത്തെ ഇടവേളക്ക് ശേഷം ആ ഭക്ഷണം വീണ്ടും കൊടുക്കുക. എന്നും ഒരേ ഭക്ഷണം കൊടുത്താൽ അവർ അത് കഴിക്കാൻ താൽപര്യം കാണിക്കണമെന്നില്ല. പുതിയ ഭക്ഷണം പരിചയപ്പെടുത്തുമ്പോൾ കുട്ടികൾ അത് നിരസിക്കുന്നത് തികച്ചും സാധാരണമാണ് എന്ന് മനസിലാക്കുക.

ഭക്ഷണത്തിന് മുമ്പ് വേണ്ട വെള്ളം

ഭക്ഷണത്തിനു മുമ്പ് വെള്ളമോ പാലോ നല്‍കാതിരിക്കുക. വിശന്നിരിക്കുന്ന കുട്ടികള്‍ക്ക് വെള്ളം നല്‍കുമ്പോള് അവരുടെ വയര്‍ നിറയും. പിന്നെ ഭക്ഷണം കഴിക്കാന്‍ അവര്‍ മടി കാണിക്കും. ഭക്ഷണത്തിനൊപ്പം ഇടക്കിടെ വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഇതും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവ് കുറയ്ക്കും.


ആവശ്യമുള്ളത് മാത്രം കഴിക്കട്ടെ

നിങ്ങൾ പാത്രത്തിലെടുത്ത ചോറും കറിയും മുഴുവൻ കുട്ടികൾ കഴിക്കണം എന്ന് വാശിപിടിക്കരുത്. അവർക്ക് ആവശ്യമുള്ളത് കഴിച്ചെന്ന് മാത്രം ഉറപ്പുവരുത്തുക.പലപ്പോഴും കുട്ടികൾ വേണ്ട എന്ന് പറയുന്നത് അവരുടെ വയറ് നിറഞ്ഞുകൊണ്ടാവും..നിർബന്ധിച്ച് കൊടുക്കുന്നത് കുട്ടികൾക്ക് പിന്നീട് ഭക്ഷണം കഴിക്കാൻ മടിയുണ്ടാക്കും....അമിതമായി ഭക്ഷണം കഴിക്കുന്നത് അനാവശ്യ ശരീരഭാരം വർദ്ധിപ്പിക്കും.

ഭീഷണിയും പേടിപ്പെടുത്തലും വേണ്ട

കുട്ടികളെ പേടിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിച്ചില്ലെങ്കിൽ കള്ളൻ കൊണ്ടുപോകും, കോക്കാച്ചി പിടിക്കും,പൊലീസ് വരും എന്നൊക്കെ പറഞ്ഞുപേടിപ്പിക്കാതിരിക്കുക. അത് ഭക്ഷണത്തോടുള്ള ഇഷ്ടം അവരിൽ കുറച്ചേക്കാം. പകരം അവർക്കിഷ്ടമുള്ള കാര്യങ്ങളെ കുറിച്ച് ചോദിച്ചും പറഞ്ഞും ഭക്ഷണം കഴിപ്പിക്കാം.. ഭക്ഷണം കഴിച്ചാൽ കൂടുതൽ സമയം കളിക്കാലോ, നല്ല ശക്തിയുണ്ടാകുമല്ലോ, എന്നൊക്കെ പറഞ്ഞും അവരെ ഭക്ഷണം കഴിപ്പിക്കാം...

അവരുടെ ഇഷ്ടഭക്ഷണത്തിനൊപ്പം പുതിയ ഭക്ഷണങ്ങൾ വിളമ്പുക

കുട്ടികൾ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഭക്ഷണത്തിനൊപ്പം പുതിയ ഭക്ഷണങ്ങൾ നൽകുക. അവർ കഴിക്കുന്നതിന്റെ കൂടെ അറിയാതെ പുതിയ ഭക്ഷണങ്ങളും കഴിക്കും. പച്ചക്കറികള്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് അവ ഗ്രേറ്റ് ചെയ്ത് ദോശമാവിലോ ചപ്പാത്തിമാവിലോ ചേര്‍ക്കാം. മുട്ട കഴിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് അവ ദോശമാവില്‍ ചേര്‍ത്ത് ദോശചുടാം. മുട്ട പുഴുങ്ങിയത് അപ്പാടെ കൊടുക്കാതെ അവ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചോറില്‍ മിക്സ് ചെയ്തുകൊടുക്കാം.

തെരഞ്ഞെടുക്കാൻ അവസരം നൽകുക

ഒരേ പോഷകമൂല്യമുള്ള ഒന്നോ രണ്ടോ ഭക്ഷണങ്ങൾ അവർക്ക് നൽകുക. അവർക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ അനുവദിക്കുക. പഴങ്ങൾ നൽകുമ്പോൾ ആപ്പിളും ഓറഞ്ചും പാത്രത്തിലാക്കി നൽകുക. അവർക്കിഷ്ടമുള്ളത് കഴിക്കാൻ സമ്മതിക്കില്ല.


ആകർഷകമായി വിളമ്പുക

ഭക്ഷണങ്ങൾ പ്ലേറ്റിൽ വിളമ്പുമ്പോൾ അൽപം കരവിതുതെല്ലാം പ്രയോഗിക്കാം..പച്ചക്കറികളും പഴങ്ങും അവർക്കിഷ്ടമുള്ള ആകൃതിയിൽ വിളമ്പാം. ദോശയും അപ്പവും അവർക്കിഷ്ടമുള്ള രൂപങ്ങളിൽ ചുട്ടെടുക്കാം.

തീൻമേശയിൽ മൊബൈൽ വേണ്ട

എളുപ്പത്തിൽ ഭക്ഷണം കഴിപ്പിക്കാനാണ് പല അമ്മമാരും മൊബൈലിൽ പാട്ടും കാർട്ടൂണും ഇട്ടുകൊടുക്കുന്നത്. പിന്നീട് കുട്ടികൾ ഇതില്ലാതെ ഭക്ഷണം കഴിക്കാൻ സമ്മതിക്കില്ല. കുട്ടികൾ എന്തുകഴിക്കുമ്പോഴും രുചി അറിഞ്ഞുകഴിക്കട്ടെ. ആദ്യമേ അത്തരം ശീലങ്ങൾ ഒഴിവാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുക. കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും ശീലമാക്കുക.

TAGS :

Next Story