കാണുമ്പോൾ തന്നെ ഓടിച്ചാടി കയറേണ്ട; ട്രെഡ് മില്ലിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ടത് പലതുണ്ട്
കാൽമുട്ടുകൾക്ക് പരിക്ക് പറ്റാമെന്നതാണ് പ്രധാനം
പുതുവർഷം തുടങ്ങിയപ്പോഴുള്ള ആവേശം ചോർന്നില്ലെങ്കിൽ ഇപ്പോഴും പതിവായി ജിമ്മിൽ പോകുന്നവരുണ്ടാകും. വർക്ക് ഔട്ട് തുടങ്ങിയപ്പോൾ ആദ്യം തിരഞ്ഞെടുത്തത് ട്രെഡ് മിൽ ആവും ശരിയല്ലേ! കാർഡിയോ വ്യായാമത്തിന്റെ ഒരു രൂപമെന്ന നിലയിൽ കാലിന്റെ മസിലുകളെയടക്കം ശക്തിപ്പെടുത്താനും മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്നതിനാൽ ട്രെഡ് മില്ലിന് ആരാധകർ കൂടുതലാകും.
പുറത്തുപോയി വർക്ക് ഔട്ട് ചെയ്യാൻ കഴിയാത്തവർക്കും ട്രെഡ് മിൽ വളരെ ഉപകാരപ്രദമായിരിക്കും. വലുതും ചെലവേറിയതുമാണെങ്കിലും ഇത് സൗകര്യപ്രദമാണ്. എങ്കിലും, വളരെ എളുപ്പത്തിൽ ചാടിക്കയറി ചെയ്യേണ്ട വർക്ക് ഔട്ട് അല്ല ഇത്. ട്രെഡ് മില്ലിൽ കയറുമ്പോൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. കാൽമുട്ടുകൾക്ക് പരിക്ക് പറ്റാമെന്നതാണ് പ്രധാനം. പ്രത്യേകിച്ച് 55 അല്ലെങ്കിൽ 60 വയസിന് മുകളിലുള്ളവരാണെങ്കിൽ. ഓസ്റ്റിയോപൊറോസിസ് (ദുർബലവും പൊട്ടുന്നതുമായ അസ്ഥികൾ) മൂലം പൊണ്ണത്തടി, ഒടിവുകൾ എന്നിവ കാരണം മറ്റ് തരത്തിലുള്ള സങ്കീർണതകൾക്കും ഇത് കാരണമാകും.
ട്രെഡ്‌മില്ലിൽ നടക്കുമ്പോൾ ശരീരത്തിന്റെ ഊർജപ്രവാഹം എതിർദിശയിലേക്കാണ് പ്രവഹിക്കുന്നതെന്ന് ഡൽഹിയിലെ സികെ ബിർള ഹോസ്പിറ്റലിലെ ഓർത്തോപീഡിക്‌സ് വിഭാഗം ഡോ അശ്വിനി മൈചന്ദ് പറയുന്നു. "നമ്മൾ ഗ്രൗണ്ടിലോ ട്രാക്കിലോ ഓടുമ്പോൾ ശരീരത്തിൽ നിന്ന് ഭൂമിയിലേക്കാണ് ഊർജപ്രവാഹം. എന്നാൽ ഒരു ട്രെഡ്മില്ലിൽ യന്ത്രത്തിൽ നിന്ന് കാലിലേക്കാണ് ഊർജപ്രവാഹം ഉണ്ടാകുന്നത്. പ്രായമായ രോഗികളിൽ കാൽമുട്ടിലെ തരുണാസ്ഥി വളരെ ദുർബലമായതിനാൽ ട്രെഡ്‌മില്ലിന്റെ ആഘാതം തരുണാസ്ഥിയിലേക്ക് പോകുകയും അതിനെ തകരാറിലാക്കുകയും ചെയ്യും"; ഡോക്ടർ പറയുന്നു.
ഇത് കാൽമുട്ടിലെ വേദനയും വീക്കവും വർധിപ്പിക്കാൻ ഇടയാക്കും. പ്രായമായവർക്കും കാൽമുട്ടുകൾക്ക് മുമ്പ് പരിക്കേറ്റവർക്കും ട്രെഡ്മിൽ അനുയോജ്യമല്ലെന്നും ഡോക്ടർ വ്യക്തമാക്കി. ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം ഉടൻ തന്നെ ട്രെഡ്‌മില്ലിൽ കയറി ഓടാൻ തുടങ്ങരുത് എന്നതാണ്. പതുക്കെ നടന്നുവേണം ശീലിക്കാൻ. ട്രെഡ്‌മിൽ വേഗത്തിലുള്ള നടത്തിനുള്ളതാണ്, ഓട്ടത്തിനുള്ളതല്ല. ഓട്ടത്തിൽ പൊതുവെ കാൽവിരലുകളിൽ കൂടുതൽ ഭാരമുണ്ടാകും. നടത്തത്തിൽ ഭാരം കാൽവിരലുകൾ മുതൽ മുട്ട് വരെ വിതരണം ചെയ്യുന്നു. ട്രെഡ്‌മില്ലിൽ ഓടുന്നതിനേക്കാൾ കൂടുതൽ പ്രയോജനം ചെയ്യുക നടത്തിനാണ്.
സുഖപ്രദമായ വേഗത ക്രമീകരിക്കുക എന്നതാണ് പരിക്കുകൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മറ്റൊരു മാർഗം. കുറഞ്ഞ വേഗതയിൽ ആരംഭിക്കാൻ ശ്രദ്ധിക്കണം. മെഷീന്റെ ആഘാതം സഹിക്കാൻ കഴിയുന്ന തരത്തിൽ നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്തിക്കൊണ്ട് വേണം വർക്ക് ഔട്ട് ആരംഭിക്കാൻ. അപ്പോഴാണ് നിങ്ങളുടെ ബയോമെക്കാനിക്സ് നന്നായി പ്രവർത്തിക്കുന്നതെന്നും ഡോക്ടർ പറയുന്നു. തുടക്കക്കാരനാണെങ്കിൽ ഇക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നിർബന്ധമാണ്.
Adjust Story Font
16