ദിവസം 4000 ചുവടുകൾ നടന്നാൽ ദീർഘകാലം ജീവിക്കാം, ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യുമെന്ന് പഠനം
ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് അലസമായ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
ലളിത വ്യായാമമായ നടത്തം നൽകുന്ന ആരോഗ്യഗുണങ്ങൾ എണ്ണമറ്റതാണ്. ഇത് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു. പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ലോഡ്‌സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.
എത്രയധികം നമ്മള്‍ നടക്കുന്നുവോ അത്രയധികം ആരോഗ്യഗുണങ്ങള്‍ നമുക്കു ലഭിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഒരു ദിവസം എത്ര ചുവട് നടക്കാനാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്നതിനെക്കുറിച്ച് പഠനം നടത്താനാണ് ഗവേഷകര്‍ ശ്രമിച്ചത്. ഇതിനായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
ദിവസം 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്നാണ് കണ്ടെത്തൽ. കുറഞ്ഞത് 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യത കുറയ്ക്കും. ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് അലസമായ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു.
കൂടുതല്‍ നടക്കുന്നത് കൂടുതല്‍ മെച്ചമാണെന്നാണ് പഠനം തെളിയിക്കുന്നത്. പ്രതിദിനം 7000നും 13,000നും ഇടയില്‍ ചുവട് നടക്കുന്ന ചെറുപ്പക്കാരിലാണ് ആരോഗ്യ പുരോഗതി കാണാൻ സാധിച്ചത്. ഇവരിൽ അകാലമരണത്തിനുള്ള സാധ്യത 42 ശതമാനം വരെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
വിഷാദരോഗം, ക്ഷീണം എന്നിവ കുറയ്ക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം, കാന്‍സര്‍ സാധ്യത എന്നിവ കുറയ്ക്കുന്നതിനും നടത്തം സഹായിക്കും. സന്ധിവേദന, സന്ധിവാതം മൂലമുള്ള വേദന എന്നിവ ചെറുക്കുന്നതിനും നടത്തം നല്ലതാണെന്ന് നേരത്തെ തന്നെ പഠനങ്ങളിൽ തെളിഞ്ഞതാണ്.
Adjust Story Font
16