Quantcast

വാക്സിന്‍ എടുത്ത ശേഷം ദേഹാസ്വാസ്ഥ്യവും മറ്റ് ബുദ്ധിമുട്ടുകളുമുണ്ടോ? കാരണം ഇതാണ്

കുത്തിവെപ്പ് എടുത്തതിന് പിന്നാലെ വരുന്ന ഇത്തരം അസ്വസ്ഥതകള്‍‍ ഉള്ളവര്‍ ഭയപ്പെടേണ്ട കാര്യമില്ല.....

MediaOne Logo

Web Desk

  • Updated:

    12 Jun 2021 7:57 AM

Published:

12 Jun 2021 7:49 AM

വാക്സിന്‍ എടുത്ത ശേഷം ദേഹാസ്വാസ്ഥ്യവും മറ്റ് ബുദ്ധിമുട്ടുകളുമുണ്ടോ? കാരണം ഇതാണ്
X

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷം പനി, തലവേദന, ക്ഷീണം, ശരീരവേദന എന്നിങ്ങനെയുള്ള വിവിധ പാര്‍ശ്വഫലങ്ങള്‍ പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. മറ്റ് ചിലര്‍ക്കാകട്ടെ വാക്സിന്‍ സ്വീകരിച്ചതിന് ശേഷം അത്തരം ലക്ഷണങ്ങളില്‍ ഒന്നുപോലും പ്രകടമാകാറുമില്ല. അതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്നറിയണ്ടേ..?

കുത്തിവെപ്പ് എടുത്തതിന് പിന്നാലെ വരുന്ന ഇത്തരം അസ്വസ്ഥതകള്‍‍ ഉള്ളവര്‍ ഭയപ്പെടേണ്ട കാര്യമില്ല. കാരണം കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷമുള്ള പാർശ്വഫലങ്ങൾ സാധാരണമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി രോഗപ്രതിരോധ ശേഷി പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും ഇത് താൽക്കാലികം മാത്രമാണെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. എല്ലാ തരം വാക്സിനുകള്‍ സ്വീകരിക്കുമ്പോഴും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാന്‍ സാധ്യതയുണ്ട്.


യുഎസിലെ സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് വാക്സിൻ സ്വീകരിച്ചയാളുകള്‍ക്ക് കുത്തിവെപ്പെടുത്ത ഭാഗത്ത് വേദന, ചുവപ്പ്, തടിപ്പ് എന്നിവങ്ങനെയുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ക്ഷീണം, തലവേദന, പേശി വേദന, ഛർദ്ദി, പനി, ഓക്കാനം എന്നിവയാണ് മറ്റ് പാർശ്വഫലങ്ങൾ. രോഗപ്രതിരോധ ശേഷി സജീവമാകുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

വാക്സിന്‍ എടുക്കുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത്?

മനുഷ്യശരീരത്തിലേക്ക് ആദ്യമായി ഒരു ആന്‍റിജന്‍ പ്രവേശിക്കുമ്പോള്‍, രോഗപ്രതിരോധ സംവിധാനത്തിന് പ്രതികരിക്കാനും ആ ആന്‍റിജന് വേണ്ടിയുള്ള പ്രത്യേക ആന്‍റിബോഡികൾ നിർമ്മിക്കാനും സമയമെടുക്കും. ആസമയത്തിനിടയില്‍ വാക്സിന്‍ സ്വീകരിച്ച വ്യക്തി രോഗബാധിതനാകാൻ സാധ്യതയുണ്ട്. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആന്‍റിജനെ നിർവചിക്കുന്നത് ആന്‍റിബോഡികളുടെ രൂപീകരണത്തിന് കാരണമാകുന്ന ഒരു രോഗാണുവായാണ്.


രോഗപ്രതിരോധ സംവിധാനത്തിന് രണ്ട് പ്രധാന വശങ്ങളാണുള്ളത്, ശരീരത്തിലേക്ക് ഒരു ഫോറിന്‍ ബോഡി പ്രവേശിക്കുമ്പോള്‍ വെളുത്ത രക്താണുക്കൾ ആ ഭാഗത്തേക്കെത്തി അവയെ പ്രതിരോധിക്കാന്‍ ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ ഉണര്‍ത്തുന്നു. അതിന്‍റെ ഭാഗമായി പനി, വേദന, ക്ഷീണം, തുടങ്ങി മറ്റ് പാർശ്വഫലങ്ങൾ ഉണ്ടാകുന്നു. വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനനുസരിച്ച്, രോഗപ്രതിരോധവ്യവസ്ഥയുടെ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് പ്രായം ഒരു ഘടകമാണ്. അതുകൊണ്ടാണ് പ്രായമായവരേക്കാള്‍ കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ ചെറുപ്പക്കാരില്‍ കാണുന്നത്. ചെറുപ്പക്കാരിലെ പ്രതിരോധ സംവിധാനം ഫോറിന്‍ ബോഡിയോട് വേഗം പ്രതികരിക്കുന്നത് കൊണ്ട് തന്നെ പാര്‍ശ്വഫലങ്ങള്‍ അവരില്‍ കൂടുതല്‍ പ്രകടമാകുന്നു.

വാക്സിന്‍ സ്വീകരിച്ച ശേഷം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാത്തത് എന്തുകൊണ്ട്?

എല്ലാവരും വാക്സിനോട് ഒരുപോലെ പ്രതികരിക്കില്ല എന്ന വസ്തുതയാണ് പാര്‍ശ്വഫലങ്ങളുടെ മറ്റൊരു വശം. വാക്സിന്‍ എടുത്ത് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞിട്ടും നിങ്ങൾക്ക് പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ വാക്സിൻ നിങ്ങളുടെ ശരീരത്ത് പ്രവർത്തിക്കുന്നില്ല എന്ന് ഇതിനർത്ഥമില്ല. ഇങ്ങനെ പാര്‍ശ്വഫലം ഉണ്ടാകാത്തവരില്‍ അവരുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനത്തിന്‍റെ രണ്ടാം ഭാഗത്തിനെ വാക്സിന്‍‍ നേരിട്ട് ഉത്തേജിപ്പിക്കുന്നതായും, വാക്സിൻ സ്വീകരിച്ചയുടന്‍ തന്നെ അവരുടെ ശരീരത്തില്‍ ആന്‍റിബോഡികൾ ഉൽ‌പാദിപ്പിക്കപ്പെടുന്നതായുമാണ് ഇവിടെ നിന്നും മനസിലാക്കേണ്ടത്. ഇതിലൂടെ വൈറസിൽ നിന്ന് യഥാർത്ഥ സംരക്ഷണം ഉറപ്പാക്കാമെന്നും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :
Next Story