Quantcast
MediaOne Logo

റോഷൻ പി.എം

Published: 16 Jan 2024 8:03 AM GMT

അയോധ്യയിലേക്ക് ടൂർ പൊയ്ക്കോളൂ; പക്ഷേ, അത് ഭക്തിയും വിനോദവും ആണെന്ന് പറയരുത്

നിഷ്കളങ്കരായ എന്‍റെ സുഹൃത്തുക്കള്‍ അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്ന ഉത്സവത്തെ കേവലം വിനോദമായോ ഭക്തിയായോ ദയവായി അവതരിപ്പിക്കരുത്. അതു സമൂഹത്തിലെ വെറുപ്പിന്‍റെ അളവ് കുറയാതിരിക്കാന്‍, ഹിന്ദുത്വ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒരുത്സവമാണ്. ഈ ആഘോഷത്തിലൂടെ ഓർമ്മിപ്പിക്കുന്നത് പള്ളി പൊളിച്ച കാര്യമാണ്, ഈ നാടിനു മുസ്ലിങ്ങൾ അന്യരാണെന്നാണ് പ്രഖ്യാപിക്കുന്നത്. നിങ്ങളത് ആഘോഷിക്കരുതെന്നു പറയാനുള്ള ധൈര്യമൊന്നും എനിക്കില്ല, പക്ഷെ മിനിമം സത്യസന്ധത കാണിക്കണം.

അയോധ്യയിലേക്ക് ടൂർ പൊയ്ക്കോളൂ; പക്ഷേ, അത് ഭക്തിയും വിനോദവും ആണെന്ന് പറയരുത്
X

ആദ്യം, നിഷ്കളങ്കരായ പിഞ്ചുമനസുകളാണ്: "ഒരു വിനോദയാത്രക്കു പോകുന്നതില്‍ എന്താണിത്ര തെറ്റ്! അമ്പലത്തില്‍ പോകുന്നത് അത്ര പ്രശ്നമാണോ?> ഏതോ ഒരു ക്ഷേത്രപ്രതിഷ്ഠയോടനുബന്ധിച്ച് വീടുകളില്‍ വിളക്ക് തെളിയിക്കുന്നതത്ര പാപമാണോ?"

അടുത്തതായി, നിഷ്കളങ്കരായ പുരോഗമന പിഞ്ചുകള്‍: "മതത്തില്‍ വിശ്വസിക്കാനും, അതിന്റെ ആചാരങ്ങള്‍ പാലിക്കാനുമുള്ള പൗരന്‍റെ ഭരണഘടനാവകാശത്തോടൊപ്പം അടിയുറച്ചു നിലയുറപ്പിക്കുന്നു."

വളർന്നെങ്കിലും നിഷ്കളങ്കത നഷ്ടപ്പെടാത്ത പുരോഗമനവാദികൾ ചുരുക്കമാണെങ്കിലും, തീർത്തും കുറ്റിയറ്റു പോയിട്ടില്ല. പ്രായമായ ബന്ധുജനങ്ങളുടെ ചോയ്സില്‍ കൈകടത്തുന്ന ഏകാധിപത്യ പ്രവണത അവർ സഹിക്കില്ല. പങ്കാളിയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്ന, പുരുഷാധിപത്യ പ്രവണതകൾക്കെതിരെ ആഞ്ഞടിക്കുന്ന മാന്യരാണവർ. കുടുംബത്തിൽ ജനാധിപത്യ മൂല്യങ്ങള്‍ പൂത്തുലയനായി, സ്വന്തം അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും ത്യജിക്കാന്‍ തയ്യാറാവുന്ന ത്യാഗികളത്രേയവര്‍. ആട്ടേ, ഈ റെയർ പീസ് ഒരെണ്ണത്തിനെ കാണാൻ പറ്റുമോ എന്നാണോ? സോറി, കഴിയില്ല, അവരൊക്കെ വീടുപൂട്ടി കുടുംബമടക്കം അയോധ്യയിലേക്കുള്ള യാത്രയിലാണ്. നിങ്ങൾ അന്വേഷിക്കുന്ന ആ റെയർ പീസാണ് സംഘത്തിന്റെ ക്യാപ്റ്റൻ.

അടിമുടി രാഷ്ട്രീയ ജീവികളുടെ കാര്യമാണ് ശരിക്കും കഷ്ടം. അവര്‍ നിഷ്കളങ്കരല്ലാത്തതു കൊണ്ടു പൊട്ടന്‍ കളിക്കാനാവില്ല. ഹിന്ദുത്വ രാഷ്ട്രീയം സമൂഹത്തില്‍ മുസ്ലിങ്ങളോടുള്ള വെറുപ്പ് ഉണ്ടാക്കിയെടുത്തത് എങ്ങിനെയെന്നു അവര്‍ക്ക് നല്ല ബോധ്യമുണ്ട്. നമ്മൾ മറന്നു കളയേണ്ട ഒരധ്യായത്തെ ദേശീയോത്സവമായി പ്രഖ്യാപിച്ചു ആഘോഷിക്കുന്നതിനു പിന്നിലെ ഗൂഢോദ്ദേശ്യങ്ങളെ കുറിച്ച് ആരേക്കാളും നന്നായി അവര്‍ക്കറിയാം. അതിലവര്‍ക്ക് കടുത്ത അമര്‍ഷവും നിരാശയുമുണ്ട്. അതേസമയം ഉള്ളിലുള്ളതു പറഞ്ഞാല്‍ കൈവിട്ടു പോയേക്കാവുന്ന വോട്ടുകളെ ഉപേക്ഷിക്കാനും വയ്യ. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രായോഗിക രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട അടവുനയങ്ങളെ കുറിച്ചുള്ള തിരക്കിട്ട ഗവേഷണത്തിലാണ് അവരിപ്പോള്‍. അയോദ്ധ്യയിലെ ഉത്സവം കെങ്കേമമായി നടന്നു കഴിയുമ്പോള്‍ അവരവരുടെ പഠനം പൂര്‍ത്തിയാക്കി, പ്രബന്ധം അവതരിപ്പിക്കും.

സങ്കീര്‍ണ്ണമായ മറ്റനേകം സാമൂഹ്യ പ്രതിസന്ധികളെ പോലെത്തന്നെ, ഇതിനും ഒരു ഒറ്റമൂലിയൊന്നുമില്ല. കോടതി കനിഞ്ഞു നല്കിയ അഞ്ചേക്കര്‍ ഭൂമിയില്‍ പള്ളി പണിതു പരിഹരിക്കാവുന്ന പ്രശ്നമല്ലിത്. തികച്ചും അപ്രതീക്ഷിതമായ ഒരു ബോംബ് സ്‌ഫോടനത്തിൽ തകർന്നു വീണതല്ല ബാബരി മസ്ജിദ്. ഇന്ത്യ മുഴുവന്‍ തേരോടിച്ചു നടന്നു, രാജ്യത്തെ മുഴുവൻ വെല്ലുവിളിച്ചു കൊണ്ടു പൊളിച്ചു കളഞ്ഞതാണത്. സ്വന്തം രാജ്യത്തു മുസ്ലിംകള്‍ക്ക് ഇത്രമാത്രം അപരത്വവും അരക്ഷിത ബോധവും തോന്നിയ മറ്റൊരു രാഷ്ട്രീയ നീക്കം ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. പക്ഷേ കാലത്തിന് ഈ മുറിവൊക്കെ തീർച്ചയായും ഉണക്കാന്‍ കഴിയും, അതിനവിടെ പൊളിച്ച പള്ളി പുനസ്ഥാപിക്കേണ്ട കാര്യം പോലുമില്ല.

ആദ്യമായി ബി.ജെ.പി അധികാരത്തിലേക്ക് വരുന്നതു ഓടു പൊളിച്ചല്ല, തെരഞ്ഞെടുപ്പിലൂടെയാണ്. ആ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒറ്റക്കാരണം ആ പള്ളി പൊളിച്ചതാണ്. ചരിത്രപരമോ വിശ്വാസപരമോ ആയ എന്തെങ്കിലും കാരണം കൊണ്ടല്ല ആ പള്ളി പൊളിക്കുന്നത്. മറിച്ച് അതൊരു രാഷ്ട്രീയ പ്രഖ്യാപനമായിരുന്നു. ആർ.എസ്.എസ് രൂപം കൊണ്ടതു മുതലിന്നു വരെ ആവര്‍ത്തിക്കുന്ന അവരുടെ രാഷ്ട്രീയ നയമാണത്. അതുപ്രകാരം ഇന്ത്യ എന്നതു പ്രാഥമികമായൊരു ഹിന്ദു രാജ്യമാണ്, അവിടെ ഹിന്ദുക്കളോളം തുല്യരല്ല മുസ്ലിങ്ങള്‍. പള്ളി പൊളിക്കുന്നതിലൂടെ ഹിന്ദുത്വ സംഘടനകൾ വിളിച്ചു പറഞ്ഞത് ഇക്കാര്യമാണ്, അതിനുള്ള ജനത്തിന്‍റെ അംഗീകാരമായിരുന്നു വാജ്പേയി സര്‍ക്കാര്‍.

എന്നാല്‍ അധികാരത്തിലെത്തിയ വാജ്പേയി സർക്കാരിനു ഭരണത്തുടർച്ചയുണ്ടായില്ല. അത്ര മോശം ഭരണമായതു കൊണ്ടായിരുന്നില്ല പരാജയപ്പെട്ടത്. മുൻ സർക്കാരുകളെ അപേക്ഷിച്ചു രാഷ്ട്രീയ സ്ഥിരതയുള്ള സർക്കാരായിരുന്നു, സാമ്പത്തിക മുന്നേറ്റമുണ്ടായി, വിജയം കണ്ട നയതന്ത്ര നീക്കങ്ങളുണ്ടായി, ആണവ ശക്തിയായി, കാർഗിൽ യുദ്ധം വിജയിച്ചു... ചുരുക്കിപ്പറഞ്ഞാല്‍ തങ്ങളുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാണിച്ചു കൊണ്ടു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം അന്നു ബി.ജെ.പിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് കാലാവധി പൂർത്തിയാക്കാൻ പോലും കാത്തുനിൽക്കാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. പക്ഷേ, തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ബി.ജെ.പിക്ക് അധികാരമൊഴിയേണ്ടി വന്നു. അതായത്, ജനങ്ങളുടെ അഥവാ ബി.ജെ.പിയെ വിജയിപ്പിച്ചവരുടെ മുൻഗണന "തിളങ്ങുന്ന ഇന്ത്യ" ആയിരുന്നില്ല.

ഇന്നത്തെപ്പോലെ മുസ്ലിം വിരുദ്ധതയായിരുന്നില്ല വാജ്‌പേയി സർക്കാരിന്റെ മുഖമുദ്ര. ആ ഉപേക്ഷയ്ക്കുള്ള ശിക്ഷയാണ് 2004 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട പരാജയം. പള്ളി പൊളിച്ചിട്ടധികം കാലമായില്ലെങ്കില്‍ പോലും, 2004 കാലത്തൊക്കെ തങ്ങളൊരു രണ്ടാംകിട പൗരന്മാരാണെന്ന് ഇന്നത്തെയത്ര മുസ്ലിംകൾക്കു തോന്നിയിരുന്നില്ല, പൊതുസമൂഹത്തിനും. വിഭാഗീയതയുടെ വ്രണങ്ങള്‍ ആരുമൊന്നും ചെയ്തില്ലെങ്കില്‍ പോലും, കാലം മായ്ച്ചു കളയുമെന്ന് നേരത്തെ പറഞ്ഞത് ഇതുകൊണ്ടാണ്.

പിന്നീട് ഹിന്ദുത്വയെ നമ്മള്‍ അധികാരത്തിലേറ്റുന്നതു മോഡിയിലൂടെയാണ്. കൃത്യമായി പറഞ്ഞാല്‍ ഗുജറാത്ത് കലാപത്തിലൂടെ കഴിവു തെളിയിച്ച മോഡിയിലൂടെ. എന്നാല്‍ വാജ്പേയി കാലഘട്ടത്തില്‍ പറ്റിയ അബദ്ധം ഇത്തവണ ഹിന്ദുത്വം ആവര്‍ത്തിച്ചില്ല. കൃത്യമായ ഇടവേളകളില്‍ ഭരണകൂടം മുസ്ലിംകളെ അപരവല്‍ക്കരിച്ചു കൊണ്ടേയിരുന്നു. അതിന്‍റെ ഗുണം തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുകയും ചെയ്തു. വ്യക്തികളെ നേരിട്ടു ബാധിച്ച നോട്ടു നിരോധനം പോലുള്ള മണ്ടത്തരങ്ങൾ പോലും സമൂഹം പൊറുത്തുകൊടുത്തു. ഹിന്ദുത്വക്ക് അധികാരത്തില്‍ തുടരണമെങ്കില്‍ വിഭാഗീയ രാഷ്ട്രീയം അനിവാര്യമാണ്. അതിനു പൊതുശത്രുവായി, അപരനായി മുസ്ലിം സമുദായം വേണം. സമൂഹത്തില്‍ മുസ്ലിം വിരുദ്ധത ഊട്ടിയുറപ്പിക്കാന്‍ കൃത്യമായ ഇടവേളകളില്‍ വിവാദങ്ങള്‍ ഉണ്ടാക്കണം. വിവാദം എന്ന വാക്കിനേക്കാള്‍ ചേരുക കുത്തിത്തിരുപ്പ് എന്ന വാക്കാണ്.

ഭരിക്കുന്നവര്‍ തങ്ങളുടെ തന്നെ നാട്ടിലെ സാമൂഹ്യാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുമോ? സമൂഹത്തിലേക്ക് വെറുപ്പ് കുത്തിവെക്കുമോ? പെട്ടെന്നിത് വിശ്വസിക്കാന്‍ നമുക്ക് കഴിയില്ല. പക്ഷേ, അങ്ങിനെ ചെയ്യുമെന്ന് മാത്രമല്ല, ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവര്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നതുമതാണ്. ഉദാഹരണത്തിന് ഗുജറാത്തിനെയോ ഉത്തര്‍ പ്രദേശിനെയോ നോക്കൂ. ഇന്ന് ഇന്ത്യയില്‍ ഏറ്റവും മുസ്ലിം വിരുദ്ധതയുള്ള സംസ്ഥാനം ഉത്തര്‍ പ്രദേശാവും. ഒരു മുസ്ലിം സ്ഥാനാർത്ഥിയെ പോലും മത്സരിപ്പിക്കാതെയാണ് യോഗി തുടര്‍ച്ചയായി അവിടെ മൃഗീയ ഭൂരിപക്ഷത്തില്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്നത്. എല്ലാ വികസന/സാമൂഹ്യ സുരക്ഷ ഇന്‍ഡക്സുകളിലും വളരെ മോശം പ്രകടനം കാഴ്ച വെക്കുന്ന സംസ്ഥാനമാണ് യുപി. സൗദി അറേബ്യയില്‍ ഉള്ളതിനേക്കാള്‍ മുസ്ലിങ്ങളുണ്ട് യു.പിയിൽ. അവിടെയാണ് ബി.ജെ.പി നിരന്തരമായി അനായാസേന വിജയിക്കുന്നതെന്ന് അറിയുമ്പോഴാണ് വിഭാഗീയ രാഷ്ട്രീയത്തിന്‍റെ ഭീകരത നമുക്ക് മനസിലാക്കാന്‍ സാധിക്കുക.

അതായത്, ഹിന്ദുത്വക്ക്‌ കുത്തിത്തിരിപ്പ് അനിവാര്യമാണ്. പക്ഷേ, ഈ കുത്തിത്തിരുപ്പിന്‍റെ ഇടവേളകള്‍ എങ്ങിനെയാണ് നിർണയിക്കുക? സമൂഹത്തിലെ വെറുപ്പിന്‍റെ അളവ് എന്നത് അളക്കാന്‍ കഴിയുന്ന ഒരു "ഗുണ"മാണ്. ഒരുദാഹരണത്തിന്, "സമൂഹത്തിൽ ന്യൂനപക്ഷങ്ങളോടുള്ള കുറ്റകൃത്യങ്ങളുടെ എണ്ണം" എന്നതു വിഭാഗീയത അളക്കാന്‍ ഉപയോഗിക്കാവുന്ന ഒരു മെഷറാണ്. നിരന്തരമായ നിരീക്ഷണത്തിലൂടെയും, ആവശ്യഘട്ടങ്ങളിലുള്ള ഇടപെടലു/കുത്തിത്തിരിപ്പുകളിലൂടെയും സമൂഹത്തിലെ വിഭാഗീയതയുടെ അളവ്, തങ്ങള്‍ക്കപ്പോഴാവശ്യമുള്ള തോതില്‍ നിലനിര്‍ത്താന്‍ ഭരണകൂടത്തിനു കഴിയും.

കുത്തിത്തിരിപ്പിന്‍റെ ടൂളുകള്‍ എന്തൊക്കെയാണ്? ഇന്ത്യ പോലൊരു സമൂഹത്തില്‍ ഹിന്ദുത്വക്ക്, വല്ലഭന് പുല്ലും ആയുധമെന്ന് പറയുന്ന പോലെ ഒന്നാണത്. കോളനിവല്‍ക്കരണത്തിനെ ന്യായീകരിക്കാനായി എഴുതിയ ചരിത്രം മുതല്‍ നീതി നടപ്പിലാക്കാനെന്ന മട്ടിലുള്ള രാഷ്ട്രീയനയങ്ങൾ വരെ വിഭാഗീയതയ്ക്ക് വേണ്ടി ഉപയോഗിക്കാം. വർഗീയമായി വിഭജിക്കപ്പെട്ടു കഴിഞ്ഞൊരു സമൂഹമായതു കൊണ്ട്, ഉളുപ്പില്ലെന്നുണ്ടെങ്കില്‍ ഭരണകൂടത്തിന് വലിയ അദ്ധ്വാനമില്ല. ഭൂരിപക്ഷ സമൂഹം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വൃത്തികേടുകളാണ് ഭരണകൂടം ഉണ്ടാക്കി കൊടുക്കേണ്ടത്.

ചരിത്രത്തെ വളരെ ഫലപ്രദമായാണ് കുത്തിത്തിരിപ്പിനുള്ള ആയുധമായി ഹിന്ദുത്വ ഉപയോഗിക്കുന്നത്. ബാബരി മസ്ജിദ് പൊളിച്ചത്, കാശിയിലും മധുരയിലുമൊക്കെ പള്ളി പൊളിച്ച് അമ്പലങ്ങള്‍ പണിയണമെന്ന് ആവശ്യപ്പെടുന്നത്, താജ് മഹല്‍ ശിവക്ഷേത്രമാക്കണമെന്ന് ആവശ്യപ്പെടുന്നത്, നഗരങ്ങളുടെ എന്തിനു രാജ്യത്തിന്‍റെ തന്നെ പേരുകള്‍ മാറ്റുന്നത്... ഇങ്ങിനെ ദിവസേനയെന്നവണ്ണം സൃഷ്ടിക്കപ്പെടുന്ന കുത്തിത്തിരിപ്പ് വിവാദങ്ങള്‍ക്ക് ഒക്കെയും ന്യായീകരണമായി മുന്നിൽനിർത്തുന്നത്, ഏകപക്ഷീയമായി അവതരിപ്പിക്കുന്ന ചരിത്രത്തെയാണ്. ആവശ്യങ്ങൾ പലതെങ്കിലും, എല്ലാത്തിനും ഉദ്ദേശ്യം ഒന്നു മാത്രം!

ചരിത്രം വിടാം, നീതിയെന്ന മട്ടില്‍ അവതരിപ്പിക്കുന്ന ഭരണ നീക്കങ്ങള്‍ നോക്കൂ. അയല്‍ രാജ്യങ്ങളില്‍ പീഢനമേല്‍ക്കേണ്ടി വരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അഭയം നൽകാനാണ് NRC/CAA കൊണ്ടു വന്നതെന്നാണ് സങ്കല്പം. കാശ്മീരിലെയും ലക്ഷദ്വീപിലെയും മാറ്റങ്ങള്‍ അവിടത്തെ ജനങ്ങളുടെ ആവശ്യമായിരുന്നില്ല, അതു ബാക്കിയുള്ള ഇന്ത്യയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. അയോദ്ധ്യയില്‍ ക്ഷേത്രം പണിയുന്നത് പോലും നീതി പുനഃസ്ഥാപിക്കാനാണെന്ന മട്ടിലാണ് അവതരിപ്പിക്കുക. ഇത്രയധികം വിഭവശേഷിയുള്ള ഭൂമിയും മനുഷ്യരുമുള്ള, അതേസമയം ലോകത്തേറ്റവുമധികം ദരിദ്രരുള്ള ഒരു നാടിന്റെ മുൻഗണനകൾ എത്രമാത്രം അപ്രസക്തമായ വിഷയങ്ങളിലാണ് സെറ്റ് ചെയ്തിരിക്കുന്നതെന്ന് നോക്കൂ. എല്ലാ കുത്തിത്തിരിപ്പുകൾക്കും ഒരൊറ്റ ഉദ്ദേശ്യം മാത്രം!

കുത്തിത്തിരിപ്പിന്‍റെ ഫലപ്രാപ്തി അളക്കാന്‍ ഭരണകൂടത്തിനു കഴിയുമെന്ന് പറഞ്ഞല്ലോ. പക്ഷെ കണക്കുകള്‍, പ്രത്യേകിച്ചു സുഖകരമല്ലാത്ത കണക്കുകള്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് ലഭിച്ചേക്കില്ല. എങ്കിലും കുത്തിത്തിരുപ്പിന്‍റെ അനുരണനങ്ങള്‍ നാം ജീവിക്കുന്ന സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും കാണാന്‍ കഴിയും. കാണാൻ കഴിയുമെന്ന് മാത്രമല്ല ആ ഓരോ കാഴ്ചകളും വിഭാഗീയതയുടെ ആഴം കൂട്ടിക്കൊണ്ടേയിരിക്കും.

ഉദാഹരണത്തിന്, വാട്ട്സാപ്പില്‍ നാം കണ്ട വീഡിയോയില്‍, ഗുണനപട്ടിക തെറ്റിച്ചതിനല്ല ടീച്ചര്‍ ആ ഏഴു വയസുകാരന്റെ ചെകിടടിച്ചു പൊട്ടിച്ചതെന്നു നമുക്കറിയാം, മറിച്ച് അവന്‍ ഒരു മുസ്ലിം നാമധാരി ആയതുകൊണ്ടാണ്. വഴിയേ നടന്നുപോവുന്ന ഒരുത്തന് "ഭാരത് മാതാ കീ ജയ്" വിളിച്ചു ദേശസ്നേഹം തെളിയിക്കേണ്ടി വരുന്നത് കണ്ടാൽ, അവന്‍ ഒരു മുസ്ലിമായിരിക്കുമെന്ന് നമുക്കറിയാം. "ജയ് ശ്രീരാ"മെന്നുറക്കെ വിളിച്ചു ഹിന്ദു/ഭാരത സംസ്കാരം അംഗീകരിക്കുന്നുവെന്നു സ്ഥാപിച്ചതിനു ശേഷം മാത്രമേ ഉത്സവപ്പറമ്പില്‍ വളക്കച്ചവടം ചെയ്യാന്‍ കഴിയുന്നുള്ളൂവെങ്കിൽ, തീർച്ചയായും അയാളൊരു മുസ്ലിമായിരിക്കും. വീട്ടിലെ ഫ്രിഡ്ജിലിരിക്കുന്ന ഇറച്ചി പശുവിറച്ചിയാവുമെന്ന ഉറപ്പിൽ കൊല്ലപ്പെടുന്നതൊക്കെയും മുസ്ലിങ്ങളായിരിക്കും.

അപ്പോള്‍ പറഞ്ഞു വന്നത് ഇത്രയേയുള്ളൂ. നിഷ്കളങ്കരായ എന്‍റെ സുഹൃത്തുക്കള്‍ അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്ന ഉത്സവത്തെ കേവലം വിനോദമായോ ഭക്തിയായോ ദയവായി അവതരിപ്പിക്കരുത്. അതു സമൂഹത്തിലെ വെറുപ്പിന്‍റെ അളവ് കുറയാതിരിക്കാന്‍, ഹിന്ദുത്വ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒരുത്സവമാണ്. ഈ ആഘോഷത്തിലൂടെ ഓർമ്മിപ്പിക്കുന്നത് പള്ളി പൊളിച്ച കാര്യമാണ്, ഈ നാടിനു മുസ്ലിങ്ങൾ അന്യരാണെന്നാണ് പ്രഖ്യാപിക്കുന്നത്. നിങ്ങളത് ആഘോഷിക്കരുതെന്നു പറയാനുള്ള ധൈര്യമൊന്നും എനിക്കില്ല, പക്ഷെ മിനിമം സത്യസന്ധത കാണിക്കണം. ബില്‍ക്കീസ് ബാനുവിനെ ഉപദ്രവിച്ചവരില്‍ അന്നേ ദിവസം വരെ അവരോടു സ്നേഹത്തോടെ ഇടപെട്ട മനുഷ്യരുണ്ട്. ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് അവരന്നവരെ ബലാല്‍സംഘം ചെയ്തു കൊല്ലാന്‍ തയ്യാറായത്. ആ അക്രമികള്‍ കാണിക്കുന്ന സത്യസന്ധതയെങ്കിലും, അയോദ്ധ്യയില്‍ ടൂറു പോകുന്ന, അന്നേ ദിവസം വീട്ടില്‍ വിളക്ക് കത്തിക്കുന്ന നിഷ്കളങ്ക സുഹൃത്തുക്കൾ കാണിക്കണം. പള്ളി പൊളിച്ചു പണിത അമ്പലമായത് കൊണ്ടാണ്, ഇതിത്ര സവിശേഷമാവുന്നതെന്നെങ്കിലും പറഞ്ഞിട്ടു ആഘോഷിക്കൂ...

ഇനി കുറച്ചു "ഞാന്‍" വർത്തമാനവും കൂടി പറഞ്ഞു നിര്‍ത്താം. ഇന്ത്യക്കു പുറത്തു പോയി പലയിടത്തും ജോലി ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രമിച്ചിരുന്നെങ്കില്‍ മൈഗ്രേറ്റ് ചെയ്യാനും കഴിഞ്ഞേനെ. അങ്ങിനെയൊരു താല്‍പ്പര്യം അന്നുമിന്നുമില്ല. ഇത്രയൊക്കെ നിരാശയോടെ ഇതൊക്കെ പറയുമ്പോൾ പോലും, ജീവിച്ചു മരിക്കാൻ ഈ ലോകത്തു ഞാനേറ്റവുമധികം ഇഷ്ടപ്പെടുന്നത് ഇവിടെയാണ്. ഒരുപക്ഷേ കേരളത്തിലായതു കൊണ്ടും, പല പ്രിവിലേജുകള്‍ ഉള്ളതുകൊണ്ടും തോന്നുന്നതാവാം. മുന്‍പൊക്കെ വളരെയടുത്ത ആരെങ്കിലും അവര്‍ മൈഗ്രേറ്റ് ചെയ്യുന്നതിനെ കുറിച്ച് എന്നോടു അഭിപ്രായം ചോദിക്കുമ്പോള്‍ നിരുത്സാഹപ്പെടുത്തുമായിരുന്നു. എന്നാല്‍ കുറച്ചു കാലമായി ഞാനത് ചെയ്യാറില്ല. നാളെ എന്‍റെ മക്കള്‍ അഭിപ്രായം ചോദിച്ചാല്‍ പോലും ഇവിടെ തുടരണമെന്ന എന്റെ ആഗ്രഹം അവരോടു പറയാനുള്ള ആത്മവിശ്വാസം എനിക്കിന്നില്ല.

മതവർഗീയതയെ തത്വശാസ്ത്രം എന്നൊക്കെ വിളിക്കാൻ കഴിയുമോ എന്നറിയില്ല, എന്തായാലും ഹിന്ദുത്വ പോലെ ഇത്ര നികൃഷ്ടമായൊരു ചിന്താഗതിക്ക് അനാദികാലം നിലനില്‍ക്കാന്‍ കഴിയില്ല. മനുഷ്യരുടെ മോശം വശങ്ങളെ ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടം കൈവരിക്കുന്നതിനൊരു പരിധിയും, പരിമിതികളുമുണ്ട്. ഇങ്ങിനെയൊരു സംവിധാനത്തിന് കഴിവുകെട്ട മനുഷ്യരെ മാത്രമേ ഉല്പ്പാദിപ്പിക്കാന്‍ കഴിയൂ, ഗുണമില്ലാത്തവരെ മാത്രമേ കൂടെനിര്‍ത്താന്‍ കഴിയൂ. അങ്ങിനെയുള്ള മനുഷ്യർ എത്രയൊക്കെ ആഗ്രഹിച്ചാലും, കഠിനമായി അദ്ധ്വാനിച്ചാലും ദീർഘമായ കാലയളവിൽ സമൂഹത്തെ പുറകിലേക്ക് ചലിപ്പിക്കാനേ കഴിയൂ. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പിന്റെ ജ്വാലയിൽ അവർ തന്നെ വെണ്ണീറാവുന്ന ഒരു കാലം വരും. അതെത്രത്തോളം വൈകുന്നുവോ അത്രയും വില ഈ നാടും, വിശിഷ്യാ ഇവിടത്തെ ന്യൂനപക്ഷങ്ങളും കൊടുക്കേണ്ടി വരും.

ഇതിന് ഒരു വ്യക്തിയെന്ന നിലക്ക് നമുക്കെന്ത് ചെയ്യാന്‍ കഴിയും? രണ്ടു കാര്യങ്ങള്‍ നമുക്ക് ചെയ്യാം. ഒന്നു വോട്ട് ചെയ്യാം, ചെയ്തു കൊണ്ടേയിരിക്കാം. രണ്ടു ഓഹരികളില്‍ നിക്ഷേപിക്കാം. ഈ നാട് അടുത്തൊന്നും നന്നാവില്ലെന്ന ആത്മവിശ്വാസം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ സ്റ്റോക്ക് വാങ്ങിക്കാം. ഓഹരികൾ തിരഞ്ഞെടുക്കാൻ വയ്യെങ്കിൽ ഇൻഡക്സ് ഫണ്ടുകളിൽ നിക്ഷേപിക്കാം. അയോധ്യ ടൂറിസം പൊടിപൊടിക്കുമെന്ന് തോന്നിയതു കൊണ്ട് ഞാനാ വഴിക്ക് കുറച്ചു മുന്‍പേ നീങ്ങിയാരുന്നു, അതിന്‍റെ ഗുണമുണ്ടാവുകയും ചെയ്തു. പക്ഷെ പ്രത്യക്ഷത്തില്‍ ഗുണമുണ്ടാക്കുന്ന ഹോട്ടല്‍ മേഖലയിലെ നല്ല സ്റ്റോക്കുകളുടെയെല്ലാം വില ഇതിനകം കയറിക്കഴിഞ്ഞു. എന്നാലും അവസരങ്ങളുണ്ട്, ദിവസേന ജനലക്ഷങ്ങള്‍ അയോധ്യയിലേക്ക് ഒഴുകാന്‍ പോവുകയല്ലേ? അവര്‍ക്ക് സഞ്ചരിക്കാന്‍ വിമാനവും, ട്രെയിനുമൊക്കെ വേണമല്ലോ? യാത്ര സൌകര്യങ്ങള്‍ ഒരുക്കുന്ന വെബ് പ്ലാറ്റ് ഫോമുകള്‍ വേണമല്ലോ? അങ്ങിനെയങ്ങിനെ.... കച്ചവടവും ആഘോഷങ്ങളും കൊഴുക്കട്ടേ... ലോകാഃ സമസ്താഃ സുഖിനോ ഭവന്തു...

TAGS :