ജീ മെയിന്‍ 2024; രണ്ടാംഘട്ട പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് ഏപ്രില്‍ 1 ന് പുറത്ത് വിടും
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും
ഡല്‍ഹി: 2024 സെഷന്‍ 2 ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിന്റെ അഡ്മിറ്റ് കാര്‍ഡ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ) ഏപ്രില്‍ 1 ന് പുറത്ത് വിടും. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ലോഗിന്‍ വിശദാംശങ്ങള്‍ നല്‍കണം.
രാജ്യത്ത് 319 നഗരങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കും. അതേസമയം ഇന്ത്യക്ക് പുറത്തുള്ള 22 നഗരങ്ങളിലാണ് പരീക്ഷ നടക്കുക. ഏപ്രില്‍ 25 ന് പരീക്ഷയുടെ ഫലപ്രഖ്യാപനവും ഉണ്ടാവും.
പേപ്പര്‍ 1 (BE/BTech) പരീക്ഷ 2024 ഏപ്രില്‍ 4, 5, 6, 8, 9 തീയതികളില്‍ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. രാവിലെ 9 മുതല്‍ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെയുമായിരിക്കും പരീക്ഷകള്‍ നടക്കുക.
പേപ്പര്‍ 2A (BArch), പേപ്പര്‍ 2B (BPlanning) എന്നിവയുടെ പരീക്ഷ 2024 ഏപ്രില്‍ 12-ന് നടക്കും. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 9 മുതല്‍ 12:30 വരെയായിരിക്കും പരീക്ഷ.
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയില്‍ ആദ്യത്തേത് ജനുവരിയില്‍ നടന്നു. രണ്ടാമത്തേത് ഏപ്രില്‍ 4 മുതല്‍ ഏപ്രില്‍ 15 വരെയായിരിക്കും നടക്കുക. രണ്ട് ഘട്ട പരീക്ഷകളിലെയും ഉദ്യോഗാര്‍ത്ഥികളുടെ മെറിറ്റിനായി രണ്ട് സ്‌കോറുകളില്‍ മികച്ചത് പരിഗണിക്കും.
Adjust Story Font
16