മമ്പുറംബീവിയുടെ ജാറം ഫറോക്ക് പോലീസ് സ്റ്റേഷന് പുറകിൽ? കണ്ടെത്തലുമായി പുതിയ പുസ്തകം
മലബാർ കലാപത്തിന്റെ നൂറാംവാർഷികം കഴിഞ്ഞ് മൂന്നുനാലു കൊല്ലം കഴിഞ്ഞെങ്കിലും പുസ്തകങ്ങളുടെ വരവു നിലച്ചിട്ടില്ല. കലാപകാലത്തെ സംഭവങ്ങൾ കാലാനുഗതമായി വിവരിച്ചുപോകുന്ന പൊതുചരിത്ര പുസ്തകങ്ങൾക്കപ്പുറം പ്രത്യേക പ്രദേശങ്ങളെ കേന്ദ്രപ്രമേയമാക്കിയുള്ള പുസ്തകങ്ങൾ വരുന്നുണ്ടിപ്പോൾ.

പഠനങ്ങൾ പുതിയപുതിയ വഴികളിലൂടെ മുന്നേറുകയാണ്. അതിൻ്റെ ഫലമായി സമരത്തിൻ്റെ നൂറാം വാർഷികമായ 2021 ൽ നിരവധി പുസ്തകങ്ങൾ ഇറങ്ങി. അക്കാദമിക് പണ്ഡിതരുടേയും അല്ലാത്തവരുടേയും പഠനങ്ങൾ. ഇപ്പോഴോർക്കുമ്പോൾ, 2021 പുസ്തകകലാപത്തിൻ്റെ വർഷമായിരുന്നുവെന്ന് തോന്നും. അത്രയ്ക്കുണ്ടായിരുന്നു അന്ന് പുസ്തക പ്രകാശനങ്ങൾ. പഴയ കുറച്ച് നല്ലപുസ്തകങ്ങൾക്ക് പുതിയ പതിപ്പുകളിറങ്ങി എന്നത് എടുത്തു പറയേണ്ടതാണ്. എ.കെ. കോടൂരിൻ്റെ ആംഗ്ലോ- മാപ്പിള യുദ്ധം, എം.പി. ശിവദാസ മോനോൻ എഴുതിയ എം.പി. നാരായണമേനോനും സഹപ്രവർത്തകരും തുടങ്ങിയവ ആ നിരയിൽ വരും.
സാഹിത്യകാരനായ പി.സുരേന്ദ്രൻ കലാപദേശങ്ങളിലൂടെ നടത്തിയ യാത്രകൾ, പത്രപ്രവർത്തകനായ സമീൽ ഇല്ലിക്കൽ രക്തസാക്ഷികളുടെ കബറുകൾ കണ്ടെത്താൻ നടത്തിയ അന്വേഷണങ്ങൾ എന്നിവയൊക്കെ പുതിയ പുസ്തകങ്ങളായി ഇറങ്ങിയവയിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.
രേഖകളും പത്രവാർത്തകളും ചികഞ്ഞെടുത്ത് ക്രോഡീകരിച്ച മറ്റൊരുതരം പുസ്തകങ്ങൾ അതിനു പിന്നാലെ പുറത്തുവന്നു. ആർ.കെ ബിജുരാജിൻ്റെ മലബാർ കലാപം ചരിത്രരേഖകൾ, യൂസഫലി പാണ്ടിക്കാടിൻ്റെ 1921 രേഖാവരി, കലാപകാലത്ത് ബോംബെ ക്രോണിക്കിൾ പത്രത്തിൽ വന്ന വാർത്തകൾ അരിച്ചുപെറുക്കിയടുക്കി വെച്ച് അഷറഫ് തങ്ങളും സി. അബ്ദുൽ ബാരിയും ചേർന്ന് തയ്യാറാക്കിയ ഇമാജിൻഡ് നാഷണലിസം, അബ്ദുറഹ്മാൻ മാങ്ങാട് സമാഹരിച്ച കിലാഫത്ത് ഫത് വകൾ തുടങ്ങിയ സമാഹാരങ്ങൾ വസ്തുതകളുടെ പുതിയ ലോകം തുറന്നുതരുന്നവയാണ്.
നൂറാംവാർഷികം കഴിഞ്ഞ് മൂന്നുനാലു കൊല്ലം കഴിഞ്ഞെങ്കിലും പുസ്തകങ്ങളുടെ വരവു നിലച്ചിട്ടില്ല. കലാപകാലത്തെ സംഭവങ്ങൾ കാലാനുഗതമായി വിവരിച്ചുപോകുന്ന പൊതുചരിത്ര പുസ്തകങ്ങൾക്കപ്പുറം പ്രത്യേക പ്രദേശങ്ങളെ കേന്ദ്രപ്രമേയമാക്കിയുള്ള പുസ്തകങ്ങൾ വരുന്നുണ്ടിപ്പോൾ. പി.എ.എം ഹാരിസിൻ്റെ നിലമ്പൂർ @1921 കിഴക്കൻ ഏറനാട്ടിൻ്റെ പോരാട്ടചരിത്രം അക്കൂട്ടത്തിൽ ഒരു പ്രധാനപ്പെട്ട രചനയാണ്.
വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ ചരിത്രാന്വേഷകരെ അത്ഭുതപ്പെടുത്തിയ ചില പുസ്തങ്ങളും ഇതിനിടെ പുറത്തുവന്നു. മഹ്മൂദ് കൂരിയ എഴുതിയ മൃഗ കലാപങ്ങൾ, ഷുമൈസ്. യു എഴുതിയ മലബാർ കലാപകാലത്തെ ജയിലുകൾ എന്നിവ ആ വിഭാഗത്തിൽപ്പെടുന്നു.
ഈ രണ്ടുപുസ്തകങ്ങളും ഒരേയളവിൽ കൗതുകമുണർത്തുന്നവയാണ്. കലാപകാലത്ത് കലാപകാരികളും അവർക്കെതിരെ ബ്രിട്ടീഷ്പട്ടാളവും പോലീസും ഏതെല്ലാംഇനം മൃഗങ്ങളെ, എങ്ങനെയെല്ലാം ഉപയോഗിച്ചു എന്നാണ് മഹ്മൂദ് കൂരിയ കണ്ടെത്തി വിവരിക്കുന്നത്. പുതിയ അറിവാണ്. രസകരമാണ്. എങ്കിലും വാർത്താപരമായും ചരിത്രപരമായും അതോടൊപ്പം ആത്മീയതാൽപര്യവും ഉണർത്തുന്നതാണ് 'കലാപകാലത്തെ ജയിലുകൾ'. ആ പുസ്തകത്തെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വിഷയത്തിൻ്റെ തെരഞ്ഞെടുപ്പും, വസ്തുതകളുടെ കണ്ടെത്തലും ശ്രദ്ധേയമാണെങ്കിലും പുസ്തകം എന്നനിലയിൽ നിരവധി ന്യൂനതകൾ ഇതിനുണ്ട് എന്നത് മറക്കാനാവില്ല. അക്ഷരത്തെറ്റിൻ്റെ വേലിയേറ്റമാണ് പേജുകളിൽ. നിഷിദ്ധമായ വിമർശനം, മദ്യവർഗ നേതാക്കൾ തുടങ്ങിയ മനംമടുപ്പിക്കുന്ന പ്രയോഗങ്ങൾ പോലും കാണാം. പ്രൂഫ് വായന എന്നൊരു സംഗതി നടന്നിട്ടേ ഇല്ലെന്നുറപ്പ്. അങ്ങനെയനവധി കുറ്റവും കുറവും ഉണ്ടെങ്കിലും ഈ പുസ്തകം ഒരു ചരിത്രാന്വേഷിയ്ക്ക് വേണ്ടെന്ന് വെക്കാനാവില്ല. വളരെ വിലപ്പെട്ട രണ്ടുമൂന്ന് വിവരങ്ങളുണ്ട്.
പ്രഥമവും പ്രധാനവുമായത്, മമ്പുറംബീവിയെക്കുറിച്ചും ബീവിയുടെ അന്ത്യവിശ്രമ സ്ഥാനത്തെക്കുറിച്ചുമുള്ള വിവരങ്ങളാണ്. അവയുടെ വിവരണങ്ങളാണ്.
മമ്പുറംബീവി എന്നാൽ മലബാറിലെ ഐതിഹാസിക ജനനേതാവായ, ബ്രിട്ടീഷുകാരാൽ നാടുകടത്തപ്പെട്ട മമ്പുറം സയ്യിദ് ഫസൽതങ്ങളുടെ പെങ്ങൾ ഫാത്തിമാബീവി.
ഫസൽതങ്ങളെ പോലെതന്നെ ഇതിഹാസം രചിച്ച പോരാളിയായിരുന്നു പെങ്ങളുമെന്ന് മനസിലാകുന്നത് ഷുമൈസിൻ്റെ വിവരണത്തിൽ നിന്നാണ്. തങ്ങളെ നാടുകടത്തുന്നതിന് തീരുമാനമെടുക്കുകയും അത് നടപ്പാക്കുകയും ചെയ്ത കലക്ടർ ഹെൻറി വാലൻ്റൈൻ കനോലിയെ പിന്നീട് മാപ്പിളമാർ കൊല്ലുകയായിരുന്നുവല്ലോ. 1855 സെപ്തംബർ 11 നാണ് വെസ്റ്റ്ഹില്ലിലെ ബംഗ്ലാവിൽ കടന്നുകയറി മാപ്പിളപ്പോരാളികൾ കനോലിയെ കൊന്നുകളഞ്ഞത്.
മറ്റുചില കേസുകളിൽ ശിക്ഷിക്കപ്പെട്ട് കോഴിക്കോട് ജയിലിൽ തടവിൽ കഴിയുകയായിരുന്ന നാലു പേർ തടവുചാടി വന്നാണ് പ്രതികാരം നടപ്പാക്കിയത്. വെള്ളാട്ട്പറമ്പിൽ മൊയ്തീൻ, ചെമ്പൻ മൊയ്തീൻകുട്ടി, വാളശ്ശേരി ജമാലു (ആപേര് വലാശ്ശേരി എമാളു എന്നാണ് പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്നത്) പുളിയാംകുന്നത്ത് തേനു എന്നിവരാണാ നാലുപേർ.
1855 ആഗസ്റ്റ് നാലിനാണ് ഇവർ കോഴിക്കോട് ജയിലിൽനിന്ന് ചാടുന്നത്. പലയിടത്തും ഒളിവിൽ കഴിഞ്ഞ് സെപ്തംബർ 10 ന് ഒരു മൗലൂദ് നടത്തി. പിറ്റേന്ന് കളക്ടറെ കൊന്നു. കൊലപാതകം നടത്തിയവരേയും കൂട്ടത്തിൽ മറ്റൊരാളെയും വെടിവെച്ചുകൊന്നെങ്കിലും അതിന് ശേഷം 24 കേസുകളെടുത്തു. തടവുചാടി വന്നവരെ ഒളിപ്പിച്ചു, ഭക്ഷണം കൊടുത്തു, കൊലപാതകം നടത്താൻ സഹായിച്ചു, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. 24 കേസുകളിലായി 164 പേരെ അറസ്റ്റുചെയ്തിരുന്നു. അതിൽ 14 പേർ സ്ത്രീകളായിരുന്നു. ഒരു കുട്ടിയുമുണ്ടായിരുന്നു. സ്ത്രീകളിൽ ഒരാൾ മമ്പുറം ഫാത്തിമാബീവിയായിരുന്നു.
ബീവിയെ പ്രതിചേർക്കാനുള പ്രധാനകാരണം, കനോലിയെ കൊല്ലുന്നതിനു മുമ്പ് ഘാതകർ മമ്പുറം സയ്യിദ് അലവിതങ്ങളുടെ ജാറം സന്ദർശിച്ചു എന്നതും അവിടെ വെച്ച് ബീവി അവരെ അനുഗ്രഹിച്ചു എന്നതുമാണ്. കുറ്റവാളികളെ മാത്രമല്ല അവരുടെ ആയുധങ്ങളേയും ബീവി അനുഗ്രഹിച്ചെന്നും അവർ നൽകിയ പണം സ്വീകരിച്ചെന്നുമൊക്കെ ആരോപണമുണ്ട്. അറസ്റ്റിലാകുമ്പോൾ ബീവീ ഗർഭിണിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി കേസിൽ നിന്ന് ഒഴിവാക്കണമെന്ന് മദിരാശി ഗവർമെൻ്റ് നിർദ്ദേശിച്ചെങ്കിലും മലബാറിലെ ഉദ്യോഗസ്ഥർ വകവെച്ചില്ലെന്ന് ഷുമൈസ് വിവരിക്കുന്നുണ്ട്. ബീവിയെ ശിക്ഷിച്ച് ആന്ധ്രയിലെ നെല്ലൂർ ജയിലിലേക്ക് അയക്കുകയാണ് ചെയ്തത്.
മമ്പുറം കുഞ്ഞിക്കോയ തങ്ങളുടെ മകളായ ഫാത്തിമാ ബീവിയായിരുന്നു, ഫസൽ തങ്ങളെ നാടുകടത്തിയതിന് ശേഷം മമ്പുറം മഖാമിൻ്റെ രക്ഷാധികാരി എന്നും പുസ്തകത്തിലുണ്ട്. അറസ്റ്റ് ചെയ്തയുടൻ ബീവി അടക്കമുള്ളവരെ ഒരു പുകയില ഫാമിലാണ് തടവിലാക്കിയത്. ആ തടവിൽ കഴിയുമ്പോഴാണ് ബീവി പ്രസവിച്ചത്.
ഏഴുവർഷത്തേക്കായിരുന്നു ശിക്ഷ. ജില്ലയ്ക്ക് പുറത്തായിരിക്കണം എന്ന വ്യവസ്ഥയുമുണ്ടായിരുന്നു. അതായത് നാടുകടത്തണമെന്ന്. അതിനാലാണ് ആന്ധ്രയിലെ ജയിലിലാക്കിയത്.
ഏഴുവർഷത്തെ ശിക്ഷയ്ക്കുശേഷം മലബാറിൽ തിരികെ പ്രവേശിച്ച ബീവി പിന്നീട് എവിടെയാണ് താമസിച്ചതെന്ന് കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു - എന്ന് പറയുന്ന ഷുമൈസ് അന്വേഷിക്കുന്നുമുണ്ട്: "മമ്പുറത്തും തിരൂരങ്ങാടിയിലും നടത്തിയ അന്വേഷണത്തിൽ അവർ കോഴിക്കോട് ഭാഗത്താണ് ജീവിച്ചത് എന്നാണ് പലരും വ്യക്തമാക്കിയത്. നിലവിൽ ഫറോക്ക് പോലീസ് സ്റ്റേഷനു പിറകിലായി ബീവിഉമ്മാമ ജാറം എന്ന ഒരു മഖ്ബറയും പള്ളിയുമുണ്ട്. " - എന്ന് ഷുമൈസ് കണ്ടെത്തുന്നു.
ഏകദേശം 170 വർഷംമുമ്പ് മരണപ്പെട്ട ഒരു സ്ത്രീയുടേതാണ് ഇതെന്ന് പ്രാദേശിക ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഈ മഖാമിനെ പറ്റി ഷുമൈസിൻ്റെ നിഗമനങ്ങൾ ഇങ്ങനെയാണ്: "ഈ മഖാം ജയിൽ മോചിതയായ മമ്പുറം ബീവിയുടേതാണെന്ന് വിശ്വസിക്കുവാൻ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി അവർ മമ്പുറം തങ്ങളുടെ ബന്ധുവാണ്. രണ്ടാമതായി, അവരെ പോലീസ് നിരീക്ഷണത്തിൽ താമസിപ്പിച്ചതാവാം ഫറൂഖ് പോലീസ് സ്റ്റേഷന് തൊട്ടടുത്തുതന്നെ ഖബറടക്കാനുള്ള കാരണം. മരണം നടന്നത് 170 വർഷങ്ങൾക്ക് മുമ്പാണ് എന്നത് കൂടുതൽ തെളിവു നൽകുന്നു. മൂന്നാമത്തെ കാരണം, കനോലിവധവുമായി ബന്ധപ്പെട്ട് പുകയില ഫാമിൽ കഴിഞ്ഞിരുന്ന വേളയിൽ തടവുകാർക്ക് വസൂരി പിടിപെടുകയും നിരവധിയാളുകൾ മരണപ്പെടുകയും ചെയ്തിരുന്നു. ബീവി വസൂരിയെ അതിജീവിച്ച വ്യക്തി ആയതുകൊണ്ടാവാം നിരവധി പേർ അസുഖത്തിൻ്റെ ശമനത്തിനായി ബീവിയെ കണ്ടത് ". മഖാമിൽ വന്ന് കൊടിയെടുത്താൻ അസുഖം മാറുമെന്നൊരു വിശ്വാസം ജനങ്ങളിൽ പരക്കെ ഉണ്ടായിരുന്നുവെന്നും ബീവിയുടെ അൽഭുത പ്രവൃത്തികളെ പറ്റി പാട്ടുകൾ രചിക്കപ്പെട്ടിട്ടുണ്ടെന്നും വിശദീകരിക്കുന്നുണ്ട്.
പുസ്തകത്തെ പ്രസക്തമാക്കുന്ന രണ്ടാമത്തെ വിവരം ക്യാമ്പ്ജയിലുകളെ കുറിച്ചുള്ളതാണ്. തുറന്ന ജയിലുകൾ. മമ്പുറം ബീവിയേയും സഹതടവുകാരേയും പാർപ്പിച്ച പുകയില ഫാം പോലുള്ള തുറന്ന ജയിലുകൾ. ബെല്ലാരിയിൽ താനടക്കമുള്ളവരെ അടച്ചിരുന്ന ജയിൽ ചുമരോ മേൽക്കൂരയോ ഇല്ലാത്ത, കമ്പിവേലിക്കൂടുകൾ മാത്രമാണ് എന്ന് ഇ.മൊയ്തു മൗലവി ആത്മകഥയിൽ വിവരിക്കുന്നുണ്ട്. ബോവർ യുദ്ധകാലത്ത് ആഫ്രിക്കയിലും ക്യാമ്പ് ജയിലുകൾ എന്ന തുറസ്സായ ജയിലുകളാണ് ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നത്. ഇത്തരം ജയിലുകൾ, ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലും പ്രവർത്തിച്ചിരുന്നുവെന്നും ഷുമൈസ് വിവരിക്കുന്നു. മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ എന്നിവിടങ്ങളിലൊക്കെ ക്യാമ്പ്ജയിലുകൾ ഉണ്ടായിരുന്നു. വെറും കമ്പിവേലിക്കൂട്ടിൽ മഴയും വെയിലും കൊള്ളുംവിധത്തിൽ വെറുംമണ്ണിൽ രാവുംപകലും കഴിയുകയായിരുന്നു മനുഷ്യർ. അവർക്ക് നഗ്നത മറയ്ക്കുംവിധം വസ്ത്രം പോലും ഇല്ലായിരുന്നു.
മൂന്നാമത്തെ പ്രധാനവിവരം, കണ്ണൂർ ജയിലിലെ വെടിവെപ്പിനെക്കുറിച്ചാണ്. 1921 ഡിസംബർ നാലാം തിയ്യതി ഒരു സംഘം മാപ്പിളത്തടവുകാർ ജയിൽചാടാൻ ശ്രമിച്ചതാണ് കലാപത്തിലും വെടിവെപ്പിലും കലാശിച്ചത്. ഭക്ഷണത്തിനായി കൊണ്ടു പോകുമ്പോൾ ചിലർ ജയിലിലെ പണിയാലയിൽ നിന്ന് ആശാരിപ്പണിക്കുള്ള ആയുധങ്ങൾ കൈക്കലാക്കിയിരുന്നു. സെല്ലുകൾ തുറന്ന് മറ്റു തടവുകാരെയും രക്ഷപ്പെടുത്താൻ അവർ ശ്രമിച്ചു. ജയിലുദ്യോഗസ്ഥർ തോക്കും ലാത്തിയും ഉപയോഗിച്ച് തിരിച്ചടിച്ചതിൽ പത്തുതടവുകാർ കൊല്ലപ്പെട്ടു . അതിൻ്റെ ഇരട്ടിയാളുകൾക്ക് പരിക്കേറ്റു.
തലശ്ശേരിയിലെ ഫസ്റ്റ്ക്ലാസ് മജിസ്ടേറ്റ് കോടതിയിലാണ് തടവുകാർക്കെതിരായ കേസിൻ്റെ വിചാരണ നടന്നത്. 41 തടവുകാരായിരുന്നു പ്രതികൾ. തലശ്ശേരി ആർക്കേവ്സിലാണ് ഇതിൻ്റെ പ്രാഥമിക രേഖകൾ സൂക്ഷിച്ചിട്ടുള്ളത് എന്നതിനാൽ ഏറനാട്, വള്ളുവനാട് കേന്ദ്രീകരിച്ച് എഴുതപ്പെട്ട കലാപചരിത്രങ്ങളിൽ കണ്ണൂർ ജയിലിലെ വെടിവെപ്പ് കാര്യമായി വിവരിക്കപ്പെട്ടിട്ടില്ല. ദേശാഭിമാനി ദിനപ്പത്രത്തിലൂടെ ഇതിൻ്റെ രേഖകൾ പുറത്തുവന്നിരുന്നു. അടുത്ത കാലത്ത് സി.പി.എം നേതാവ് പി.ജയരാജൻ മുസ്ലിം രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലും ഈ വെടിവെപ്പിനെകുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഷുമൈസിൻ്റെ ഗവേഷണവിഷയംതന്നെ ജയിലനുഭവങ്ങൾ ആയതിനാൽ ഈ പുസ്തകത്തിൽ അത് കടന്നു വരുന്നു.
ഇത്തരത്തിൽ കലാപചരിത്ര വിവരണങ്ങളിൽ ഇതുവരെ വിശദമായി പറഞ്ഞിട്ടല്ലാത്ത വിവരങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. 384 പേജ് പുസ്തകത്തിന് 480 രൂപയാണ് വില.