Quantcast
MediaOne Logo

പി.ടി നാസര്‍

Published: 6 April 2022 10:13 AM GMT

മാർക്സിസവും മുസ്‌ലിംകളും റഷ്യയിൽ

1860 ൽ മധേഷ്യൻ പ്രദേശങ്ങൾ സാർ ചക്രവർത്തിമാരുടെ റഷ്യൻ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്തതോടെ മുസ്‌ലിംകൾ റഷ്യയിൽ അവഗണിക്കാനാവാത്ത വിഭാഗമായി മാറി. അക്കാലത്ത് മധ്യേഷ്യ പൊതുവേ തുർക്കിസ്ഥാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1897 ൽ നടന്ന ആദ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് 140 ലക്ഷം മുസ്‌ലിംകളുണ്ടായിരുന്നു. റഷ്യൻ സാമ്രാജ്യത്തിലെ ആകെ ജനസംഖ്യയുടെ പതിനൊന്ന് ശതമാനം. | ചുവപ്പിലെ പച്ച - ഭാഗം 3

മാർക്സിസവും മുസ്‌ലിംകളും റഷ്യയിൽ
X
Listen to this Article

1883 ലാണല്ലോ മാർക്സ് മരിച്ചത്. മാർച്ച് 14ന്. ആ വർഷംതന്നെയാണ് റഷ്യക്കാരുടെ ആദ്യത്തെ മാർക്സിസ്റ്റ് സംഘടന രൂപംകൊണ്ടത്. 'തൊഴിലാളികളുടെ വിമോചന പ്രസ്ഥാനം'. ജി.വി പ്ലഖനോവാണ് സ്ഥാപക നേതാവ്. ജോർജി വാലന്റനോവിച്ച് പ്ലഖനോവ്. പ്രസ്ഥാനം ജന്മം കൊണ്ടത് പക്ഷേ റഷ്യയിലായിരുന്നില്ല. ജനീവയിലാണ്. റഷ്യയിലെ ആദ്യത്തെ മാർക്സിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചിട്ടുള്ള പ്ലഖനോവും എറെക്കാലം പ്രവാസിയായിരുന്നു. മാർക്സിനേയും എംഗൽസിനേയും പോലെതന്നെ. കാരണവും ഒന്നുതന്നെ. രാഷ്ട്രീയം.

സാർ ചക്രവർത്തിമാരുടെ റഷ്യയിൽ താപോവ് പ്രവിശ്യയിൽ പ്രഭുകുടുംബത്തിൽ ജനിച്ചുവളർന്ന ആളാണ് പ്ലഖനോവ്. ജനനം 1856 നവംബർ 26ന്. പത്താം വയസിൽ സൈനിക വിദ്യാലയത്തിൽ ചേർത്തു. അഛന്റെ മരണശേഷം സൈനിക അക്കാദമിയിൽ നിന്ന് ചാടി. സെന്റ് പീറ്റേഴ്സ്ബർഗിലെ മറ്റൊരു വിദ്യാലയത്തിൽ ചേർന്നു. കാലം 1875 ആയിട്ടുണ്ട്. അവിടെ വെച്ച് വിപ്ലവ രാഷ്ട്രീയ ചിന്താഗതിയുള്ള ബുദ്ധിജീവികളുമായി പരിചയത്തിലായി. പതിയെ പാളം മാറി. അക്കാലത്തെ ജനകീയ പ്രസ്ഥാനങ്ങളുമായി അടുപ്പത്തിലായി. ഒരു സംഘടനയിൽ അംഗവുമായി. 'ഭൂമിയും സ്വാതന്ത്ര്യവും' എന്നായിരുന്നു അതിന്റെ പേര്. അങ്ങനെ പഠനം നിന്നു.

ലെനിൻ എന്നത് ലെനിന്റെ പേരല്ല. വ്ലാദിമിർ ഇലിയിച്ച് ഉല്യാനോവിന്റെ തൂലികാ നാമമാണ്. 1870 ഏപ്രിൽ പത്തിനാണ് വ്ലാദിമിർ ഇലിയിച്ചിന്റെ ജനനം. വോൾഗാ നദീ തീരത്തുള്ള സിംബിർക് പട്ടണത്തിൽ. പട്ടണത്തിന് പിൽക്കാലത്ത് ഉല്യാനോവിന്റെ പേര് കൊടുക്കുന്നുണ്ട്.

റഷ്യയിൽ ആദ്യമായി രാഷട്രീയ പ്രകടനം നടന്നപ്പോൾ നേതൃനിരയിൽ പ്ലഖനോവുണ്ട്. 1876 ഡിസംബർ 6 നാണ് ആ പ്രകടനം അരങ്ങേറിയത്. സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിൽ. അന്ന് കസാൻ കത്തീഡ്രലിനു മുന്നിൽ ചേർന്ന പൊതുയോഗത്തിൽ തീപ്പൊരി പ്രസംഗവും നടത്തി. സാർ ചക്രവർത്തിമാരുടെ ഏകാധിപത്യത്തെ തൂത്തെറിയണമെന്ന ആശയമായിരുന്നു പ്രസംഗത്തിന്റെ കാതൽ. തുടർന്നുള്ള രണ്ടുവർഷങ്ങളിലും ഓരോതവണ അറസ്റ്റിലായി. കുറ്റം, രാഷ്ട്രീയ പ്രവർത്തനം.

രഹസ്യപ്പൊലീസിന്റെ സ്ഥിരം നോട്ടപ്പുള്ളി ആയപ്പോൾ പടിഞ്ഞാറൻ യൂറോപ്പിലേക്ക് കടന്നു. അവിടെ വെച്ചാണ് മാർക്സിന്റേയും എംഗൽസിന്റേയും രചനകളുമായി അടുക്കുന്നത്. അതിനിടയിൽ റഷ്യൻ ബുദ്ധിജീവികൾക്കിടയിൽ 'നരോദ്നിയ പോളിയ' എന്ന പ്രസ്ഥാനം വേരോട്ടമുണ്ടാക്കി. ജനങ്ങളിലേക്ക് ഇറങ്ങുക എന്നാണ് വാക്കർഥം. ജനങ്ങളെ സംഘടിപ്പിച്ച് രാഷ്ട്രീയ മാറ്റത്തിന് ശ്രമിക്കുക എന്നതായിരുന്നു നരോദ്നിക്കുകളുടെ ആശയം. ജനങ്ങൾ എന്നാൽ അവർ കാര്യമായും കർഷകരെയാണ് കണക്കിലെടുത്തിരുന്നത്. പതിയെ നരോദ്നിക്കുകൾ തീവ്രസ്വഭാവമുള്ള വിപ്ലവാശയങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ചക്രവർത്തിയുടെ മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരേയും വധിച്ചുകൊണ്ട് പ്രവർത്തനം കടുപ്പിക്കണം എന്നായി. പ്ലഖനോവ് ആ ലൈനിനെ എതിർത്തു. രാഷ്ട്രീയ സമരരൂപങ്ങളിൽ ഉറച്ചു നിൽക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. നരോദ്നിക്കുകൾ പിളർന്നു.


1880 ഓടെ പ്ലഖനോവ് സ്വിറ്റ്സർലാന്റിലെ ജനീവയിലെത്തി. അടുത്ത മൂന്നുവർഷങ്ങളിൽ മാർക്സ് - എംഗൽസ് കൃതികളുടെ കൃത്യമായ പഠനമാണ്. ആ വർഷം ഒടുവിൽ കത്തുകളിലൂടെ എംഗൽസുമായി വ്യക്തിപരമായ അടുപ്പം സ്ഥാപിച്ചെടുക്കുന്നുണ്ട്. 1883 ലാണ് പാവേൽ ആക്സലോർഡ്, വാസ്ലി ഇഗ്നാറ്റോവ് തുടങ്ങിയ സുഹൃത്തുക്കളുമായി ചേർന്ന് 'തൊഴിലാളികളുടെ വിമോചന പ്രസ്ഥാനം' എന്ന സംഘടന രൂപീകരിക്കുന്നത്. അതാണ് റഷ്യക്കാർ രൂപീകരിച്ച ആദ്യത്തെ മാർക്സിസ്റ്റ് സംഘടന. 1883ൽ പ്ലഖനോവ് വിമോചന പ്രസ്ഥാനത്തിന്റെ പ്രകടനപത്രികയും എഴുതിയുണ്ടാക്കി. ഇതിനൊക്കെ പുറമെ പ്ലഖനോവും സുഹൃത്തുക്കളും മാർക്സിന്റേയും എംഗൽസിന്റേയും കൃതികൾ റഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നുണ്ട്. ഇതൊക്കെ അച്ചടിച്ച് റഷ്യയിലേക്ക് കടത്തി പ്രചരിപ്പിക്കുന്നുണ്ട്. ഇതേ കാലഘട്ടത്തിലാണ് ലെനിൻ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ റഷ്യൻ ഭാഷയിലേക്ക് തർജ്ജമ ചെയ്യുന്നതും. 1889ലാണത്.

ലെനിൻ എന്നത് ലെനിന്റെ പേരല്ല. വ്ലാദിമിർ ഇലിയിച്ച് ഉല്യാനോവിന്റെ തൂലികാ നാമമാണ്. 1870 ഏപ്രിൽ പത്തിനാണ് വ്ലാദിമിർ ഇലിയിച്ചിന്റെ ജനനം. വോൾഗാ നദീ തീരത്തുള്ള സിംബിർക് പട്ടണത്തിൽ. പട്ടണത്തിന് പിൽക്കാലത്ത് ഉല്യാനോവിന്റെ പേര് കൊടുക്കുന്നുണ്ട്. പ്ലഖനോവിനെപോലെ പ്രഭുകുടുംബത്തിലല്ല ലെനിൻ ജനിച്ചത്. കൊടിയ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. കുടുംബത്തിനുതന്നെ വിപ്ലവാനുഭവമുണ്ട്. ലെനിന്റെ ജ്യേഷ്ഠ സഹോദരനായ അലക്സാണ്ടറിനെ വധശിക്ഷക്ക് വിധിച്ച് തൂക്കിക്കൊന്നതാണ്. കേസ് ചെറുതല്ല. സാർ ചക്രവർത്തിയെ വധിക്കാൻ ശ്രമിച്ചതാണ്. അലക്സാണ്ടർ മൂന്നാമൻ ചക്രവർത്തിയെ വധിക്കാൻ ശ്രമിച്ച കേസിൽ 1887 മാർച്ച് മാസത്തിൽ അറസ്റ്റിലായി. മെയിൽ വധിക്കപ്പെട്ടു.

ജ്യേഷ്ഠൻ വധിക്കപ്പെട്ട വർഷം തന്നെയാണ് ലെനിൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വർണമെഡലോടെയാണ് സ്കൂളിൽ നിന്നിറങ്ങിയത്. തുടർന്ന് കസാൻ സർവ്വകലാശാലയിൽ നിയമപഠനത്തിന് ചേർന്നു. വിപ്ലവ ചിന്താഗതിക്കാരായ വിദ്യാർഥികളുടെ രഹസ്യയോഗത്തിൽ പങ്കെടുത്തതിന് അവിടെ നിന്ന് പുറത്താക്കി. ആവർഷംതന്നെ ആദ്യമായി അറസ്റ്റിലായി. അങ്ങനെ പതിനേഴാം വയസ്സിൽ അതായത് 1887ൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെട്ടു. സാർ ഭരണകൂടത്തിന്റെ ഒരു ശിക്ഷാരീതിയായിരുന്നു അത്. രാഷ്ട്രീയ കുറ്റവാളികളെ മഞ്ഞുറഞ്ഞ സൈബീരിയൻ ഗ്രാമങ്ങളിലേക്ക് നാടുകടത്തുക എന്നത്.

ഒരു വർഷത്തിന് ശേഷം തിരിച്ചെത്തി. കസാൻ സർവ്വകലാശാലയിൽ വീണ്ടും പ്രവേശനത്തിന് അപേക്ഷ കൊടുത്തു. തള്ളിപ്പോയി. രാഷ്ട്രീയമായി വിശ്വസിക്കാൻ കഴിയാത്തവരുടെ പട്ടികയിൽ പെടുത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക്. പതിയെ പഠനം നിയമത്തിൽ നിന്ന് മാർക്സിസത്തിലേക്ക് പാളം മാറി. മാർക്സിന്റേയും എംഗൽസിന്റേയും കൃതികൾ റഷ്യൻ ഭാഷയിലേക്കു് തർജമ ചെയ്ത് പ്ലഖനോവും കൂട്ടുകാരും റഷ്യയിലേക്ക് കടത്തുന്നുണ്ടല്ലോ. ലെനിനും കൂട്ടുകാരും അതിന്റെ പഠിതാക്കളായി. ഒടുവിൽ മാർക്സിസ്റ്റ് കൃതികൾ ആഴത്തിൽ പഠിക്കാൻ ലെനിൻ ജർമൻ ഭാഷ പഠിച്ചു. അക്കാലത്താണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ റഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്.

1860 ൽ മധേഷ്യൻ പ്രദേശങ്ങൾ സാർ ചക്രവർത്തിമാരുടെ റഷ്യൻ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്തതോടെ മുസ്‌ലിംകൾ റഷ്യയിൽ അവഗണിക്കാനാവാത്ത വിഭാഗമായി മാറി. അക്കാലത്ത് മധ്യേഷ്യ പൊതുവേ തുർക്കിസ്ഥാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1897 ൽ നടന്ന ആദ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് 140 ലക്ഷം മുസ്‌ലിംകളുണ്ടായിരുന്നു. റഷ്യൻ സാമ്രാജ്യത്തിലെ ആകെ ജനസംഖ്യയുടെ പതിനൊന്ന് ശതമാനം.

1889 മെയ് മാസത്തിൽ ലെനിനും കുടുംബവും സമാറ ജില്ലയിലേക്ക് താമസം മാറിയിരുന്നു. അവിടെ വെച്ച് അദ്ദേഹം നരോദ്നിക്കുകളുമായി അടുത്തു. സാർ ചക്രവർത്തിമാരുടെ മന്ത്രിമാരെ വധിച്ചുകൊണ്ട് തീവ്രവാദ രാഷ്ട്രീയത്തിലേക്ക് കടന്ന നരോദ്നിക്കുകൾ പിളർന്നു. ഒരു പക്ഷം സർക്കാറുമായി അനുരഞ്ജനത്തിന് ശ്രമിച്ചു. അത്രയൊക്കെയായപ്പോൾ ലെനിൻ നരോദ്നിക്കുകൾക്ക് എതിരായി. ഇതിനിടയിലും സ്വന്തംനിലക്ക് നിയമപഠനം പൂർത്തിയാക്കിയിരുന്നു.

1892 ൽ മാർക്സിസം പ്രചരിപ്പിക്കാനുള്ള ആദ്യത്തെ വേദി ലെനിൻ റഷ്യക്കകത്ത് സംഘടിപ്പിച്ചു. സമാറയിലാണ് അത് രൂപം കൊള്ളുന്നത്. എ.പി സ്ക്ലിയരേൻകോ, ഐ.കെ ലേയാന്ത്സ്, എം.എെ സെമാന്യോവ് തുടങ്ങിയ പത്തുപേരാണ് അതിലുണ്ടായിരുന്നത്. അക്കാലം 23 വയസാണ് ലെനിന്. തുടർന്ന് തൊട്ടടുത്ത പട്ടണങ്ങളിലും ഇത്തരം മാർക്സിയൻ പഠന ഗ്രൂപ്പുകൾ രൂപപ്പെടാൻ തുടങ്ങി. അതൊക്കെയുമായി ലെനിൻ ബന്ധം പുലർത്തിക്കൊണ്ടിരുന്നു. 1873ൽ ലെനിൻ സെന്റ് പീറ്റേഴ്സ്ബർഗ് നഗരത്തിലെത്തി. അവിടമാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ നെരിപ്പോട്. അക്കാലമായപ്പോഴേക്ക് റഷ്യയിലും വ്യവസായ കേന്ദ്രങ്ങൾ ഉണർന്നു തുടങ്ങിയിരുന്നു. നഗരങ്ങളിലെങ്കിലും ഫാക്ടറികളും മില്ലുകളും വന്നു. തൊഴിലാളിവർഗപാർട്ടി രൂപീകരിക്കാൻ സമയമായി എന്ന് സെന്റ് പീറ്റേഴ്സ് ബർഗിലെ മാർക്സിസ്റ്റുകാരോട് ലെനിൻ പറഞ്ഞുതുടങ്ങി.



1895 ഏപ്രിലിൽ, സെന്റ് പീറ്റേഴ്സ്ബർഗിലെ മാർക്സിസ്റ്റുകാരുടെ നിർദേശം അനുസരിച്ച് ലെനിൻ പടിഞ്ഞാറൻ യൂറോപ്പിലേക്ക് പോയി. അവിടങ്ങളിൽ പ്രവർത്തിക്കുന്ന തൊഴിലാളി പ്രസ്ഥാനത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടിയാണത്. സ്വിറ്റ്സർലാന്റിൽ പ്ലഖ്നോവിനെ കണ്ടു. റഷ്യക്കാരായ വേറെയും ചില മാർക്സിസ്റ്റ് അനുഭാവികൾ പ്ലഖ്നോവിന്റെ കൂടെയുണ്ടായിരുന്നു. 'റൊബോത്നിക് ' അഥവാ തൊഴിലാളി എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ അവർ ധാരണയുണ്ടാക്കി.

സ്വിറ്റ്സർലാന്റിൽ നിന്ന് ലെനിൻ പാരീസിലേക്കും ബർലിനിലേക്കും പോയി. ജർമനിയിലെ തൊഴിലാളികളുടെ യോഗങ്ങളിൽ പ്രസംഗിച്ചു. പാരീസിൽ വെച്ച് മാർക്സിന്റെ മകളുടെ ഭർത്താവും വിപ്ലവ തൊഴിലാളി പ്രസ്ഥാനത്തിലെ നേതാവുമായ പോൾ ഫെഫാർഗുമായി പരിചയപ്പെട്ടു. എംഗൽസിനെ കാണാൻ ശ്രമിച്ചു, പക്ഷേ അദ്ദേഹം ഗുരുതരമായ രോഗാവസ്ഥയിൽ കിടപ്പിലായിരുന്നു. അതിനാൽ ലെനിന് കാണാൻ കഴിഞ്ഞില്ല. വിദേശയാത്ര കഴിഞ്ഞ് മോസ്ക്കോ വഴിയാണ് ലെനിൻ സെന്റ് പീറ്റേഴ്സ് ബർഗിലേക്ക് കടന്നത്. ഇരട്ട അറകളുള്ള ഒരു പെട്ടിയിൽ ഒളിപ്പിച്ച് നിരവധി മാർക്സിസ്റ്റ് സാഹിത്യം കടത്തികൊണ്ടു വന്നിരുന്നു.

1895 സെപ്തംബറിൽ സെന്റ് പീറ്റേഴ്സ് ബർഗിൽ ഒരു മാർക്സിസ്റ്റ് രാഷ്ട്രീയ സംഘടനക്ക് രൂപം നൽകി. തൊഴിലാളിവർഗ്ഗ വിമോചന സമര ലീഗ് എന്നാണ് പേരിട്ടത്. ലെനിന്റെ നേതൃത്വത്തിലുള്ള സെന്ററൽ കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. എ.എ വനയേവ്, വി.വി. സ്തർകോവ്, ജി.എം കർഷഷനോവ്സ്കെയ് തുടങ്ങി എട്ടുപേരാണ് ആ സെന്ററൽ കമ്മിറ്റിയിൽ ഉണ്ടായിരുന്നത്.

റഷ്യയിൽ ആദ്യത്തെ മാർക്സിസ്റ്റ് തൊഴിലാളി പ്രസ്ഥാനം മുളപൊട്ടുകയായിരുന്നു അതിലൂടെ. 1896ൽ സെന്റ് പീറ്റേഴ്സ് ബർഗിൽ അതിഗംഭീരമായ പണിമുടക്ക് നയിച്ചത് സമരലീഗാണ്. മോസ്കോ അടക്കം പല നഗരങ്ങളിലും സമര ലീഗിന് ശാഖകളുണ്ടായി. മറ്റു ചിലയിടങ്ങളിൽ സമാന സ്വഭാവമുള്ള സംഘടനകൾ ഉണ്ടായി. ആ വർഷം ഡിസംബർ മാസത്തിൽ ലെനിൻ അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. 1897 ഫെബ്രുവരിയിൽ ലെനിനെ വീണ്ടും സൈബീരിയയിലേക്ക് അയച്ചു. ഇത്തവണ മൂന്നു വർഷത്തേക്കായിരുന്നു നാടുകടത്തൽ.

1890 മെയ് മാസത്തിൽ ലെനിൻ സെന്റ് പീറ്റേഴ്സ് ബർഗിൽ തിരിച്ചെത്തി. പിന്നീടങ്ങോട്ട് ആ വർഷം മുഴുവൻ ചെലവഴിച്ചത് വിപ്ലവപാർട്ടിക്കായി ഒരു പത്രം സ്ഥാപിക്കാനാണ്. 1990 ഡിസംബറിൽ അത് പുറത്തിറങ്ങി. പേര്, ഇസ്ക്ര. തീപ്പൊരി എന്നാണ് ഈ റഷ്യൻ വാക്കിന് അർഥം. ജർമനിയിലെ മ്യൂണിക്ക് നഗരത്തിൽ അച്ചടിച്ച് റഷ്യയിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു. "തീപ്പൊരിയിൽ നിന്ന് തീജ്വാല ഉയരും" - എന്ന് ഓരോ പേജിലും അച്ചടിച്ചിരുന്നു. വ്ളാദിമിർ ഇലിയിച്ച് ലെനിൻ എന്ന തൂലികാനാമം സ്വീകരിച്ചത് ഇസ്ക്രയിൽ എഴുതാനാണ്. പ്ലഖനോവ് വോൾഗിൻ എന്ന പേരിലും എഴുതി.

ഇതിന്റെയെല്ലാം ഫലമായി ഒരു തൊഴിലാളിവർഗ രാഷ്ട്രീയ പാർട്ടി രൂപം കൊള്ളുക തന്നെചെയ്തു. സോഷ്യൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് റഷ്യ. മിൻസ് നഗരത്തിലായിരുന്നു സ്ഥാപകയോഗം. സെന്റ് പീറ്റേഴ്സ് ബർഗിലെ സമര ലീഗ്, കീവിലെ ജൂതത്തൊഴിലാളി സഖ്യം, മോസ്കോവിലെ തൊഴിലാളി സംഘടന തുടങ്ങി നിരവധി ചെറിയ ചെറിയ സംഘടനകളുടെ പ്രതിനിധികൾ യോഗം ചേർന്നാണ് പാർട്ടിക്ക് രൂപം കൊടുത്തത്. ആ യോഗം നടക്കുമ്പോൾ ലെനിൻ സൈബീരിയൽ ശിക്ഷയിലായിരുന്നു. അടയാളങ്ങളില്ലാത്ത ചെങ്കൊടി പതാകയായി സ്വീകരിച്ചു. അങ്ങനെ 1890 കളുടെ അവസാനത്തോടെ മാർക്സിസം റഷ്യയിലെത്തി.

അതിനു മുമ്പുതന്നെ മുസ്‌ലിംകൾ റഷ്യയിലുണ്ട്. 1860 ൽ മധേഷ്യൻ പ്രദേശങ്ങൾ സാർ ചക്രവർത്തിമാരുടെ റഷ്യൻ സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്തതോടെ മുസ്‌ലിംകൾ റഷ്യയിൽ അവഗണിക്കാനാവാത്ത വിഭാഗമായി മാറി. അക്കാലത്ത് മധ്യേഷ്യ പൊതുവേ തുർക്കിസ്ഥാൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 1897 ൽ നടന്ന ആദ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് 140 ലക്ഷം മുസ്‌ലിംകളുണ്ടായിരുന്നു. റഷ്യൻ സാമ്രാജ്യത്തിലെ ആകെ ജനസംഖ്യയുടെ പതിനൊന്ന് ശതമാനം.

ഇസ്‌ലാമിന്റെ ആവിർഭാവത്തിന് തൊട്ടുപിന്നാലെ മധ്യേഷ്യയിൽ അതൊരു ജീവിതരീതിയായി മാറിയിട്ടുണ്ട്. ഇസ്‌ലാമിന്റെ സാംസ്കാരിക കേന്ദ്രങ്ങൾ എന്നു പറയാവുന്ന തരത്തിലുള്ള നഗരങ്ങളാണ് ബുഖാറയും സമർഖന്ദും മറ്റും. അവയുൾക്കൊള്ളുന്ന ഖസാക്കിസ്ഥാൻ, തുർക്കിസ്ഥാൻ, തുടങ്ങിയ പ്രദേശങ്ങൾ ചേർന്നതാണ് മധ്യേഷ്യ. ഇമാം ബുഖാരിയെ പോലുള്ള മഹാപണ്ഡിതരുടെ നാട്.



ആ പ്രദേശം സർ ചക്രവർത്തിമാരെ ആകർഷിച്ചതിന് കാരണം വിഭവങ്ങളാണ്. പ്രകൃതി വിഭവങ്ങൾ. പ്രത്യേകിച്ച് പരുത്തി. റഷ്യയിൽ വികസിച്ചു വരുന്ന തുണിവ്യവസായത്തിന് പരുത്തി അത്യാവശ്യമാണ്. അതുകൂടി കണ്ടുകൊണ്ടാണ് അധിനിവേശം. അതിനു മുമ്പുതന്നെ കൊക്കേഷ്യൻ പ്രദേശത്തും ചെച്നിയയിലും റഷ്യൻ സാമ്രാജ്യം കടന്നു ചെന്നിരുന്നു. അവിടങ്ങളിൽ കടുത്ത ചെറുത്തുനിൽപ്പുണ്ടായി. തുർക്കിസ്ഥാനിൽ അത്രത്തോളം സൈനികശേഷി മുസ്‌ലിംകൾക്ക് ഉണ്ടായിരുന്നില്ല.

കൂട്ടിച്ചേർത്തതിന് ശേഷം മുസ്‌ലിം പ്രദേശങ്ങളോട് സാർ ചക്രവർത്തിമാരുടെ സമീപനം മാറിയും മറിഞ്ഞും വന്നു. മഹാനായ പീറ്റർ ഭരിച്ച കാലത്ത് മുസ്‌ലിംകളിലെ കുലീനർക്ക് വലിയ കുഴപ്പമുണ്ടായിരുന്നില്ല. പ്രഭുക്കളും സമ്പന്നരുമായ അവർക്ക് സമൂഹത്തിന്റെ മുകൾതട്ടിലേക്ക് പ്രവേശനം കിട്ടി. അതേസമയം സാധാരണക്കാരായ മുസ്‌ലിംകൾ ക്രമേണ റഷ്യൻവൽക്കരണത്തിനും ക്രിസ്ത്യൻവൽക്കരണത്തിനും ഇരയായി. ഏകത്രീന രാജ്ഞി വന്നപ്പോൾ അതിനൊക്കെ രൂക്ഷത കുറഞ്ഞു. അൽപം ആശ്വാസം കിട്ടി. 1881 ൽ അലക്സാണ്ടർ മൂന്നാമൻ ഭരണത്തിൽ വന്നപ്പോൾ പീഡനപർവം തുടങ്ങി. മതംനോക്കി വിവേചനമായി. മുസ്‌ലിംകളെ പൊതുസൂഹത്തിൽ നിന്ന് മാറ്റിനിർത്തി. ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശങ്ങളിൽ ആളുകളെ കൊണ്ടുപോയി മധ്യേഷ്യയിൽ കുടിയിരുത്തി. അവർക്ക് എല്ലാ സഹായങ്ങളും നൽകി. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർ കൈക്കൊണ്ട അപ്പാർത്തീഡ് നയമാണ് മധ്യേഷ്യയിൽ മുസ്‌ലിംകളോട് സാർ ഭരണകൂടം കൈക്കൊണ്ടത്.

അതിന്റെ പ്രത്യാഘാതം 1880 കളുടെ തുടക്കത്തിൽ തന്നെ കണ്ടുതുടങ്ങി. ചിന്താ പ്രസ്ഥാനങ്ങൾ രൂപം കൊണ്ടു. 1881 ൽ റഷ്യയിലെ ആദ്യത്തെ മുസ്‌ലിംപത്രം പുറത്തുവന്നു. 'കാസ്പീജ്'. അസർബൈജാനി രാഷ്ട്രീയക്കാരനായ അലി മർദാൻ തൊപ്പിച്ചിബഷേവാണ് പത്രം സ്ഥാപിച്ചത്. റഷ്യൻ ഭാഷയിലെ വായനക്കാർക്ക് വേണ്ടി മുസ്‌ലിം പത്രപ്രവർത്തകരാണ് കാസ്പീജ് തയ്യാറാക്കി ഇറക്കിയിരുന്നത്. പിന്നാലെ നിരവധി പത്രങ്ങളും ആനുകാലികങ്ങളും വന്നു. ഇസ്ക്ര അടക്കം എല്ലാം കാസ്പീജിന് ശേഷമാണ് വന്നത്.

അതോടെ റഷ്യയിലെ മുസ്‌ലിംകളും ഉണർന്നു. ചിന്തകൾ വിരിഞ്ഞു. പ്രസ്ഥാനങ്ങൾ വളർന്നു. അവർ രാഷ്ട്രീയരംഗം കലങ്ങിമറിയുന്നത് കൗതുകത്തോടെ നോക്കി നിന്നു.

അതിലേക്ക് അടുത്ത ലക്കത്തിൽ...


അവലംബം:

1.ലെനിൻ ജീവചരിത്രം

(സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മാർക്സിസം- ലെനിനിസം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയത് )

പ്രോഗ്രസ് പബ്ലിക്കേഷൻ- കോഴിക്കോട്.

2. റഷ്യൻ - ടർക്കിക് ഹിസ്റ്ററി

അലക്സാണ്ടർ ബെന്നിസൺ,

ചിക്കാഗോ യൂണിവാഴ്സിറ്റി.

tandfonline.com

3. Muslims in Russia

1881- 1918

www. idc- digilib.nl

..................................

TAGS :