നീന്തൽ ഹോബിയാണോ...? ശുദ്ധജലത്തിലും വൈറസിന്റെ സാന്നിധ്യമുണ്ട്
മൈക്രോ പ്ലാസ്റ്റിക്കുകൾ വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിൽ നീന്തലിനായി ഇറങ്ങുന്ന ഒരാൾ മൈക്രോ പ്ലാസ്റ്റിക്കുകൾ വിഴുങ്ങാനുള്ള സാധ്യതയുണ്ട്
കോവിഡ് മഹാമാരിയിൽ വീർപ്പുമുട്ടുന്ന ഇക്കാലത്ത് ചില വൈറസുകൾക്ക് ശുദ്ധജലത്തിൽ അതിജീവിക്കാനുള്ള കഴിവുണ്ടെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. പ്രധാനമായും മൈക്രോ പ്ലാസ്റ്റിക്കുകൾ വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. വയറിളക്കത്തിന് കാരണമാകുന്ന റോട്ടാവൈറസുകൾക്ക് മൈക്രോപ്ലാസ്റ്റിക്കിന്റെ പ്രതലത്തിൽ മൂന്ന് ദിവസം വരെ നിലനിൽക്കാൻ കഴിയുന്നു.
വെള്ളത്തിൽ നീന്തലിനായി ഇറങ്ങുന്ന ഒരാൾ ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ വിഴുങ്ങാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പല രോഗങ്ങൾ വരാനും മനുഷ്യന്റെ ആരോഗ്യത്തെ ഇത് ഗുരുതരമായി ബാധിക്കാനും കാരണമാകുന്നു. സാധാരണ നീന്തലിനും മറ്റുമായി നാം തെരഞ്ഞെടുക്കുന്നത് ശുദ്ധജല തടാകങ്ങളായിരിക്കും. എന്നാൽ ഇത്തരം ആളുകൾ പോലും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്.കൂടാതെ നാം നിർമ്മിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റുകളിലെല്ലാം എല്ലാത്തരം സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ടെങ്കിലും പുറന്തള്ളുന്ന വെള്ളത്തിൽ പലപ്പോഴും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഈ വെള്ളം ഉപയോഗിക്കുമ്പോൾ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു.
സമുദ്രത്തിൽ നിലനിൽക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂര്യരശ്മികളാലും തിരമാലകളിൽപെട്ടും ചെറിയ കഷ്ണങ്ങളാവുകയും പിന്നീട് മൈക്രോ പ്ലാസ്റ്റിക്കുകളായി മാറുകയും ചെയ്യുന്നു. ഇത് പല ഭാഗങ്ങളിലേക്കും നീങ്ങുകയും സമുദ്രത്തിലാകെ പടരുകയും ചെയ്യുന്നു. എന്നാൽ ഈ അവശിഷ്ടങ്ങൾ കാണാനോ വേർതിരിക്കാനോ ബുദ്ധിമുട്ടാണ്.
ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകൾ നശിക്കാൻ 100 വർഷമെങ്കിലുമെടുക്കുമെന്നാണ് കണ്ടെത്തൽ. ഇത്തരം പ്ലാസ്റ്റിക്കുകൾ മനുഷ്യ ശരീരത്തിൽ നിന്നും കണ്ടെടുത്തിരുന്നു എന്നതാണ് പ്രധാനം.
മനുഷ്യ ശരീരത്തിലെ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം
നെതർലാൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് മനുഷ്യരക്തത്തിൽ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സായ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ശേഖരിച്ച സാമ്പിളുകളിൽ 80 ശതമാനത്തിലും മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി. മൈക്രോപ്ലാസ്റ്റിക്കിന് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളിൽ തങ്ങിനിൽക്കാനും കഴിയുന്നു എന്നതിനാൽ ഈ കണ്ടെത്തൽ വളരെ പ്രാധാന്യമർഹിക്കുന്നു.
22 വ്യക്തികളിൽ നിന്ന് ശേഖരിച്ച് രക്ത സാംപിളുകൾ വച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 17 പേരുടെ രക്തത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി എന്ന് എൻവിയോൺമെന്റ് ഇന്റർനാഷനൽ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.
അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള സൂഷ്മ പ്ലാസ്റ്റിക് ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. ഇവ വലിയ മലിനീകരണ വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. ഇവ എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ എത്തുന്നതെന്ന പഠനത്തിലാണ് ഗവേഷകർ. രക്തത്തിലൂടെ മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെത്താനും അവയിൽ അടിഞ്ഞു കൂടി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനും സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് ആരോഗ്യത്തെ സംബന്ധിച്ച് വലിയ മുന്നറിയിപ്പാണ് നൽകുന്നത്.
ഗവേഷകർ പറയുന്നതനുസരിച്ച്, പ്ലാസ്റ്റിക് കണികകൾ വായുവിൽ നിന്നും ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമെന്നാണ് കണ്ടെത്തൽ. പ്രധാനമായും ശീതളപാനീയങ്ങൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കുപ്പികൾ നിർമ്മിക്കുന്ന പോളിയെത്തിലീൻ ടെറഫ്താലേറ്റ് എന്നിവ പകുതി ആളുകളുടെയും രക്തത്തിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ ഭീതിജനകമാണ്.
ഭക്ഷണപ്പൊതികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിസ്‌റ്റൈറൈൻ 36 ശതമാനവും സാമ്പിളുകളിലും, പാക്കേജിംഗ് ഫിലിമും ബാഗുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിയെത്തിലീൻ 23 ശതമാനം സാമ്പിളുകളിലും അടങ്ങിയിട്ടുള്ളതായി ഗവേഷകർ കണ്ടെത്തി. വീട്ടിനുള്ളിൽ നല്ല വായുസഞ്ചാരം ആവശ്യമാണ്. കാരണം മൈക്രോപ്ലാസ്റ്റിക് സാന്ദ്രത പുറത്തുള്ളതിനേക്കാൾ കൂടുതൽ വീടിന്റെ അകത്താണെന്ന് ഗവേഷകർ പറയുന്നു.
രക്തത്തിലെ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യമുണ്ടാക്കുന്ന ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗവേഷകർ പഠിച്ചു വരുന്നതെയുള്ളൂ. എന്നതിനാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ നടത്തിയ ഗവേഷണങ്ങളിൽ ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടൽ, എന്നിവയിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. എന്നാൽ മനുഷ്യന്റെ രക്ത സാമ്പിളിൽ മുമ്പൊരിക്കലും പ്ലാസ്റ്റിക് ഉണ്ടായിട്ടില്ലെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
Adjust Story Font
16